വജ്രജൂബിലി നിറവിൽ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി
Mail This Article
തിരുവല്ല∙ എട്ടു കിടക്കകളുമായി തുടങ്ങിയ ഗ്രാമീണ ആശുപത്രിയിൽ നിന്ന് 1250 കിടക്കകളും 46 ചികിത്സാ വിഭാഗങ്ങളുമായി മധ്യതിരുവിതാംകൂറിലെ പ്രമുഖ മെഡിക്കൽ കോളജ് ആശുപത്രി ആയി ഉയർന്ന തിരുവല്ല പുഷ്പഗിരി ആശുപത്രി വജ്രജൂബിലിയുടെ നിറവിൽ.
∙ ചരിത്രം
മലങ്കര കത്തോലിക്ക സഭ തിരുവല്ല രൂപതയുടെ നേതൃത്വത്തിലാണ് ആശുപത്രി സ്ഥാപിതമാകുന്നത്. 1959 ഫെബ്രുവരി 19ന് മുബൈ ആർച്ച് ബിഷപ് കർദിനാൾ വലേറിയൻ ഇഗ്നേഷ്യസ് അടിസ്ഥാന ശില ആശീർവദിച്ചു. 1959 ഓഗസ്റ്റ് 15ന് ചെറുപുഷ്പഗിരി അരമന കെട്ടിടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പുഷ്പഗിരി ചികിത്സാലയം തുടങ്ങി. 1960 മാർച്ച് 13ന് മാർപാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ബിഷപ് എ.ആർ.നോക്സ് കൂദാശ ചെയ്തു.
അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിളളയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. രൂപതാധ്യക്ഷനായിരുന്ന സഖറിയാസ് മാർ അത്തനാസിയോസിന്റെ ദീർഘ വീക്ഷണമാണ് പുഷ്പഗിരിയുടെ വളർച്ചയ്ക്ക് അടിസ്ഥാനം. പാശ്ചാത്യ രാജ്യങ്ങളിലെ സന്യാസ സമൂഹങ്ങളുമായി ബന്ധപ്പെടുകയും ബൽജിയത്തിൽ നിന്നുള്ള കന്യാസ്ത്രീകൾ ഇവിടെ എത്തുകയും ചെയ്തു. ബ്രസൽസിൽ നിന്നെത്തിയ സിസ്റ്റർ ഡോ.ബോറിയ, ഡോ.ബറൂഖി, സിസ്റ്റർ അലീന കർത്താനി എന്നിവരായിരുന്നു ആദ്യകാലത്തെ ആതുര ശുശ്രൂഷകർ. ഫാ. അലക്സാണ്ടർ പയ്യംപള്ളിയെ ആശുപത്രിയുടെ മേൽനോട്ടച്ചുമതല ഏൽപിക്കുകയും ചെയ്തു.
ആദ്യ ഡയറക്ടറും അദ്ദേഹമായിരുന്നു. ബഥനി സിസ്റ്റേഴ്സും പുഷ്പഗിരിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ചെറുപുഷ്പഗിരിയുടെ സ്ഥാപകൻ യാക്കോബ് മാർ തെയോഫിലോസും പുഷ്പഗിരി മെഡിക്കൽ കോളജിന്റെ സ്ഥാപകൻ ഗീവർഗീസ് മാർ തിമോത്തിയോസും പുഷ്പഗിരി സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് ഏറെ സഹായിച്ചു.
പിന്നീട് ഫാ. ജോർജ് പാലത്തിങ്കൽ, ഫാ. സൈമൺ പുളിയങ്കീഴ്, ഫാ. സ്റ്റീഫൻ തോട്ടത്തിൽ ( ഫിലിപ്പോസ് മാർ സ്തേഫാനോസ്), ഫാ. ഡോ. ഏബ്രഹാം മുളമൂട്ടിൽ, ഫാ. ഡോ. ഏബ്രഹാം കാക്കനാട്ട്( ഏബ്രഹാം മാർ യൂലിയോസ്), ഫാ.ഡോ. തോമസ് കൊടിനാട്ടുകുന്നേൽ, ഫാ. ഷാജി വാഴയിൽ, ഫാ. ജോസ് കല്ലുമാലിക്കൽ എന്നിവർ പ്രധാന ചുമതലക്കാരായി. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസാണ് ഇപ്പോൾ രക്ഷാധികാരി.
∙ മെഡിക്കൽ വിദ്യാഭ്യാസ സമുച്ചയം
ബിരുദ – ബിരുദാനന്തര മെഡിക്കൽ കോഴ്സുകൾ, ദന്തൽ കോഴ്സുകൾ, ഫാർമസി, നഴ്സിങ് കോളജ് എന്നിവ പുഷ്പഗിരി മെഡിക്കൽ കോളജിനോടു ചേർന്നു പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാരും നൂറുകണക്കിന് ഡോക്ടറുമാരുമാണ് ഇതിനോടകം ഇവിടെ നിന്നും പഠിച്ചിറങ്ങിയത്.ഗവേഷണ കേന്ദ്രവും, വൈദ്യ ശാസ്ത്ര അനുബന്ധ തൊഴിൽ പരിശീലന കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു. മൂവായിരത്തോളം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും ആറായിരത്തോളം കുടുംബങ്ങൾക്ക് പരോക്ഷമായും വരുമാനം കണ്ടെത്തുവാൻ ഈ സ്ഥാപനം സഹായിക്കുന്നു.
∙ സൂപ്പർ സ്പെഷൽറ്റി
16 സൂപ്പർ സ്പെഷൽിറ്റി വിഭാഗങ്ങൾ ഇവിടെയുണ്ട്. ഗ്യാസ്ട്രോ എൻറോളജി, ഗ്യാസ്ട്രോ സർജറി, റേഡിയോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങൾ പുതിയ ഒ.പി ബ്ലോക്കിൽ പ്രവർത്തിക്കുന്നു.
∙ പാലിയേറ്റിവ് കെയർ
മാറാരോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്ക് സാന്ത്വന പരിചരണം നൽകവാൻ പുഷ്പഗിരി പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രവർത്തിക്കുന്നു. നാനൂറോളം രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതിന്റെ പ്രയജനം ലഭിക്കുന്നു. മുപ്പതോളം സന്നദ്ധ പ്രവർത്തകർ സൊസൈറ്റിയിലുണ്ട്.