ശുദ്ധജലം മുടങ്ങിയിട്ട് ഒരാഴ്ചയിലേറെ; പ്രതിഷേധവുമായി നാട്ടുകാർ ജല അതോറിറ്റി ഓഫിസിൽ
Mail This Article
കൊഴിഞ്ഞാമ്പാറ ∙ പ്രദേശത്ത് ശുദ്ധജല വിതരണം നിലച്ചിട്ട് ഒരാഴ്ചയിലേറെയായിട്ടും പരിഹാരം കാണുന്നില്ലെന്നാരോപിച്ച് നാട്ടുകാർ കൊഴിഞ്ഞാമ്പാറ ജല അതോറിറ്റി ഓഫിസിൽ പ്രതിഷേധവുമായെത്തി. നാട്ടുകൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും നൂറോളം കുടുംബങ്ങളിലുമാണ് ശുദ്ധജലം മുടങ്ങിയത്. പൈപ്പ് പൊട്ടിയത് മാറ്റാൻ അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ശുദ്ധജലവിതരണം മുടങ്ങിയതോടെ നാട്ടുകല്ലിലെ വ്യാപാര സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളും അവതാളത്തിലായി. മുൻപ് ചെയ്ത പ്രവൃത്തികളുടെ കൂലി കിട്ടാതെ ഇനിയുള്ള പ്രവൃത്തികൾ ചെയ്യില്ലെന്നാണ് കരാറുകാരുടെ നിലപാട്. എന്നാൽ വകുപ്പുകൾ യഥാസമയം പണം നൽകാത്തതിനു നാട്ടുകാർ ദുരിതമനുഭവിക്കേണ്ട അവസ്ഥയാണ്. കെഎസ്ഇബിയുടെയും സ്വകാര്യ കമ്പനികളുടെയും മണ്ണിനടിയിലൂടെ കേബിൾ സ്ഥാപിക്കുന്ന പണികൾ നടക്കുന്നതിനാലാണ് ശുദ്ധജല വിതരണ പൈപ്പ് തുടർച്ചയായി പൊട്ടുന്നത്.
പ്രശ്നം പരിഹരിച്ച് ഇന്ന് ഉച്ചയ്ക്കു മുൻപ് ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറും ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നു നാട്ടുകാർ പറഞ്ഞു. പലപ്പോഴും ജലവിതരണം ഇല്ലാത്ത സമയത്താണ് ഇവരുടെ പണി നടക്കുന്നത്. അതുകഴിഞ്ഞ് ജലവിതരണം നടത്തുമ്പോഴാണ് പൈപ്പിൽ പൊട്ടലുള്ള കാര്യം അറിയുന്നത്. ഇതു ജല അതോറിറ്റിക്കും തീരാതലവേദനയായി മാറിയിട്ടുണ്ട്. പൊട്ടലുകൾ പരമാവധി പരിഹരിച്ചിട്ടുണ്ടെന്നും ഇന്നു ജലവിതരണം ആരംഭിച്ചാൽ മാത്രമേ മറ്റെവിടെയെങ്കിലും പൊട്ടലുണ്ടോ എന്ന കാര്യം അറിയാനാകൂ എന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു.