കോട്ടയം–നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് വഴിതെളിച്ചു; കൂടുതൽ മെമു സർവീസ് ഉടൻ
Mail This Article
ഷൊർണൂർ∙ ഡീസൽ എൻജിനുകൾ ചൂളം വിളിച്ച് ഓടിയ നിലമ്പൂരിലെ വഴികളിലൂടെ ഇനി ഇലക്ട്രിക് ട്രെയിനുകൾ വേഗത്തിൽ സർവീസ് നടത്തും. ഒട്ടേറെ യാത്രക്കാരുമായി ഇന്നലെ രാവിലെ 10.10ന് കോട്ടയം–നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസാണ് വൈദ്യുതീകരിച്ച വഴിയിലൂടെ ആദ്യം യാത്രയാരംഭിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷനിൽ വൈദ്യുതീകരണം നടത്തുന്ന അവസാനത്തെ പാത കൂടിയാണ് ഇത്. വലിയ 2 ട്രാൻസ്ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്വിച്ചിങ് സ്റ്റേഷൻ ഓഫിസ് എന്നിവയാണ് മേലാറ്റൂരിലുള്ളത്.
വാണിയമ്പലം, അങ്ങാടിപ്പുറം, വാടാനാംകുറുശ്ശി എന്നിവിടങ്ങളിലാണ് മറ്റു വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്. നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്കു ട്രെയിൻ ഓടിയെത്താനുള്ള സമയം. ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങിയതോടെ സമയം ഒരു മണിക്കൂർ 10 മിനിറ്റായായി ചുരുങ്ങുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. 30 ശതമാനത്തോളം ചെലവും കുറയും. റെയിൽപാത വൈദ്യുതീകരണത്തിന്റെ നിർമാണച്ചുമതല എൽ ആൻഡ് ടി കമ്പനിയാണ് ഏറ്റെടുത്തിരുന്നത്. 2023 ജനുവരിയിലാണ് വാടാനാംകുറിശ്ശി സ്റ്റേഷനിൽ ആദ്യ തൂൺ സ്ഥാപിച്ച് വൈദ്യുതീകരണത്തിനു തുടക്കമിട്ടത്. 66 കിലോമീറ്റർ പാതയിൽ 100 കോടി രൂപയോളം ചെലവിലാണു വൈദ്യുതീകരണം പൂർത്തിയാക്കിയത്.
കൂടുതൽ മെമു സർവീസ് ഉടൻ
യാത്രക്കാരുടെ ആവശ്യപ്രകാരം കൂടുതൽ മെമു സർവീസുകൾ വൈദ്യുതീകരിച്ച ഷൊർണൂർ–നിലമ്പൂർ പാതയിൽ സർവീസ് നടത്തുമെന്ന് റെയിൽവേ. ഈ മാസത്തോടെ അവസാനത്തോടെ കൂടുതൽ ട്രെയിനുകൾ ഓടിക്കും.എറണാകുളം–ഷൊർണൂർ മെമു സർവീസ്, കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസ് എന്നിവ നിലമ്പൂരിലേക്കു നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. രാവിലെ ഷൊർണൂരിൽനിന്നു കണ്ണൂരിലേക്കു പോകുന്ന ഇതേ മെമു നിലമ്പൂരിൽനിന്ന് ആരംഭിക്കാനുമുള്ള നിർദേശം പരിഗണനയിലുണ്ട്. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതോടെ വൈകിട്ട് മുതൽ നിലമ്പൂരിലേക്ക് ട്രെയിൻ ഇല്ലെന്നുള്ള പ്രശ്നത്തിനും പരിഹാരമാകും.
സ്വീകരണം നൽകി
കോട്ടയം എക്സ്പ്രസ് ട്രെയിനിന് നിലമ്പൂർ മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിലമ്പൂർ സ്റ്റേഷനിൽ സ്വീകരണം നൽകി. ഭാരവാഹികളായ ജോഷ്വ കോശി, അനസ് യൂണിയൻ, കണ്ണാട്ടിൽ ബാപ്പു എന്നിവർ ലോക്കോ പൈലറ്റ് എസ്. ദിലീപ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പ്രവീൺ വേണുഗോപാൽ എന്നിവരെ ഹാരമണിയിച്ചു. യാത്രക്കാർക്കു മധുരം വിതരണം ചെയ്തു.
ഡീസൽ എൻജിനുകൾ ഷൊർണൂരിൽ
ഷൊർണൂർ – നിലമ്പൂർ പാതയിൽ 14 ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. പൂർണമായി വൈദ്യുതീകരിച്ചാലും ഡീസൽ എൻജിൻ ഒഴിവാക്കാൻ കഴിയില്ലെന്നാണ് റെയിൽവേ പറയുന്നത്. ഇലക്ട്രിക് എൻജിനുകൾ തകരാറിലായാൽ ഡീസൽ എൻജിനിലൂടെ പ്രശ്നം പരിഹരിച്ചു യാത്ര തുടരാൻ കഴിയുമെന്നാണ് റെയിൽവേ പറയുന്നത്. അതിനാൽതന്നെ ഡീസൽ എൻജിനുകൾ ഷൊർണൂർ ജംക്‌ഷനിൽ ഉണ്ടാകുമെന്നും റെയിൽവേ അറിയിച്ചു.