അധ്യാപികയുടെ വീട്ടിൽ നിന്നു സ്വർണക്കവർച്ച; മലയാളികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
Mail This Article
കോയമ്പത്തൂർ ∙ പട്ടാപ്പകൽ അധ്യാപികയുടെ വീട്ടിൽ നിന്ന് 58 പവൻ ആഭരണങ്ങളും പണവും കവർന്ന സംഘം പിടിയിൽ. വടവള്ളി വേമ്പൂ അവന്യൂവിൽ എം.മോഹനകൃഷ്ണൻ (27), കൊല്ലം കടയ്ക്കൽ വി.പ്രവീൺ (42), മലപ്പുറം ചെമ്മാട് കലത്തിൽ എം.സൈഫുദ്ദീൻ (42), വടവള്ളി സ്വദേശികളായ ദിനേഷ് (31), ദേവിക (40) എന്നിവരെയാണ് സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഡിസംബർ 20ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വടവള്ളി പെരിയാർ നഗറിൽ കോർപറേഷൻ സ്കൂൾ അധ്യാപിക കലൈവാണിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേർ മുൻവശത്തെ കതകു കുത്തിപ്പൊളിച്ച് ആഭരണങ്ങളും പണവും കവർന്നത്. ഭർത്താവ് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രമേഷും പുറത്തു പോയിരുന്നു.
കേരളം, കർണാടക, കന്യാകുമാരി എന്നിവിടങ്ങളിലെ 16 കവർച്ചക്കേസുകളിൽ പ്രതിയായ പ്രവീണുമൊത്താണു മോഹനകൃഷ്ണൻ കവർച്ച നടത്തിയത്. മറ്റുള്ളവർ കവർച്ചയ്ക്കും ആഭരണങ്ങൾ വിൽക്കാനും സഹായിച്ചവരാണ്. വീട്ടിൽ പണവും ആഭരണങ്ങളും ഉള്ള കാര്യം ജോലിക്കാരിയായ ദേവികയാണു മോഹനകൃഷ്ണനെ അറിയിച്ചത്. പ്രതികളിൽ നിന്ന് 40 പവൻ ആഭരണങ്ങൾ മാത്രമാണു കണ്ടെടുക്കാൻ സാധിച്ചതെന്നു പൊലീസ് പറഞ്ഞു. മുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് 10 ദിവസത്തിനു ശേഷം പ്രതികളെ കോയമ്പത്തൂരിൽ നിന്നു തന്നെ കണ്ടെത്തിയത്.