ADVERTISEMENT

നാളെ പത്തനംതിട്ടക്കാരൻ ധനമന്ത്രിയുടെ ആദ്യ ബജറ്റ് കേരള നിയമസഭയിൽ മുഴങ്ങുമ്പോൾ ജില്ല കുന്നോളം പ്രതീക്ഷകളാണ് നെഞ്ചിൽ പോറ്റുന്നത്. എല്ലാ സാഹചര്യങ്ങളും പത്തനംതിട്ടയ്ക്ക് അനുകൂലമാണ്. ജില്ലക്കാരനായ കെ.എൻ.ബാലഗോപാൽ ധനമന്ത്രി, ആരോഗ്യ മന്ത്രിയായി വീണാ ജോർജ്, ഡപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ, മറ്റ് 4 എംഎൽഎമാരും ഭരണപക്ഷത്ത്. ഇത്രയും അനുകൂല സാഹചര്യത്തിൽ പ്രതീക്ഷകൾ അതിർ വരമ്പുകൾ ഇടേണ്ടതില്ല.

ശബരിമല വിമാനത്താവളം;‌‌ആഗ്രഹങ്ങളുടെ‌ റൺ‍വേ

ചെറുവള്ളിയിലെ നിർദിഷ്ട ശബരിമല വിമാനത്താവളം സംബന്ധിച്ച തുടർ പ്രഖ്യാപനമാ‌ണു ജില്ല കാത്തിരിക്കുന്നത് ചെറുവള്ളി എസ്റ്റേറ്റിലെ 2263.18 ഏക്കർ ഏറ്റെടുത്ത് വിമാനത്താവളം നിർമിക്കാനുള്ള സർക്കാർ നീക്കം പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടെ സമഗ്ര വികസനത്തിനുള്ള റൺവേ കൂടിയാ‌കും .കേന്ദ്ര ആദായനികുതി വിഭാഗം നടത്തിയ പരിശോധനയിൽ സ്വത്തുക്കളുമായി ബന്ധപ്പെട്ട കുരുക്കിൽ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെട്ടതിനാൽ വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഇപ്പോൾ മന്ദഗതിയിലാണ്.

സ്ഥലം ഏറ്റെടുക്കുന്നതിന് കോടതിയിൽ പണം കെട്ടി വയ്ക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭൂമി സർക്കാരിന്റെ ആണെങ്കിൽ കോടതിയിൽ കെട്ടിവയ്ക്കുന്ന പണം സർക്കാരിന് മടക്കി നൽകും. മറിച്ചായാൽ ഉടമയ്ക്ക് നൽകും. കോടതി തീരുമാനം അനുസരിച്ചാണു നടപടി. പണം കെട്ടിവച്ചാൽ തന്നെ സപ്ലിമെന്ററി ബജറ്റിൽ ഉൾപ്പെടുത്തി അംഗീകാരം നേടിയാൽ മതി.

അബാൻ മേൽപാലം; 2019 മുതലുള്ള കാത്തിരിപ്പ്

പത്തനംതിട്ട നഗരത്തിൽ അബാൻ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാൻ മേൽപാലം 2019ലെ ബജറ്റ് പ്രഖ്യാപനമാണ്. 47 കോടിയുടെ രൂപ രേഖ തയാറാക്കി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി. നിർമാണച്ചുമതല കേരള റോഡ്സ് ഫണ്ട് ബോർഡിനെയും ഏൽപിച്ചു. സാങ്കേതിക അനുമതിയുമായി. ടെൻഡർ നടപടിയിലേക്ക് കടന്നിട്ടില്ല. റിങ് റോഡിലാണ് മേൽപാലം . ഇതിനുള്ള പണികൾ തെക്ക് ഭാഗത്ത് മനോരമ മുതൽ വടക്ക് ഭാഗത്ത് ശ്രീവത്സം വരെയാണ് ഉണ്ടാകുക. ഇതിൽ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് പടി മുതൽ ഭവൻസ് സ്കൂൾ പടി വരെയാണു പാലം. ബാക്കി സമീപന പാതയാണ്.

ആരോഗ്യമേഖലയ്ക്ക് വേണം അൽപംകൂടി ആരോഗ്യം

പത്തനംതിട്ട ജനറൽ ആശുപത്രി

ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയ്ക്ക് ബജറ്റിൽ എന്തു കിട്ടും എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷൽറ്റി ആശുപത്രിയാക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമാണ്. നെഫ്രോളജി, യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗങ്ങളും ഇതിനുള്ള പുതിയ തസ്തികകളും അനുവദിക്കണം.

കോഴഞ്ചേരി ജില്ലാ ആശുപത്രി

അടിസ്ഥാന സൗകര്യ വികസനത്തിനായി 30 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. എ ബ്ലോക്ക് കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ല. അത്യാഹിത വിഭാഗത്തിൽ 4 മെഡിക്കൽ ഓഫിസർമാരുടെ തസ്തിക കൂടി ഉണ്ടാകണം. ജില്ലാ ആശുപത്രിയിൽ എല്ലാ സ്പെഷൽറ്റി വിഭാഗവും ഉണ്ടെങ്കിലും ഓരോ ഡോക്ടർമാരുടെ തസ്തിക മാത്രമേയുള്ളു. കൂടുതൽ തസ്തിക അനുവദിക്കണം.

പന്തളം ജനറൽ ആശുപത്രി

ഇത്തവണത്തെ ബജറ്റിലെങ്കിലും ഈ സ്വപ്നം ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ഇപ്പോൾ കിടത്തി ചികിത്സ വേണ്ടി വന്നാൽ അടൂരിലോ പത്തനംതിട്ടയിലോ എത്തേണ്ട സ്ഥിതിയാണ്. പന്തളം കുടുംബാരോഗ്യ കേന്ദ്രം, കുളനട പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയിലൊന്ന് ഇതിനായി പരിഗണിക്കണമെന്നാണ് ആവശ്യം. ശബരിമല തീർഥാടന നാളുകളിൽ താൽക്കാലികമായി സജ്ജമാക്കുന്ന മെഡിക്കൽ യൂണിറ്റ് മാത്രമാണു വലിയകോയിക്കൽ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനാളുകളുടെ ആശ്രയം. ജില്ലയിൽ ജനറൽ ആശുപത്രിയോ താലൂക്ക് ആശുപത്രിയോ ഇല്ലാത്ത ഏക നഗരസഭ കൂടിയാണ് പന്തളം. പന്തളം കേന്ദ്രീകരിച്ചു മികച്ച ആശുപത്രി സൗകര്യം സജ്ജമായാൽ തുമ്പമൺ, തെക്കേക്കര, കുളനട, പാലമേൽ, ചെന്നീർക്കര മേഖലയ്ക്കും ഉപകാരമാകും.

റാന്നി താലൂക്ക് ആശുപത്രി

റാന്നി താലൂക്ക് ആശുപത്രിക്ക് കെട്ടിടം, എഴുമറ്റൂർ, പെരുനാട്, വെച്ചൂച്ചിറ, കാഞ്ഞീറ്റുകര എന്നീ സിഎച്ച്സികൾക്കും അങ്ങാടി, വടശേരിക്കര, കോട്ടാങ്ങൽ‌ എന്നീ പിഎച്ച്സികൾക്കും കെട്ടിടം, സ്ത്രീകൾക്കും കുട്ടികൾക്കുമായി ആശുപത്രി, ചെട്ടിമുക്കിൽ പ്രവർ‌ത്തിക്കുന്ന താലൂക്ക് ആയുർവേദ ആശുപത്രിക്ക് കെട്ടിടം എന്നിവയും മേഖലയുടെ ബജറ്റ് പ്രതീക്ഷയാണ്.

കോന്നി മെഡിക്കൽ കോളജ്

കോന്നി ഗവ. മെഡിക്കൽ കോളജിനു വേണ്ടി കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപയാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാംഘട്ട വികസനത്തിനായി കിഫ്ബി പദ്ധതിയിൽ 241 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കോന്നിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന ബൈപാസ്, ഫ്ലൈഓവർ എന്നിവയാണ് കഴിഞ്ഞ ബജറ്റിൽ പ്രധാനമായും ഉൾപ്പെട്ട മറ്റ് പദ്ധതികൾ.

ഗവ. പോളിടെക്നിക്, ഐടിഐ, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്, കോടതി, കോന്നി സഞ്ചായത്ത് കടവിൽ ഇക്കോ ടൂറിസം പദ്ധതി, കോന്നി താലൂക്ക് ആശുപത്രിയിൽ പേ വാർഡ്, സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം എന്നിവയും ബജറ്റിൽ ഇടം നേടി. മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനവും ഉൾപ്പെടുത്തി. ഇവയ്ക്ക് എല്ലാം ടോക്കൺ തുകയാണ് വച്ചിട്ടുള്ളത്.

ഒന്നാണ്, പക്ഷേ രണ്ടാവണം താലൂക്ക്

സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കാണു കോഴഞ്ചേരി. പത്തനംതിട്ട, കോഴഞ്ചേരി താലൂക്കുകളായി വിഭജിക്കണമെന്നത് ജില്ലാ രൂപീകരണ കാലം മുതലുള്ള ആവശ്യമാണ്. ജില്ല രൂപീകരിച്ചപ്പോൾ പത്തനംതിട്ട താലൂക്കിന്റെ പേര് കോഴഞ്ചേരി എന്നാക്കി. ആസ്ഥാനം പത്തനംതിട്ടയിൽ നിലനിർത്തി.

പുതിയ ജലവിതരണപദ്ധതികൾ‍

അങ്ങാടി–കൊറ്റനാട്, ചെറുകോൽ–നാരങ്ങാനം, എഴുമറ്റൂൂർ–കോട്ടാങ്ങൽ, വെച്ചൂച്ചിറ, കൊല്ലമുള വടശേരിക്കര എന്നീ ജലപദ്ധതികളുടെ നിർമാണവും ബജറ്റിൽ സ്ഥാനം പിടിക്കുമെന്നാണു പ്രതീക്ഷ. ബൊട്ടാണിക്കൽ ഗാർഡനും പെരുന്തേനരുവി, മണിയാർ, മാടത്തരുവി ടൂറിസം പദ്ധതികളും റാന്നി ഓട്ടിസം സെന്ററും ഫുഡ് ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ടും ബജറ്റിൽ വിവിധ റോഡുകളുടെ വികസനവും ബജറ്റ് പ്രതീക്ഷകളിലുണ്ട്.

മറ്റു പ്രതീക്ഷകൾ

∙അടൂർ പിഡബ്ല്യുഡി കോംപ്ലക്സ്, അഗ്നിശമന കേന്ദ്രത്തിനു പുതിയ കെട്ടിടം
∙അടൂർ കെഎസ്ആർടിസി ജംക്‌ഷനിൽ മേൽപ്പാലം
∙സാംസ്കാരിക സമുച്ചയം
∙മണ്ണടി വേലുത്തമ്പി ദളവ പഠന ഗവേഷണ കേന്ദ്രം
∙കൊടുമൺ മുല്ലോട്ട് ഡാം, പുതിയകാവിൽചിറ വികസനം.
∙പള്ളിക്കലാറിന്റെ പുനരുദ്ധാരണം

അവസരങ്ങളുടെ ഐടി പാർക്ക്

അടൂർ മണ്ഡലം മുഖ്യമായും പ്രതീക്ഷിക്കുന്നത് ഐടി പാർക്കാണ്. പ്രധാനപാതയായ എംസി റോഡ് കടന്നു പോകുന്ന അടൂരിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അനുബന്ധ വികസനത്തിനും ഐടി പാർക്ക് വഴിയൊരുക്കും. അനുയോജ്യമായ സ്ഥലം അടൂർ നഗരസഭയിൽ തന്നെയുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു ഇത്.

തുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കണം‌തിരുവല്ലയിൽ

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുകയാണ് തിരുവല്ലയുടെ ​ഇത്തവണത്തെ ആഗ്രഹം. പുളിക്കീഴ് പൊലീസ് സ്റ്റേഷൻ, തിരുവല്ല സബ് ട്രഷറി എന്നിവയ്ക്ക് കെട്ടിടവും ശ്രീവല്ലഭ ക്ഷേത്രത്തിന്റെ തെക്കേനടയിലെ കോലോത്ത് ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം എന്നിവിടങ്ങളിൽ പാലം നിർമിക്കാനും പണം അനുവദിച്ചു. എസ്റ്റിമേറ്റ്് തുകയുടെ 20 %ആണ് അനുവദിച്ചത്.സബ് ട്രഷറി കെട്ടിടത്തിനു 4 കോടി രൂപ, പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് ഒന്നര കോടി, കോലോത്ത് പാലം 4 കോടി, അട്ടക്കുളം പാലത്തിനു 3 കോടി രൂപയുമാണ് വേണ്ടത്.തിരുവല്ല താലൂക്ക് ആശുപത്രി ഒപി കെട്ടിടത്തിന് ടോക്കൺ തുക മാത്രമാണ് ബജറ്റിൽ വകയിരുത്തിയത്.

പുനലൂർ-പൊൻകുന്നം റോഡ് വികസനത്തിന്റെ‌ പുതിയ മുഖം

ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ വികസന പദ്ധതി 3 ഭാഗമായി തിരിച്ചാണ് കരാർ നൽകിയത്. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള 30.16 കിലോമീറ്ററിന് 274.24 കോ‌ടി രൂപയും കോന്നി മുതൽ പുനലൂർ വരെയുള്ള 29.84 കിലോമീറ്ററിന് 226.61 കോടി രൂപയുമാണ് ചെലവ്. പ്ലാച്ചേരി മുതൽ പൊൻകുന്നം വരെ കോട്ടയം ജില്ലയിലാണ്. 14 മീറ്റർ വീതിയിലാണ് റോഡ്. 10 മീറ്റർ വീതിയിലാണ് ടാറിങ്. റോ‍ഡിന്റെ 2 വശവും 2 മീറ്റർ വീതിയിൽ നടപ്പാത നിർമിക്കുന്നുണ്ട്.106 കലുങ്കുകൾ നിർമിക്കുന്നുണ്ട്. റാന്നി മുതൽ പൊൻകുന്നം വരെ ദ്രുതഗതിയിലാണ് പണികൾ. എന്നാൽ‍ ഉതിമൂട് മുതൽ പുനലൂർ വരെ വേഗം പോര.

ടൂറിസം വികസനം

കുമ്പഴ പാലം മുതൽ വലഞ്ചുഴി വരെ പരിസ്ഥിതി സൗഹൃദ ടൂറിസം വികസന സാധ്യത ഏറെയുണ്ട്. ഇതിനുള്ള പദ്ധതി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. ഇവിടെ അച്ചൻകോവിലാറ്റിൽ വേനൽക്കാലത്തും വെള്ളം ഉണ്ട്. ബോട്ടിങ് സൗകര്യം ഏർപ്പെടുത്താൻ കഴിയും. കുട്ടികളുടെ പാർക്കും ചുട്ടിപ്പാറ കേന്ദ്രീകരിച്ചു സാഹസിക ടൂറിസം പദ്ധതിയും ആലോചിക്കാവുന്നതാണ്. 30 വർഷമായി നിർമാണം തട്ടിയും മുട്ടിയും ഇഴയുന്ന സുബല പാർക്ക് പൂർത്തിയാക്കണം. ഒന്നാംഘട്ടം പണി തീർത്ത് ഉദ്ഘാടനം നടത്തിയെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമായിട്ടില്ല.

ജില്ലാ സ്റ്റേഡിയം: കായിക പരി‌ശീലന കേന്ദ്രമെന്ന സ്വപ്നം

ജില്ലാ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം നഗരസഭയും കിഫ്ബി ബോർഡും ഒപ്പിട്ടെ​ങ്കിലും മറ്റു നടപടികളായിട്ടില്ല. ഇപ്പോൾ പാലായിലാണ് കുട്ടികളെ പരിശീലിപ്പിക്കാൻ രക്ഷിതാക്കൾ പോകുന്നത്. തൈക്കാവ് സ്കൂളിൽ സ്പോർട്സ് ഹബ് തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചതാണ്. തുടങ്ങിയിട്ടില്ല. സ്റ്റേഡിയം നിർമാണം പൂർത്തിയായാൽ ഇവിടെ കുട്ടികളെ താമസിപ്പിച്ച് അത്‌ലറ്റിക്സിൽ പരിശീലനം നൽകാൻ കഴിയും. രാജ്യത്ത് ഏറ്റവും നല്ല ശുദ്ധവായു ഉള്ള നഗരമാണ് പത്തനംതിട്ട. ഇതു മുതലാക്കി കായിക ആയുർവേദ ചികിത്സാ യൂണിറ്റിന് നല്ല സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com