ADVERTISEMENT

കുമ്പനാട് ∙ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അദ്ദേഹത്തിന്റെ രോഗാവസ്ഥകളിൽ ഏറെ ചെലവഴിച്ച കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യ സമയവും ഉണ്ടായിരുന്നത് എന്നത് ഏറെ യാദൃശ്ചികമായി. രോഗാവസ്ഥ ഗുരുതരമായതോടെ നേരത്തേ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇവിടെ നിന്ന് ഡിസ്ചാർജ് ആയ ശേഷം കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ തന്റെ പ്രിയപ്പെട്ട വിശ്രമമുറിയിലെത്തിയ അദ്ദേഹം രോഗാവസ്ഥകളെ അതിജീവിച്ച് ഉന്മേഷത്തോടെയാണ് കാണപ്പെട്ടതെന്ന് അദ്ദേഹത്തെ പരിചരിക്കുന്നവരും വൈദികരും സാക്ഷ്യപ്പെടുത്തുന്നു. ഡിസ്ചാർജ് ചെയ്ത് കുമ്പനാട്ട് എത്തണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയ ശേഷം പിന്നീട് നില വഷളാവുകയായിരുന്നു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത സുഖം പ്രാപിച്ച ശേഷം ഡിസ്ചാർജ് ചെയ്ത് കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിലെ വിശ്രമ മുറിയിലേക്ക് മാറ്റിയതായ വിവരം ചൊവ്വാഴ്ച സഭാധികൃതർ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സ്നേഹിക്കുന്ന എല്ലാവരും വലിയ ആശ്വാസത്തോടെയും പ്രാർഥനയോടെയുമാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. എന്നാൽ പുലർച്ചെയോടെ അദ്ദേഹത്തിന്റെ അന്ത്യ വിവരമാണ് എല്ലാവരും അറിയുന്നത്. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സഹോദരൻ ഡോ. ജേക്കബ് ഉമ്മനാണ് ഫെലോഷിപ് പ്രയർ ഗ്രൂപ്പിന്റെ സഹായത്തോടെ ഫെലോഷിപ് മിഷൻ ആശുപത്രി സ്ഥാപിച്ചത്.

കലമണ്ണിൽ കുടുംബത്തിന്റെ സ്ഥലത്താണിത് ആരംഭിച്ചത്. എന്നാൽ ഡോ. ഉമ്മൻ ഉപരിപഠനത്തിന് പോയതോടെ ആശുപത്രി മാർത്തോമ്മാ സഭയെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയുടെ വകയായി ആശുപത്രിക്ക് സമീപമുണ്ടായിരുന്ന സ്ഥലവും സഭയ്ക്ക് നൽകി. മാർ ക്രിസോസ്റ്റവും അദ്ദേഹത്തിന്റെ ഒപ്പമുള്ളവരും ചികിത്സയ്ക്കായി ആശ്രയിച്ചിരുന്നതും ഫെലോഷിപ് ആശുപത്രിയെ ആയിരുന്നു. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും ഓർമിക്കാൻ ഒട്ടേറെ നർമ മൂഹൂർത്തങ്ങൾ നൽകിയ ഓർമയും ബാക്കിയാക്കിയാണ് മാർ ക്രിസോസ്റ്റം ഫെലോഷിപ്പിനോട് വിടപറഞ്ഞത്.

കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്ത് സഹോദരി സഭയിലെ ബിഷപ്പുമാർ

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ കബറടക്ക സമാപന ശുശ്രൂഷയിൽ പങ്കെടുത്ത് സഹോദരി സഭയിലെ ബിഷപ്പുമാരും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, മലബാർ സ്വതന്ത്ര സുറിയാനി സഭ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, യാക്കോബായ സഭയിലെ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, കൽദായ സഭ ബിഷപ് കൽദായ ബിഷപ് ഔഗേൻ കുര്യാക്കോസ്, മലങ്കര കത്തോലിക്കാ സഭയിലെ ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. സാമുവൽ മാർ ഐറേനിയസ്, സിഎസ്ഐ ബിഷപ് ഡോ. സാബു മലയിൽ കോശി ചെറിയാൻ എന്നിവർ കബറടക്ക ശുശ്രൂഷകളിൽ പങ്കാളിയായി.

മാർത്തോമ്മാ സഭയിലെ ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com