ക്യാംപസിനുള്ളിൽ ബാൻഡ് മേളം വിലക്കി; മണ്ണാർക്കാട് എംഇഎസ് കോളജിൽ പൊലീസ് – വിദ്യാർഥി സംഘർഷം
Mail This Article
മണ്ണാർക്കാട്∙ ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോളജിനുള്ളിൽ ബാൻഡ് ഉപയോഗിക്കുന്നതിനെച്ചൊല്ലി സംഘർഷാവസ്ഥ. പൊലീസും വിദ്യാർഥികളും തമ്മിൽ ബലപ്രയോഗം നടന്നു. ക്യാംപസിനകത്തു ബാൻഡ് ഉപയോഗിക്കുന്നതു പൊലീസ് ബലമായി തടഞ്ഞു. പുതുവത്സര ദിനമായ ഇന്നലെയാണു സംഭവം. കോളജ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. ഇതിനായി പുറത്തുനിന്നുള്ള ബാൻഡ് സംഘത്തെ കോളജിൽ എത്തിച്ചതു പ്രിൻസിപ്പൽ തടഞ്ഞു. ഇതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തു.
കോളജിനകത്ത് പുറത്തുനിന്നുള്ള സംഘം ബാൻഡ് ഉപയോഗിക്കരുതെന്നു തീരുമാനമുണ്ടെന്നു പ്രിൻസിപ്പൽ രാജേഷ് അറിയിച്ചു. ഇതു വകവയ്ക്കാതെ കോളജിലെ സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ബാൻഡ് സംഘത്തെ വിദ്യാർഥികൾ ക്യാംപസിനകത്തു പ്രവേശിപ്പിച്ചു. ഇതോടെ പൊലീസെത്തി. പുറത്ത് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ വഴങ്ങിയില്ല. പിന്നീട് പൊലീസും വിദ്യാർഥികളും തമ്മിൽ വാക്കുതർക്കമായി. ബാൻഡ് സംഘത്തിനു വിദ്യാർഥികൾ വലയം തീർത്തു. വാക്കുതർക്കം ഉന്തിലും തള്ളിലേക്കും നീങ്ങിയതോടെ പൊലീസ് വിദ്യാർഥികളെ ബലം പ്രയോഗിച്ചു നീക്കാനുള്ള നടപടി തുടങ്ങി. ഇതിനിടെ കോളജ് ഗേറ്റ് വിദ്യാർഥികൾ പൂട്ടി. ഏറെ നേരത്തെ ബലപ്രയോഗത്തിലൂടെ വിദ്യാർഥികളെ പൊലീസ് ഗേറ്റിനു പുറത്തെത്തിച്ചു. തുടർന്ന് കോളജിനു പുറത്താണ് ബാൻഡ് ഉപയോഗിച്ചത്.