വിഴിഞ്ഞം പദ്ധതിക്കായി പാറ ഖനനം: ക്വാറിക്കെതിരെ കലഞ്ഞൂര്
Mail This Article
കോന്നി ∙ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി കലഞ്ഞൂർ പഞ്ചായത്തിൽ പാറഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ ഹിയറിങ്ങിൽ സംഘർഷം. പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്നതിനായി ഇന്നലെ വകയാറിൽ സംഘടിപ്പിച്ച ഹിയറിങ്ങിൽ പങ്കെടുത്തവരിൽ
95% പേരും പാറഖനനം വേണ്ടെന്ന നിലപാട് സ്വീകരിച്ചു. വേണമെന്ന ആവശ്യവുമായി ചിലർ മുന്നോട്ടുവന്നതോടെയാണു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. യോഗത്തിനിടെയുണ്ടായ സംഘർഷം വേദിക്കുപുറത്തേക്കും നീണ്ടു. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
യോഗം അവസാനിക്കാറായപ്പോൾ ഓഡിറ്റോറിയത്തിനു പുറത്തും സംഘർഷാവസ്ഥ ഉണ്ടായി. ഇതേത്തുടർന്ന് കാരയ്ക്കാക്കുഴി സ്വദേശി മനു എന്ന യുവാവിനെ പൊലീസ് മർദിച്ച് വാഹനത്തിൽ കയറ്റിയെന്ന് ആരോപണമുയർന്നു. എന്നാൽ, മനുവിനെ മർദിച്ചിട്ടില്ലെന്നും യുവതിയുടെ വിഡിയോ എടുത്തതിന് ഇയാൾക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
പാറഖനനം നടത്തുന്ന പദ്ധതിയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ച ശേഷമാണ് ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്. 9 പാറമടകളും 4 ക്രഷർ യൂണിറ്റുകളും ഉള്ള പഞ്ചായത്തിൽ ഇനി പാറമട വേണ്ടെന്ന നിലപാടാണ് 20 അംഗ പഞ്ചായത്ത് ഭരണസമിതിക്കുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ഇക്കാര്യം യോഗത്തിൽ അറിയിച്ചു. പരിസ്ഥിതി പഠനം നടത്തിയെന്നും പരിസ്ഥിതി ആഘാതം കുറച്ച് ഖനനം നടത്തുകയാണ് ലക്ഷ്യമെന്നും വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണ കാരാറുകാരായ അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, റിപ്പോർട്ട് വ്യാജമാണെന്നും ശരിയായ പഠനം നടത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
25 വർഷത്തിലധികമായുള്ള പാറഖനനം മൂലം കാൻസർ ബാധിതരുടെ എണ്ണത്തിലെ വർധന, സ്ഫോടനം മൂലം വീടുകൾക്ക് വിള്ളൽ, ശുദ്ധജലക്ഷാമം, നീരൊഴുക്കുകൾ വറ്റുക, ശബ്ദ– പാറപ്പൊടി മലിനീകരണം, കൃഷിനാശം, ടിപ്പർ സഞ്ചാരംമൂലം റോഡുകൾ തകരുക, മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ ഭീഷണി തുടങ്ങിയ പ്രശ്നങ്ങൾ ജനപ്രതിനിധികൾ അടക്കം ചൂണ്ടിക്കാട്ടി.
പൊതു ഹിയറിങ്ങിൽ ഉയർന്നു വന്ന എല്ലാ കാര്യങ്ങളും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവ വിഡിയോ അടക്കം എഡിഎമ്മിനെ അറിയിച്ച് സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിക്കു കൈമാറുമെന്ന് തിരുവനന്തപുരം മേഖലാ ഓഫിസിലെ ചീഫ് എൻവയൺമെന്റൽ എൻജിനീയർ സിന്ധു രാധാകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട എഡിഎം അലക്സ് പി. തോമസ്, അടൂർ ആർഡിഒ എസ്. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഹിയറിങ് നടത്തിയത്.
എംഎൽഎ കത്ത് നൽകി
കോന്നി ∙ കലഞ്ഞൂർ പഞ്ചായത്തിൽ പുതിയ പാറമട സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.യു.ജനീഷ് കുമാർ എംഎൽഎ പരിസ്ഥിതി സമിതിക്ക് കത്ത് നൽകി. നിയോജക മണ്ഡലത്തിൽ പുതിയ പാറമട അനുവദിക്കാൻ പാടില്ല എന്നത് കോന്നി താലൂക്ക് വികസന സമിതിയുടെ തീരുമാനമാണ്.
രാക്ഷസൻ പാറയുടെ ഒരു ഭാഗത്ത് പുതിയ പാറമട തുടങ്ങിയാൽ അത് ജനങ്ങൾക്ക് വളരെയധികം പ്രയാസം സൃഷ്ടിക്കും. ജനവാസ മേഖലയിൽ പാറമട സൃഷ്ടിക്കുന്ന ആഘാതം ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കും. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന ഈ മേഖല പൈതൃക ഭൂമിയായി സംരക്ഷിക്കേണ്ടതാണ്.
അതിനാൽ ഈ മേഖലയിൽ പാറമടയ്ക്ക് അനുവാദം നൽകരുതെന്നും ഹിയറിങ് കമ്മിറ്റിക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പബ്ലിക് ഹിയറിങ് സ്ഥലത്ത് ഹാജരായ യുവാവിനെ അകാരണമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.യു.ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
സംഭവം അറിഞ്ഞ ഉടൻ തന്നെ ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പാറ ഖനനത്തിനെതിരെ നിലപാടെടുത്ത യുവാവിനെ പരസ്യമായി കോന്നി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിക്കുകയായിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥന്റെ താൽപര്യവും അന്വേഷണ വിധേയമാക്കണം. ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ പറഞ്ഞു.
‘അനുഭവിക്കുന്നവർക്കേ ബുദ്ധിമുട്ട് മനസ്സിലാകൂ’
കോന്നി ∙ ‘കലഞ്ഞൂർ പഞ്ചായത്തിൽ ഇനിയും പാറമടയ്ക്ക് അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥർക്ക്, പാറമടയിൽ നിന്ന് ടിപ്പർ ലോറികൾ പോകുന്ന റോഡ് വശത്ത് തങ്ങളുടെ കുട്ടികൾക്കൊപ്പം അൽപ സമയം ചെലവഴിക്കാൻ കഴിയുമോ’.... യൂണിവേഴ്സൽ സർവീസ് എൻവയൺമെന്റൽ അസോസിയേഷൻ ജില്ലാ പ്രതിനിധി നിഷ സാമിന്റെ ചോദ്യമായിരുന്നു ഇത്.
അനുഭവിക്കുന്നവർക്കു മാത്രമേ ആ പ്രയാസം മനസ്സിലാകുകയുള്ളൂ. താൽകാലിക സാമ്പത്തിക ലാഭം ലഭിക്കുന്നവർക്ക് പിന്നീട് ആ തുക ആശുപത്രിയിൽ കൊടുക്കാനേ ഉപകരിക്കൂവെന്നും അവർ പറഞ്ഞു. പാറമടയ്ക്കു സമീപം ഒരു മണിക്കൂർ ഉദ്യോഗസ്ഥർക്ക് നിൽക്കാമോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
വിഴിഞ്ഞം തുറമുഖം സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നു പറയുമ്പോൾ ഇവിടത്തെ പാവങ്ങളുടെ സ്വപ്നങ്ങൾ തകർക്കുന്ന പദ്ധതിയാണെന്ന് ജനം പറയുന്നു. പ്രകൃതിയുടെ ആവാസ വ്യവസ്ഥയെയും പൈതൃക സമ്പത്തിനെയും തകർക്കുന്ന പാറ ഖനനമാണ് നടക്കാൻ പോകുന്നത്.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പരിസ്ഥിതി സംഘടന ഭാരവാഹികൾ, സമരസമിതി ഭാരവാഹികൾ തുടങ്ങിയവർ പാറമടയ്ക്കെതിരെ ശക്തമായ വിയോജിപ്പു രേഖപ്പെടുത്തി. അതേസമയം, പാറമട വരുന്നത് തൊഴിൽ ലഭിക്കാൻ അവസരമുണ്ടാക്കുമെന്ന അഭിപ്രായവും ചിലർ രേഖപ്പെടുത്തി.