ADVERTISEMENT

അടൂർ ∙ ഹാട്രിക് വിജയവുമായി അടൂർ മണ്ഡലത്തിൽ എൽഡിഎഫിലെ ചിറ്റയം ഗോപകുമാർ തന്നെ. മൂന്നാമങ്കത്തിൽ യു‍ഡിഎഫിലെ യുവനേതാവ് എം.ജി. കണ്ണനോട് കടുത്ത മത്സരം നേരിടേണ്ടി വന്ന ചിറ്റയം ഇടതു തരംഗത്തിൽ വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. ചിറ്റയത്തിന്റെ ഭൂരിപക്ഷം 2919.

എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപന് കഴിഞ്ഞ തവണത്തെക്കാൾ മുന്നേറാൻ കഴിഞ്ഞില്ല. മണ്ഡലത്തിൽ 2,08,009 വോട്ടർമാരിൽ 1,49,922 പേരാണ് വോട്ടു ചെയ്തത്. ചിറ്റയം ഗോപകുമാറിന് 66,569 വോട്ടും യുഡിഎഫ് സ്ഥാനാർഥി എം.ജി. കണ്ണന് 63,650 വോട്ടും എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപന് 23,980 വോട്ടുമാണ് ലഭിച്ചത്.

പന്തളം നഗരസഭ, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ, ഏഴംകുളം പഞ്ചായത്തുകളിലാണ് ചിറ്റയത്തിന് മുന്നേറ്റമുണ്ടാക്കാനായത്. എൽഡിഎഫ് ഭരണമുള്ള അടൂർ നഗരസഭയിലും ഏറത്ത്, തുമ്പമൺ, കടമ്പനാട് പഞ്ചായത്തുകളിലും എം.ജി. കണ്ണനാണ് ലീഡ് നേടിയത്. കഴിഞ്ഞ തവണ 25,460 വോട്ടിന്റെയും 2011ൽ 607ന്റെയും വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ചിറ്റയത്തിന് ലഭിച്ചിരുന്നത്.

മറ്റുള്ളവർ

നോട്ടയ്ക്ക് 594 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി എം.ജി. കണ്ണന്റെ അപരൻ ആർ. കണ്ണൻ 218 വോട്ടു നേടി. ബിഎസ്പിയിലെ വിപിൻ കണിക്കോണത്തിന് 178 വോട്ടും അണ്ണാ ഡമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രാജൻ കുളക്കടയ്ക്ക് 95 വോട്ടും എസ്‌യുസിഐയിലെ ശരണ്യ രാജിന് 127 വോട്ടും കിട്ടി.

തപാൽവോട്ട്

കോവിഡ് ബാധിച്ചവരും 80 വയസ്സിനു മുകളിലുള്ളവരും ഉൾപ്പെടെ അടൂർ മണ്ഡലത്തിൽ 5874 തപാൽ വോട്ട് ലഭിച്ചതിൽ 384 വോട്ട് അസാധുവായി. സാധുവായ 5490 വോട്ടിൽ എം.ജി. കണ്ണന് 2162 വോട്ടും ചിറ്റയം ഗോപകുമാറിന് 2611 വോട്ടും പന്തളം പ്രതാപന് 681 വോട്ടും വിപിൻ ഗോപിനാഥിന് ഒരു വോട്ടും രാജൻ കുളക്കടയ്ക്ക് 7 വോട്ടും ശരണ്യ രാജിന് 6 വോട്ടും ആർ. കണ്ണന് 8 വോട്ടും ലഭിച്ചു. നോട്ടയ്ക്ക് 14 തപാൽ വോട്ടും കിട്ടി.

ഷാൻഗ്രിലയിൽ ആഹ്ലാദം

മൂന്നാം തവണയും അടൂരിൽ വിജയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചിറ്റയം ഗോപകുമാറും കുടുംബവും. അടൂർ കൊന്നമങ്കര ഷാൻഗ്രിലയിലേക്ക് വിജയാശംസകളുമായി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെത്തി.  ഹൈക്കോടതി ഉദ്യോഗസ്ഥയായിരുന്ന ഭാര്യ  ഷെർലി ബായിയും സന്തോഷത്തിലാണ്.

മണ്ഡലത്തിൽ തുടർച്ചയായി നടത്തിയ വികസനപ്രവർത്തനങ്ങളാണ് ചിറ്റയത്തിന്റെ വിജയത്തിന് ആധാരമായതെന്നു ബന്ധുക്കളും പറയുന്നു. അമൃത, അനുജ എന്നിവരാണ് മക്കൾ. ചിറ്റയം ഗോപകുമാർ നിലവിൽ സിപിഐ സംസ്ഥാന കമ്മിറ്റിയംഗമാണ്. 1995ൽ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2011ൽ ആയിരുന്നു അടൂർ നിയമസഭ മണ്ഡലത്തിലെ കന്നിയങ്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com