ളാഹ കടന്നാൽ ദൃശ്യം വിസ്മയം
Mail This Article
സീതത്തോട്∙ സൂര്യാസ്തമനവും സന്ധ്യാസമയത്തെ കോട മഞ്ഞും ഒരുക്കുന്ന ദൃശ്യ മനോഹാരിതയിൽ ളാഹയുടെ മുഖച്ഛായ തന്നെ മാറി.പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ളാഹ – പമ്പ റൂട്ടിലേക്ക് ജില്ല കടന്നും ധാരാളം പേർ എത്തുന്നു. പുതുക്കട മുതൽ ളാഹ വരെയുള്ള ഭാഗമാണ് ഏറെ പ്രകൃതി രമണീയം. ഹാരിസൺ മലയാളം റബർ തോട്ടത്തിന്റെ ഉടമസ്ഥതയിലുള്ള പ്രദേശം റീ പ്ലാന്റ് ചെയ്തതോടെയാണ് ഒന്നിനു പിന്നിൽ ഒന്നൊന്നായുള്ള മലമടക്കുകളും കുന്നുകളും തെളിഞ്ഞു കാണാൻ തുടങ്ങിയത്.
അസ്തമയം കാണാൻ എത്തുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. സന്ധ്യ മയങ്ങാറാകുമ്പോൾ ഇളയ തമ്പുരാട്ടി കാവിനു സമീപം റോഡ് വക്കിലെ കരിങ്കൽ കെട്ടുകളിൽ ആളുകൾ നിറയുകയാണ് പതിവ്. ജില്ലയിൽ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ് ളാഹയും സമീപ പ്രദേശങ്ങളും. ശാന്തമായി ഒഴുകുന്ന കക്കാട്ടാറും ഏറെ ആകർഷകമാണ്.ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ പ്രദേശങ്ങൾ ആദ്യം തേയിലയും പിന്നീട് റബറും കൃഷി ചെയ്തു തുടങ്ങിയത്.
ഹാരിസൺ മലയാളം അധീനതയിലുള്ള തോട്ടത്തിൽ കാണുന്ന മിക്ക ബംഗ്ലാവുകളും ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ചവയാണ്. ചെറുതും വലുതുമായ വന്യ മൃഗങ്ങളെ കണ്ട് ളാഹയിൽ നിന്ന് പമ്പ വരെ വനത്തിലൂടെയുള്ള യാത്രയാണ് മറ്റൊരു ആകർഷണം. വിവിധ ഇനം വനം പക്ഷികളും വനത്തിലൂടെയുള്ള വെള്ളച്ചാട്ടങ്ങളും കാണാം. കാടിന്റെ മക്കളുടെ ജീവിത രീതികൾ ആരേയും ആശ്ചര്യപ്പെടുത്തും. നിലയ്ക്കൽ മഹാദേവ ക്ഷേത്ര കവാടത്തിനു മുന്നിലൂടെ അട്ടത്തോടും കടന്ന് 2 മണിക്കൂറിനുള്ളിൽ മടങ്ങി എത്താവുന്ന യാത്രയുടെ അനുഭവങ്ങൾ അനുഭവിച്ചറിയേണ്ടതു തന്നെയാണ്.