‘എന്നെ ഓർമയുണ്ടോ?...’; ‘മോൻ ജയിക്കും, സിടി സ്കാൻ ചെയ്യാൻ സാമ്പത്തികമില്ലാത്ത സമയത്ത് എന്നെ സഹായിച്ചിരുന്നു’
Mail This Article
‘എന്നെ ഓർമയുണ്ടോ?...’ഹൃദയത്തിൽ തട്ടിയ ചോദ്യം - ചിറ്റയം ഗോപകുമാർ (എൽഡിഎഫ് )
പന്തളം തെക്കേക്കര പഞ്ചായത്തിലെ പര്യടനം ക്വയർമല കോളനി ഭാഗത്ത് എത്തിയപ്പോൾ വീട്ടുമുറ്റത്ത് നിന്ന് ഒരാൾ ചെങ്കൊടി വീശി കാണിച്ചു കൊണ്ടിരിക്കുന്നു. ഞാൻ സഞ്ചരിച്ചിരുന്ന ജീപ്പ് ആ വീടിന്റെ മുൻപിൽ ചേർത്ത് നിർത്തിയപ്പോൾ കൊടി വീശിക്കാട്ടിയ ആൾ എന്നെ ഷാളിട്ട് സ്വീകരിച്ചു. ‘എന്നെ ഓർമയുണ്ടോ’ എന്നൊരു ചോദ്യവും. ആ ചോദ്യം ഹൃദയത്തിൽ തട്ടി. പെട്ടെന്ന് ഓർത്തെടുക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. അപ്പോൾ പെട്ടെന്ന് അദ്ദേഹം പറഞ്ഞു സാമുവൽ എന്നാണ് പേര്. രണ്ടു വർഷം മുൻപ് കേൾവിക്കുറവ് ഉള്ള സമയത്ത് ഞാൻ എംഎൽഎയുടെ ഓഫിസിൽ വന്നിരുന്നു.
ശ്രവണ സഹായി വാങ്ങാനുള്ള സാമ്പത്തികം ഇല്ലാത്തതിനാൽ അതിനുള്ള സഹായം അഭ്യർഥിച്ചാണ് സാമൂഹിക പ്രവർത്തകനൊപ്പം വന്നത്. അന്ന് അങ്ങ് ഇടപെട്ടതിനെ തുടർന്നാണ് ഇരുപതിനായിരത്തോളം രൂപ വില വരുന്ന ശ്രവണ സഹായി സൗജന്യമായി ലഭ്യമാക്കിത്തന്ന് എല്ലാ ശബ്ദങ്ങളും കേൾക്കുന്ന തരത്തിലേക്ക് എന്നെ എത്തിച്ചത്. ആ കടപ്പാടാണ് ഈ വീട്ടുമുറ്റത്ത് നിന്ന് അങ്ങയെ സ്വീകരിക്കാനും പിന്തുണ അർപ്പിക്കാനും പ്രേരിപ്പിച്ചതെന്ന് സാമുവൽ പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. മണ്ഡലത്തിൽ ഒരു മാസത്തോളം പര്യടനം നടത്തിയിട്ടും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
കുരമ്പാലയിലും സ്വീകരണ പര്യടനത്തിനായി എത്തിയപ്പോൾ അവിടെ 72 വയസ്സുള്ള അമ്മ കയ്യിൽ പിടിച്ചു പറഞ്ഞു. ‘മോൻ ജയിക്കും. കടുത്ത തലവേദന വന്നപ്പോൾ സിടി സ്കാൻ ചെയ്യാൻ സാമ്പത്തികമില്ലാത്ത സമയത്ത് മോൻ എന്നെ സഹായിച്ചിരുന്നു. ആ ഓർമ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.’ ഇതു പറഞ്ഞ് കരഞ്ഞു കൊണ്ടാണ് എന്നെ സ്വീകരിച്ചത്.
അവർ ചേർത്തു നിർത്തിയപ്പോൾ അമ്മ മുന്നിൽ വന്നപോലെ - എം.ജി. കണ്ണൻ (യുഡിഎഫ് )
കടമ്പനാട് പഞ്ചായത്തിലെ പറമല കശുവണ്ടി ഫാക്ടറിയിലേക്ക് വോട്ടു തേടിയാണ് കടന്നുചെന്നത്. അവിടത്തെ തൊഴിലാളികളായ ചില അമ്മമാർ ഓടിയെത്തി. അവർ കശുവണ്ടിയുടെ കറയും കരിയുമൊക്കെ പറ്റിപ്പിടിച്ചിരുന്ന കൈകൾ ചേർത്ത് എന്നെ കെട്ടിപ്പിടിച്ചു. മനസ്സിൽ ഓർമകളുടെ നീറ്റലാണ് ആ സമയത്തുണ്ടായത്. കുട്ടിക്കാലത്ത് അമ്മ ജോലിക്കു പോയിരുന്ന വീട്ടിലേക്ക് ഞാൻ പോകുമായിരുന്നു. എന്നെ കാണുമ്പോൾ കയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരിയോടു കൂടി അമ്മ എന്നെ കെട്ടിപ്പിടിക്കും. അമ്മയുടെ ഓർമകളാണ് ആ നിമിഷങ്ങളിൽ മനസ്സിൽ മിന്നിമറഞ്ഞത്. തൊഴിലാളികളായ അമ്മമാരോട് ഇക്കാര്യം പറയുമ്പോൾ എന്റെ കണ്ണു നനഞ്ഞിരുന്നു.
അമ്മമാരുടെ സ്നേഹം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞാണ് അവിടെ നിന്നിറങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണം കൂടുതൽ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകൾ ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്–കെഎസ്‌യു യുവാക്കളുടെ കരുതലും എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ചിരുന്നു. ഓരോ വീട്ടിലുമെത്തി 10 രൂപ വീതം ശേഖരിച്ച തുക ചേർത്തു വച്ച് പ്രചാരണത്തിനു വേണ്ടി ചെലവഴിച്ചു. അതെനിക്കൊരു വലിയ സഹായമായി.
ചെറുപ്പക്കാരായ പ്രവർത്തകരുടെ ഈ കാരുണ്യ പ്രവർത്തനവും തിരഞ്ഞെടുപ്പിന്റെ ഓർമച്ചെപ്പിൽ ഇടം നേടി. പര്യടനത്തിനിടയിൽ കടന്നു ചെല്ലുന്നിടത്തെല്ലാം ഹാരാർപ്പണം നടത്തുന്നതിനിടയിൽ മുതിർന്ന അമ്മമാരെല്ലാം മകന്റെ രോഗത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. രോഗം പെട്ടെന്ന് ഭേദമാകാൻ പ്രാർഥിക്കുന്നുണ്ടെന്ന് അവർ പറഞ്ഞതും തലയിൽ കൈതൊട്ട് അനുഗ്രഹിച്ചതും എന്റെ ഹൃദയത്തിൽ തട്ടിയ വാക്കുകളും കാഴ്ചകളുമായിരുന്നു.
തകർന്നു വീഴാറായ വീട്ടിലെ കുടുംബം, മായാത്ത കാഴ്ച - പന്തളം പ്രതാപൻ (എൻഡിഎ)
ഏറത്ത് പഞ്ചായത്തിലെ മുരുകൻകുന്ന് കോളനി ഭാഗത്ത് സ്വീകരണ പര്യടനം എത്തിയപ്പോൾ പിഞ്ചു കുഞ്ഞിനെ ഒക്കത്തുവച്ച് വീട്ടമ്മ എന്നെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. സ്വീകരണം കഴിഞ്ഞ് അവർ എന്നോട് പറഞ്ഞു സാർ, എന്റെ വീട് വന്ന് ഒന്നു കാണണം. ആ വാക്കുകൾ കേട്ട് ഞാൻ പ്രവർത്തകരെയും കൂട്ടി അവരുടെ വീട്ടിൽ ചെന്നപ്പോൾ കരളലിയിക്കുന്ന കാഴ്ചയായിരുന്നു അത്. ടാർപോളിൻ കെട്ടിമറച്ച് ഏതു നിമിഷവും തകർന്നു വീഴാവുന്ന ചെറിയ കുടിൽ. മഴയിൽ അതിനുള്ളിൽ കിടക്കാൻ പറ്റാത്ത സ്ഥിതി.
ഇതെല്ലാം സഹിച്ചാണ് അവരും പിഞ്ചുകുഞ്ഞും ഭർത്താവും താമസിക്കുന്നത്. ‘സാർ ഇതിന് എന്തെങ്കിലും ഒരു പരിഹാരം കാണാൻ കഴിയുമോ?’ അവരുടെ ആ വാക്കുകളും വീടിന്റെ കാഴ്ചയും ഹൃദയത്തെ വേദനിപ്പിക്കുന്നതായിരുന്നു. ഈ കോളനിയിലെ പര്യടനത്തിനിടെ മറ്റൊരു വേദനാജനകമായ കാഴ്ചയും കാണാൻ ഇടയായി. മെനിഞ്ചൈറ്റിസ് ബാധിച്ച 14 വയസ്സുള്ള പെൺകുട്ടി പുറംലോകം കാണാതെ ചൂരൽ കൊണ്ടുള്ള ആട്ടുതൊട്ടിലിൽ കിടപ്പുമുറിയിൽ കിടക്കുന്ന കാഴ്ചയായിരുന്നു അത്.
ജന്മനാ ബാധിച്ചാണ് ഈ രോഗം. സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ വിദഗ്ധ ചികിത്സ കിട്ടാതെ വന്നതാണ് പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. വേണ്ടത്ര സഹായങ്ങൾ കിട്ടാത്ത രണ്ടു കുടുംബങ്ങളാണിത്. ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്യാൻ അപ്പോൾ തന്നെ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞെങ്കിലും ആ കാഴ്ചകൾ ഇപ്പോഴും കണ്ണിൽ നിന്ന് മായാതെ കിടക്കുകയാണ്.