ADVERTISEMENT

പത്തനംതിട്ട ∙ ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് വീണാ ജോർജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകുന്നത്. ആരോഗ്യ മന്ത്രിയായി തിളങ്ങിയ കെ.കെ.ശൈലജയുടെ പിൻഗാമിയായി എത്തുമ്പോൾ എന്തു തോന്നുന്നു എന്ന ചോദിച്ചാൽ ‘ഏറ്റവും വലിയ ജാഗ്രതയും ഉത്തരവാദിത്തവും ഉള്ള വകുപ്പാണ്, അത് ഭംഗിയായി നിർവഹിക്കും എന്നായിരുന്നു മറുപടി. 

ഭർത്താവ് ഡോ. ജോർജ് ജോസഫ്, മക്കളായ അന്ന, ജോസഫ് എന്നിവരോടൊപ്പം സത്യപ്രതിജ്ഞയ്ക്കായി അങ്ങാടിക്കൽ വയലിറക്കത്ത് വീട്ടിൽ നിന്ന് തിരുവനന്തപുരത്തിന് യാത്ര തിരിക്കും. ആലപ്പുഴയിലെ പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചനയും നടത്തും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ വീണാ ജോർജിനെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു രക്തഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ജി.നായരും ഒപ്പമുണ്ടായിരുന്നു. 

സിപിഎം ഓഫിസിലെ ഇ.കെ.നായനാരുടെ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ച ശേഷം നേതാക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായ വാർത്തകൾ പുറത്തു വരുന്നത്. വീണ ഇനി ആരോഗ്യവകുപ്പ് നയിക്കുമെന്ന് അറിഞ്ഞതോടെ പാർട്ടി പ്രവർത്തകർ സന്തോഷം പങ്കുവച്ചു. തുടർന്ന് പരുമല തിരുമേനിയുടെ കബറിടത്തിൽ എത്തി പ്രാർഥിച്ചു. ഭർത്താവ് ഡോ. ജോർജ് ജോസഫും ഒപ്പമുണ്ടായിരുന്നു. 

പരുമല ആശുപത്രിയിൽ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെയും തിരുവല്ലയിലെ മാർത്തോമ്മാ സഭാ ആസ്ഥാനത്തെത്തി ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെയും സന്ദർശിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻഎസ്എസ് ജനറൽ സെക്രട്ടറി എൻ.സുകുമാരൻ നായരെയും ഫോണിൽ വിളിച്ചു. 

വള്ളംകുളം, മാക്കാംകുന്ന് മലങ്കര കത്തോലിക്കാ അരമനകളും മഞ്ഞനിക്കര ദയറയും ഇരവിപേരൂർ പിആർഡിഎസ് ആസ്ഥാനവും സന്ദർശിച്ചു. പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് മൗലവി, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും കണ്ടു. 

മകൾ മന്ത്രിയാകുന്നതിന് സാക്ഷിയാകാൻ അമ്മ

മകൾ മന്ത്രിയാകുന്നത് നേരിട്ടു കാണാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് അമ്മയും പത്തനംതിട്ട നഗരസഭാ മുൻ കൗൺസിലറുമായ റോസമ്മ കുര്യാക്കോസ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തിൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങി. 

പക്ഷേ കോവിഡ് കാരണം ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന കോടതി നിർദേശം മൂലം സർക്കാർ പാസ് പരിമിതപ്പെടുത്തി. 5 പാസാണുള്ളത്. അതിനാൽ പോകുന്നില്ലെന്ന് അമ്മ തീരുമാനിച്ചു. പകരം വീണയുടെ സഹോദരി വിദ്യയെ കൊണ്ടുപോകണമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മയെ കൂടി കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് വീണയുടെ ഭർത്താവ് ഡോ.ജോർജ് ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com