ചിറ്റയത്തിന്റെ ഭൂരിപക്ഷം കവർന്ന് കണ്ണൻ
Mail This Article
പത്തനംതിട്ട ∙ അടൂരിൽ ഇടതുമുന്നണി സ്ഥാനാർഥി ചിറ്റയം ഗോപകുമാർ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവുണ്ടായത് മുന്നണിയെ അലോസരപ്പെടുത്തുന്നു. മുന്നണിയിലെ ഏകോപനമില്ലായ്മയും യുഡിഎഫ് സ്ഥാനാർഥിയായ എം.ജി.കണ്ണനെതിരായ വ്യക്തിപരമായ ആക്രമണവുമാണ് എൽഡിഎഫ് സ്ഥാനാർഥിക്കു വോട്ടു കുറയാൻ കാരണമെന്നാണു വിലയിരുത്തൽ.
2016 ലെ കാൽ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചിറ്റയം ഇത്തവണ 2919 വോട്ടുകളുടെ മാർജിനിലാണു കടന്നു കൂടിയത്. മണ്ഡലത്തിൽ എല്ലായിടത്തും ഒരേ തോതിൽ എൽഡിഎഫിനു വോട്ടുവീഴ്ച സംഭവിച്ചു. ഈ വോട്ടുകളെല്ലാം നേടിയെടുക്കാൻ എം.ജി.കണ്ണനു സാധിക്കുകയും ചെയ്തു. കണ്ണന്റെ പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ തന്നെ ചിറ്റയത്തിന്റെ ഭൂരിപക്ഷം കുറയുമെന്ന സൂചനകൾ മണ്ഡലത്തിൽ പ്രബലമായിരുന്നു. എന്നാൽ ഇതിനു തടയിടാൻ ഇടതുമുന്നണിക്ക് കഴിയാതെ പോയി.
കഴിഞ്ഞ തവണ ലഭിച്ച 25,460 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 2919ലേക്ക് താഴാൻ ഇതാണു പ്രധാന കാരണമായത്. കോൺഗ്രസിൽ നിന്ന് എത്തിയ എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപനും മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂരിൽ എൻഡിയ്ക്കു ലഭിച്ചത് 51,260 വോട്ടുകളായിരുന്നു. ഇത്തവണ ഇതു പകുതിയോളം കുറഞ്ഞ് 23,980 ൽ എത്തി. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലും എൻഡിഎയ്ക്കു കാര്യമായ വോട്ടു ലഭിച്ചില്ല.
സ്വന്തം ബൂത്തിൽ ചിറ്റയം പിന്നിൽ
അടൂർ ∙ ചിറ്റയം ഗോപകുമാർ സ്വന്തം ബൂത്തിൽ പിന്നിലായി. അടൂർ നഗരസഭയിലെ 86–ാം നമ്പർ ബൂത്തിൽ ചിറ്റയത്തിന് 124 വോട്ടാണ് ലഭിച്ചത്. അതേസമയം യുഡിഎഫ് സ്ഥാനാർഥി എം.ജി. കണ്ണന് 281 വോട്ടു ലഭിച്ചു. എൻഡിഎ സ്ഥാനാർഥി പന്തളം പ്രതാപൻ 104 വോട്ടും നേടി. പ്രതാപനും സ്വന്തം ബൂത്തിൽ കാര്യമായ വോട്ടു ലഭിച്ചില്ല. പന്തളം നഗരസഭയിലെ 14 (എ) ബൂത്തിൽ പ്രതാപന് 85 വോട്ടാണ് ലഭിച്ചത്. ഈ ബൂത്തിൽ എം.ജി. കണ്ണന് 148 വോട്ടും ചിറ്റയത്തിന് 130 വോട്ടും കിട്ടി.