ADVERTISEMENT

റാന്നി ∙ വിമാനങ്ങൾ ടേക്ക്ഓഫ് ചെയ്യും മുൻപേ ചെറുവള്ളി എസ്റ്റേറ്റിന് അതിരിടുന്ന ശബരിമല പാതയുടെ വികസനം പുരോഗമിക്കുന്നു. പ്ലാച്ചേരി– എരുമേലി റോഡാണ് 8 കോടി രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നത്. പുനലൂർ– മൂവാറ്റുപുഴ, മുണ്ടക്കയം– എരുമേലി– കാഞ്ഞിരപ്പള്ളി, എരുമേലി– കണമല– പമ്പ എന്നീ ശബരിമല പാതകളെയും പത്തനംതിട്ട, കോട്ടയം ജില്ലകളെയും ബന്ധിപ്പിക്കുന്ന റോഡാണിത്. 8 കിലോമീറ്ററാണ് ദൂരം. 5 വർഷം മുൻപ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തിയിരുന്നു. ഉപരിതലം പൊളിഞ്ഞതോടെയാണ് പുനരുദ്ധാരണം നടത്തുന്നത്.

കഴിഞ്ഞ ശബരിമല തീർഥാടനത്തിനു മുൻപ് 7–10 മീറ്റർ വരെ വീതിയിൽ ബിസി ടാറിങ് നടത്തി. ദിശാസൂചികകൾ, അപകട മുന്നറിയിപ്പുകൾ എന്നിവ റോഡിൽ സ്ഥാപിച്ചു. വീതി കൂട്ടി പൂട്ടുകട്ട പാകുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. നിർദിഷ്ട വിമാനത്താവളത്തിന് അതിരിടുന്ന മുക്കടയിലാണ് ഇപ്പോൾ പണി നടക്കുന്നത്. പരമാവധി വീതിയിലാണ് പൂട്ടുകട്ടകൾ പാകുന്നത്. ശേഷിക്കുന്ന ഭാഗങ്ങളിലും പൂട്ടുകട്ട പാകും. ഇതു പൂർത്തിയാകുന്നതോടെ സമീപ പ്രദേശങ്ങളിലെ മെച്ചപ്പെട്ട റോഡുകളിൽ ഒന്നായി ഇതു മാറും.

ശബരിമലയ്ക്ക് പുതിയ ഒരു പാത കൂടി തുറക്കുന്നു

റാന്നി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം യാഥാർഥ്യമാകുമ്പോൾ ശബരിമലയ്ക്ക് പുതിയ ഒരു പാത കൂടി തുറക്കും. കനകപ്പലത്ത് നിന്ന് വെച്ചൂച്ചിറ, കൂത്താട്ടുകുളം, മടന്തമൺ വഴി അത്തിക്കയത്തിനുള്ള പാതയും സമീപ പ്രദേശങ്ങളുമാണ് വികസിക്കുക. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് എരുമേലി 110 കെവി സബ് സ്റ്റേഷനു മുന്നിലൂടെ കനകപ്പലത്ത് എത്താൻ റോഡുണ്ട്. ഇതും വികസിക്കും. അത്തിക്കയത്ത് എത്തുന്ന തീർഥാടകർക്കും ഗവിക്ക് പോകുന്ന വിനോദ സഞ്ചാരികൾക്കും പെരുനാട് വഴി മണ്ണാരക്കുളഞ്ഞി–പമ്പ പാതയിലെ മഠത്തുംമൂഴി കൊച്ചുപാലം ജംക്‌ഷനിൽ എത്താം.

ഇതു മുന്നിൽ കണ്ട് റോഡുകളുടെ വികസനം പുരോഗമിക്കുകയാണ്.മുക്കൂട്ടുതറ–മഠത്തുംചാൽ റോഡ് പാക്കേജിൽപെടുത്തി കനകപ്പലം– വെച്ചൂച്ചിറ– കൂത്താട്ടുകുളം റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്ന പണി നടക്കുകയാണ്. ബിഎം ടാറിങ് കഴിഞ്ഞു. മടന്തമൺ– കൂത്താട്ടുകുളം– ചേത്തയ്ക്കൽ റോഡ് പാക്കേജിൽപെടുത്തി കൂത്താട്ടുകുളം– മടന്തമൺ റോഡിന്റെ വികസനവും നടക്കുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ്ങാണ് നടത്തുന്നത്. മടന്തമൺ– അത്തിക്കയം 2 കിലോമീറ്റർ 1.9 കോടി രൂപ ചെലവഴിച്ച് അടുത്തിടെ വികസിപ്പിച്ചു. അത്തിക്കയം– പെരുനാട് റോഡും ഉന്നത നിലവാരത്തിൽ വികസിപ്പിച്ചതാണ്. പെരുനാട്– മഠത്തുംമൂഴി 2 കിലോമീറ്റർ 1.7 കോടി രൂപ ചെലവഴിച്ച് വികസിപ്പിക്കുന്ന പണി ആരംഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com