കണച്ചിപ്പരുത–പാലക്കുഴി റോഡിൽ കാട്ടാന
Mail This Article
വടക്കഞ്ചേരി∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ കണച്ചിപ്പരുത–പാലക്കുഴി റോഡിൽ കാട്ടാനയിറങ്ങി. വനം വകുപ്പ് സ്ഥാപിച്ച സോളർ ഫെൻസിങും സ്വകാര്യ വ്യക്തിയുടെ ഫെൻസിങ്ങും തകർത്താണ് കാട്ടാന പൊതുമാരാമത്ത് റോഡ് മുറിച്ച് കടന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിലയുറപ്പിച്ചത്. ഒളകര ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെത്തി കാട്ടാനയെ പടക്കം പൊട്ടിച്ച് കാടുകയറ്റി. മാസങ്ങൾക്ക് മുൻപ് പനംകുറ്റി, താമരപ്പിള്ളി, കരടിയിള ഭാഗങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകനാശം വരുത്തിയിരുന്നു. റോഡിൽ കൂടി കാട്ടാന ഇറങ്ങുന്നത് ജനങ്ങളിലും ഭീതിപരത്തുകയാണ്. വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം തടയുന്നതിന് സമയബന്ധിതമായി കാടുവെട്ടിത്തെളിച്ച് സോളർ ഫെൻസിങ് അറ്റകുറ്റ പണി നടത്തി കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാൽക്കുളമ്പിൽ നിന്നു പന്തലാംപാടത്തേക്കുള്ള മലയോര ഹൈവേയിൽ പനംകുറ്റി കഴിഞ്ഞാൽ താമരപ്പള്ളി ഭാഗത്ത് റോഡ് പരിസരം മുഴുവൻ കാടുപിടിച്ച് അടഞ്ഞു കിടക്കുകയാണ്. റോഡിന് ഇരുവശത്തും പൊന്തക്കാട് മൂലം പകൽ പോലും ഈ വഴിയിലൂടെയുള്ള യാത്ര ദുഷ്കരമാണെന്നു നാട്ടുകാർ പറഞ്ഞു. വന്യമൃഗ ശല്യം തടയുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി ജാഗ്രതാ സമിതികൾ ഉണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്. സമയബന്ധിതമായി ഫെൻസിങ്ങിന്റെ പരിസരപ്രദേശങ്ങളിൽ കാടു വളരുന്നത് നീക്കം ചെയ്യാനും, സോളർ ഫെൻസിങ് പ്രവർത്തന സജ്ജമാക്കാനും വഴിയിൽ വെളിച്ചം ഉറപ്പുവരുത്താനും ബന്ധപ്പെട്ടവർ തയാറാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.