ജില്ലാ വനിതാ–ശിശു ആശുപത്രിക്കു മുന്നിൽ മലിനജലം
Mail This Article
പാലക്കാട് ∙ ചികിത്സ തേടി ജില്ലാ വനിതാ–ശിശു ആശുപത്രിയിൽ എത്തുന്നവർ മലിനജലം ചവിട്ടി വേണം ആശുപത്രിയിൽ പ്രവേശിക്കാൻ. നടപ്പാതയിലെ സ്ലാബുകൾ തകർന്നതോടെ മലിനജലം റോഡിലേക്ക് ഒഴുകിയെത്തിയതാണു കാരണം. ജില്ലാ ആശുപത്രിയിലെ ജനറൽ വാർഡിൽ നിന്നുമുള്ള മലിനജലമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. മാസങ്ങളായി ഇതാണു സ്ഥിതി. ശുചിത്വത്തിനു പ്രാധാന്യം നൽകേണ്ട വനിതാ ശിശു ആശുപത്രിക്കു മുൻപിലാണ് ഈ സ്ഥിതി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഒട്ടേറെ പേരാണു ചികിത്സ തേടി ദിവസവും ഇവിടെ എത്തുന്നത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. പകർച്ച വ്യാധികൾ പിടിപെടുമോ എന്ന ആശങ്കയിലാണ് ആളുകൾ.
തകർന്ന നടപ്പാതയിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടു കാരണം വസ്ത്രങ്ങൾ പൊക്കിപ്പിടിച്ചു സാഹസികമായാണു ചികിത്സയ്ക്കെത്തുന്നവർ ഇതുവഴി നടക്കുന്നത്. ദുർഗന്ധവുമുണ്ട്. മാസങ്ങൾക്ക് മുൻപു സ്ലാബ് പണി നടത്തിയിരുന്നെങ്കിലും പുതിയ കെട്ടിടനിർമാണത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വീണ്ടും തകർന്നു. റോഡും തകർന്ന അവസ്ഥയിലാണ്. റോഡിലെ കുഴികളിൽ മലിനജലം ഒഴുകിവന്നു കെട്ടിനിൽക്കുകയാണ്. റോഡും സ്ലാബും നവീകരിച്ച് യാത്രായോഗ്യമാക്കമെന്നാണ് ആവശ്യം. കെട്ടിടനിർമാണം പൂർത്തിയാകുന്ന പക്ഷം സ്ലാബ് നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.