ADVERTISEMENT

ജന്മസാക്ഷാത്കാരം എന്നത് താനായിരിക്കുന്ന സമൂഹത്തിന് ആശ്രയിക്കാൻ കഴിയുന്ന കർമ വൈഭവത്തിന് ഉടമയായി സ്രഷ്ടാവിനു പോലും ആദരം തോന്നിക്കുന്ന സൃഷ്ടിയായി പരിണമിക്കുക എന്നതാണ്. ഈ അർഥത്തിൽ സ്രഷ്ടാവിനു പോലും ആദരം തോന്നിക്കുന്ന സൃഷ്ടിയായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി എന്നത് നിസ്സംശയം വിലയിരുത്താം. പുരോഹിതൻ എന്ന വാക്കിനർഥം മുൻപേ നടക്കുന്നവൻ എന്നാണ്. തിരുമേനി സ്വന്തം ജീവിതം ദൈവേഛ്ചയ്ക്ക് ഉതകുന്ന തരത്തിൽ രൂപപ്പെടുത്തി സമൂഹത്തിന് മാർഗദർശിയായി മുൻപേ നടന്ന പുരോഹിതനായിരുന്നു.

സമൂഹത്തിലെ എല്ലാ മതവിശ്വാസികൾക്കും ആരാധ്യനായിരുന്നു തിരുമേനി. പൊങ്കാല ഉദ്ഘാടനം ചെയ്യാനും പൊങ്കാല അടുപ്പിൽ ദീപം പകരാനും ഒരു ക്രൈസ്തവ പുരോഹിതൻ എന്ന നിലയിൽ യാതൊരു വിമുഖതയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. രണ്ടരപ്പതിറ്റാണ്ടു കാലത്തെ ആത്മബന്ധം തിരുമേനിയും എന്റെ കുടുംബവുമായി ഉണ്ടായിരുന്നു. തിരുവോണം ഉണ്ണാൻ അതിഥിയായി എന്റെ വീട്ടിൽ വരുന്ന തരത്തിലുള്ള വ്യക്തിബന്ധം ഞങ്ങൾ തമ്മിൽ കാത്തുസൂക്ഷിച്ചു.

വീട്ടിൽ വന്ന സന്ദർഭങ്ങളിലൊക്കെ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും സമ്മാനവുമായിട്ടാണു വരാറ്. ഓണത്തിന് ഓണക്കോടിയുമായിട്ടാണ് തിരുമേനി എത്തിയത്. അലക്സ് തെക്കൻനാട് രചിച്ച ചിരിക്കും ചിന്തയ്ക്കും നൂറുവയസ്സ് എന്ന പുസ്തകത്തിന് അവതാരിക എഴുതാൻ തിരുമേനി ആവശ്യപ്പെട്ടതും എന്നോടായിരുന്നു. ഉയർച്ചയിൽ വലുപ്പങ്ങൾ നഷ്ടപ്പെടാത്ത നിയോഗങ്ങളുടെ ഉപാസകനായിരുന്നു അദ്ദേഹം. ദാർശനിക സ്വഭാവമുള്ള ആ നർമ ഭാഷണങ്ങൾ സമൂഹത്തിന് എക്കാലവും മുതൽക്കൂട്ടായി നിലനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com