ഹൈവേ പ്രഖ്യാപനം നീളുന്നു; 2 ബൈപാസ് പദ്ധതികളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിൽ
Mail This Article
നെന്മാറ ∙ വടക്കഞ്ചേരി-ഗോവിന്ദാപുരം പാതയെ ഹൈവേ ആക്കി ഉയർത്തുമെന്ന പ്രഖ്യാപനം നീളുന്നതിനാൽ ഇതേ റോഡിലെ 2 ബൈപാസ് പദ്ധതികളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മോർത്തിന്റെ (മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ) നേതൃത്വത്തിൽ ഭാരത്‌മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്നു ദേശീയപാത പദ്ധതി പ്രഖ്യാപിച്ചെങ്കിലും റോഡിനെ സംബന്ധിച്ച തുടർനടപടികളിൽ പുരോഗതിയൊന്നുമുണ്ടായില്ല. ഇതോടെ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ച നെന്മാറ, കൊല്ലങ്കോട് ബൈപാസ് പദ്ധതികളുടെ തുടർനടപടികൾ പൊതുമരാമത്ത് വകുപ്പ് നിർത്തിവയ്ക്കുകയായിരുന്നു. 13 കോടി രൂപയുടെ കൊല്ലങ്കോട് ബൈപാസിന് 2009ലും, 32.48 കോടി രൂപയുടെ നെന്മാറ ബൈപാസിന് 2016ലുമാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. കൊല്ലങ്കോട് ബൈപാസിനു സ്ഥലം ഏറ്റെടുക്കൽ നടപടിയിലേക്കുവരെ കടന്നിരുന്നു.
ദേശീയപാത പ്രഖ്യാപനം വരുന്ന സ്ഥിതിക്ക് കേന്ദ്ര നിലപാട് അനുസരിച്ചു മാത്രമേ ബൈപാസ് വിഷയം പരിഗണിക്കുകയുള്ളൂവെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.ദേശീയപാത വിഭാഗത്തിലെ ജില്ലാ, സംസ്ഥാന ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, സർവേ നടത്തിയിരുന്ന എറണാകുളത്തെ കിറ്റ്‌കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ ഓർഗനൈസേഷൻ ലിമിറ്റഡ്) ഉദ്യോഗസ്ഥർ തുടങ്ങിയവർ കഴിഞ്ഞ വർഷം പദ്ധതി സംബന്ധിച്ചു പുനരാലോചന നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. വടക്കഞ്ചേരി-ഗോവിന്ദാപുരം ഉൾപ്പെടെ ഹൈവേ ആക്കി ഉയർത്താൻ തത്വത്തിൽ അംഗീകാരം ലഭിച്ച 4 പാതകൾ സംബന്ധിച്ചായിരുന്നു ചർച്ച നടത്തിയിരുന്നത്. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം കിറ്റ്കോ നടത്തിയ സർവേ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പാതയുടെ അലൈൻമെന്റ് നിശ്ചയിച്ചിട്ടില്ല.
നെന്മാറ, കൊല്ലങ്കോട് ബൈപാസുകൾ പരിഗണിച്ചുള്ള സർവേ റിപ്പോർട്ടാകും ഉചിതമെന്ന പരാമർശം ചർച്ചയിൽ ഉയർന്നുവന്നെങ്കിലും അന്തിമ തീരുമാനമായില്ല. അതേസമയം സംസ്ഥാനത്തെ 13 ജില്ലകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ ഈ പാത വഴിയും കടന്നു പോകുന്നുണ്ട്. ഇതിന് 12 മീറ്റർ വീതിയാണ് ആവശ്യം. ഇതിൽ 9മീറ്റർ ടാർചെയ്യുന്ന ഭാഗവും ഇരുവശത്തുമായി ഒന്നര മീറ്റർ വീതിയും വേണം. ഇതിന്റെ ഡിപിആർ സമർപ്പിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന നടന്നു വരികയാണ്. പദ്ധതി പ്രകാരം മലയോര ഹൈവേ കൂട്ടുപാത നിന്നും കൊഴിഞ്ഞാംപാറ വഴി പാലക്കാട്-പൊള്ളാച്ചി റോഡിലൂടെ ഗോപാലപുരമെത്തും. തുടർന്ന് മീനാക്ഷിപുരം നിന്നു ചിറ്റൂർ റോഡ്-കന്നിമാരിമേട് നിന്നും മീങ്കര ഡാമിനു മുന്നിലൂടെ മംഗലം-ഗോവിന്ദാപുരം പാതയിൽ ചേരും.