ADVERTISEMENT

എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ച അടൂർ നഗരസഭയിൽ സിപിഐയിലെ ഡി. സജി പുതിയ അധ്യക്ഷനാകും. സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് ഉപാധ്യക്ഷയാകും. എൽഡിഎഫിന് 14 സീറ്റും യുഡിഎഫിന് 11 സീറ്റും എൻഡിഎയ്ക്ക് ഒരു സീറ്റും സ്വതന്ത്രർക്ക് 2 സീറ്റുമാണ് ലഭിച്ചത്. ഇതിൽ എൽഡിഎഫിൽ സിപിഎമ്മിന് 7 സീറ്റും സിപിഐയ്ക്ക് 6 സീറ്റുമാണ് കിട്ടിയത്. എന്നാൽ ആദ്യ രണ്ടു വർഷം അധ്യക്ഷസ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന് ജില്ലാ എൽഡിഎഫ് കമ്മിറ്റിയിൽ ഉണ്ടായ ധാരണ പ്രകാരമാണ് ഡി. സജി അധ്യക്ഷനാകുന്നത്.

നഗരസഭയിലെ 6–ാം വാർഡിൽ നിന്നാണ് സജി വിജയിച്ചത്. നിലവിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, എഐടിയുസി ജില്ലാ പ്രസിഡന്റ്, മോട്ടർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഉപാധ്യക്ഷയാകുന്ന ദിവ്യ 21–ാം വാർഡിൽ നിന്നാണ് വിജയിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

അധ്യക്ഷ സ്ഥാനത്തേക്ക് യുഡ‍ിഎഫിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നത് 11ാം വാ‍ർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ ഡി. ശശികുമാറാണ്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് 12–ാം വാർഡിൽ നിന്ന് വിജയിച്ച റീനാ സാമുവലും മത്സരിക്കും. എൻഡിഎ സ്ഥാനാർഥിയായി 8–ാം വാർഡിൽ നിന്ന് വിജയിച്ച ശ്രീജാ ആർ.നായർ ആർക്കും പിന്തുണ നൽകില്ല. സ്വതന്ത്രരായി വിജയിച്ച 14–ാം വാർഡിൽ നിന്നുള്ള എം. അലാവുദീൻ, 23–ാം വാർഡിൽ നിന്നുള്ള ബീന ബാബു എന്നിവർ ആരെ പിന്തുണയ്ക്കണമെന്നുള്ള നിലപാട് ഇതുവരെ എടുത്തിട്ടില്ല.

പത്തനംതിട്ട ആർക്കൊപ്പം

ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പത്തനംതിട്ട നഗരസഭയിൽ 29ാം വാർഡിൽ നിന്നു വിജയിച്ച സ്വതന്ത്ര അംഗം കെ.ആർ.അജിത് കുമാറിന്റെ പിന്തുണ ഉറപ്പാക്കിയതോടെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്. അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎമ്മിലെ ടി. സക്കീർ ഹുസൈന് സാധ്യത. 32 വാർഡുകളുള്ള ഇവിടെ യുഡിഎഫും എൽഡിഎഫും 13 സീറ്റുകൾ വീതമാണുള്ളത്. എസ്ഡിപിഐ 3 സീറ്റ് നേടി. കൂടാതെ 3 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. കെ.ആർ.അജിത്കുമാർ, ഇന്ദിരാ മണിയമ്മ, ആമിന ഹൈദരാലി എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചവർ.

3 സ്വതന്ത്രരെയും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾ പല തവണ സന്ദർശിച്ചു. അജിത്തിനെ അധ്യക്ഷനാക്കി നഗരസഭ ഭരണം പിടിക്കാനുള്ള കണക്കുകൂട്ടലിലായിരുന്നു യുഡിഎഫ്. 5 വർഷവും അധ്യക്ഷനായി തുടരാൻ പിന്തുണ നൽകുമെന്ന് യുഡിഎഫ് നേതാക്കൾ ഉറപ്പ് നൽകിയെങ്കിലും വഴങ്ങിയില്ല. ഇത് അറിഞ്ഞതോടെ മറ്റ് 2 സ്വതന്ത്ര അംഗങ്ങളുമായും എസ്ഡിപിഐയുമായും എൽഡിഎഫ്  നേതാക്കൾ ചർച്ച നടത്തി. ഇന്നലെ ചേർന്ന എൽഡിഎഫ് കൗൺസിലർമാരുടെ പാർലമെന്ററി പാർട്ടി യോഗം സക്കീർ ഹുസൈനെ നേതാവായി തിരഞ്ഞെടുത്തു.

സിപിഎം ജില്ലാ  കമ്മിറ്റി അംഗവും നഗരസഭ മുൻ അധ്യക്ഷനുമാണ്. 8ാം വാർഡായ തൈക്കാവിൽ നിന്ന് 122 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഇന്നലെ വൈകിട്ട് ചേർന്നു. സ്വതന്ത്രരരുടെ പിന്തുണയ്ക്കായി പരിശ്രമം നടത്തിവരികയാണെന്നു മാത്രമാണ് ഡിസിസി നേതാക്കൾ യോഗത്തിൽ അറിയിച്ചത്. അതിനാൽ തീരുമാനം എടുക്കാതെ പിരിഞ്ഞു. ഇന്നു രാവിലെ 9ന് വീണ്ടും പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. അവസാന നിമിഷത്തിലും അജിത്തിനെ അധ്യക്ഷനാക്കി ഭരണം പിടിക്കാനുള്ള ശ്രമം യുഡിഎഫ് ഉപേക്ഷിച്ചിട്ടില്ല. 

തിരുവല്ലയിൽ യുഡിഎഫ്?

ആർക്കും ഭൂരിപക്ഷമില്ലാത്ത തിരുവല്ല നഗരസഭയിൽ, ഏറ്റവും കൂടുതൽ സീറ്റ് നേടിയ മുന്നണിയായ യുഡിഎഫ് ഭരണത്തിൽ എത്താൻ സാധ്യതയേറെ. യുഡിഎഫിൽ കോൺഗ്രസിന് ആദ്യ രണ്ടര വർഷം എന്ന ധാരണയിലാണ് ഇന്നലെ വൈകിട്ട് ജില്ലാ നേതാക്കൾ ചർച്ച പൂർത്തീകരിച്ചതെന്നറിയുന്നു. എന്നാൽ ആദ്യ ടേം വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്) പ്രാദേശിക ഘടകത്തിന്റെ നിലപാട്. ഇക്കാര്യം പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് കോൺഗ്രസ് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേത്തുടർന്ന് ഇന്നലെ രാത്രി ചേരാനിരുന്ന യുഡിഎഫ് സംയുക്ത പാർലമെന്ററി പാർട്ടി യോഗം മാറ്റി. അതേസമയം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ബിന്ദു ജയകുമാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. 15 മാസത്തിനുശേഷം കോൺഗ്രസിലെ അനു ജോർജിന് അധ്യക്ഷ സ്ഥാനം നൽകാനും ധാരണയായി. ജോസഫ് വിഭാഗത്തിനാണ് ആദ്യ ടേമെങ്കിൽ മുൻ അധ്യക്ഷയായ ഷീലാ വർഗീസ് മത്സരിക്കും. എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. ഇന്ന് രാവിലെ മാത്രമേ പ്രഖ്യാപനം ഉണ്ടാകൂ. ഭരണം പിടിക്കാനുള്ള നേരിയ സാധ്യത പോലും ഉപയോഗിക്കാനാണ് സിപിഎം നേതാക്കളുടെ ശ്രമം.

ബിജെപി സ്ഥാനാർഥിയായി മുതിർന്ന അംഗം ഗംഗ രാധാകൃഷ്ണൻ മത്സരിക്കും. 11ാം വാർഡിൽ നിന്നു വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി മേഘ കെ.സാമുവൽ എൽഡിഎഫിനെ പിന്തുണയ്ക്കും. എന്നാൽ അഞ്ചാം വാർഡിൽ നിന്നു വിജയിച്ച എസ്ഡിപിഐ സ്ഥാനാർഥി സബിത സലിം നിലപാട് വ്യക്തമാക്കിയിട്ടില്ല. 39 അംഗ കൗൺസിലിൽ ആർക്കും ഭൂരിപക്ഷമില്ല. യുഡിഎഫ്–16, എൽഡിഎഫ്–14, എൻഡിഎ–7, എസ്ഡിപിഐ–1, സ്വത–1 എന്നിങ്ങനെയാണ് കക്ഷിനില. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com