ADVERTISEMENT

അടൂർ∙ പ്രകൃതി സൗഹാർദമായിരിക്കണം ഇനിയുള്ള കാലം എന്ന ചിന്ത വടക്കടത്തുകാവ് കോലെ കുളങ്ങര ബംഗ്ലാവിൽ സെൻസി ജോർജിനെ കൊണ്ടെത്തിച്ചത് അടുക്കളയിൽ ഉപയോഗിക്കാവുന്ന തടി കൊണ്ടുള്ള പാത്ര നിർമാണത്തിലേക്ക്. മുൻ പരിചയമില്ലെങ്കിലും തേക്കുതടയിൽ വിവിധ ആകൃതിയിലുള്ള അറുപതോളം അടുക്കള പാത്രങ്ങളാണ് ഇതിനോടകം ഈ അറുപത്തിയൊന്നുകാരൻ പണിതത്. ചോറ് പകർന്നു വയ്ക്കാൻ പറ്റുന്ന പാത്രങ്ങൾ, കറികൾ ഒഴിച്ചു വയ്ക്കാവുന്ന ബൗളുകൾ, അച്ചാറുകൾ ഇട്ടു വയ്ക്കാൻ പാകത്തിനുള്ള ഭരണികൾ, ആഹാരം കഴിക്കാൻ ഉപയോഗിക്കാവുന്ന പ്ലേറ്റുകൾ തുടങ്ങിയവയാണ് തേക്കുതടിയിൽ കടഞ്ഞെടുത്തത്.

പ്ലാസ്റ്റിക് നിരോധനം വന്നതിനു ശേഷമാണ് പ്രകൃതി സൗഹാർദമായ എന്തെങ്കിലും നിർമിക്കണമെന്നുള്ള ആശയം മനസ്സിൽ ഉദിച്ചത്. ഇതിനിടയിൽ യുട്യൂബ് വഴി വിദേശ രാജ്യങ്ങളിൽ തടിപ്പാത്രങ്ങൾ നിർമിക്കുന്ന രീതികൾ കണ്ടു മനസ്സിലാക്കി. അപ്പോൾ കിട്ടിയ ഊർജമാണ് പ്രകൃതിക്ക് അനുയോജ്യമായ തടിപ്പാത്ര നിർമാണത്തിലേക്ക് തിരിഞ്ഞത്. പിന്നീട് പാത്രം നിർമിക്കാനുള്ള യന്ത്രം ഗുജറാത്തിൽ ഉണ്ടെന്ന് മനസ്സിലാക്കുകയും അവിടെ നിന്ന് വരുത്തുകയും ചെയ്തു. അതിലാണു വിവിധ ആകൃതിയിലുള്ള തടിപ്പാത്രങ്ങൾ ഉണ്ടാക്കുന്നതിനു ലോക്ഡൗണിനിടയിൽ സമയം കണ്ടെത്തിയത്.

ആദ്യം മഹാഗണിയുടെ തടയിൽ ചെയ്തു നോക്കിയെങ്കിലും അതിൽ ആഹാരം കഴിക്കുമ്പോൾ കയ്പ് അനുഭവപ്പെട്ടതോടെ തേക്കു തടിയാണ് പറ്റിയതെന്ന് അറിഞ്ഞു. അങ്ങനെയാണ് തേക്കിലേക്ക് നിർമാണം മാറ്റിയത്. വ്യവസായ വകുപ്പിന്റെ ചെറുകിട വ്യവസായത്തിനുള്ള ലൈസൻസോടു കൂടിയാണ് വീടിനോട് ചേർന്ന സ്ഥലത്ത് പുതിയ മോഡലുകളിൽ പാത്രങ്ങൾ രൂപമെടുത്തു കൊണ്ടിരിക്കുന്നത്. ഇനി ഇതിനു വിപണി കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യമെന്നും വ്യവസായ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നും സെൻസി ജോർജ് പറഞ്ഞു. ഫോൺ: 9447363493.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com