കയറ്റുമതിയും വിൽപനയുമില്ല: കൈത കർഷകർ ദുരിതത്തിൽ
Mail This Article
റാന്നി ∙ ലോക്ഡൗണിൽ കൈത കർഷകർ പ്രതിസന്ധിയിൽ. കൈതച്ചക്ക കയറ്റുമതി ചെയ്യാനോ വിൽക്കാനോ കഴിയാത്തതിനാൽ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കർഷകർ. റാന്നി താലൂക്കിൽ വൻതോതിൽ കൈത കൃഷിയുണ്ട്. റബർ മരങ്ങൾ വെട്ടി നീക്കിയ തോട്ടങ്ങൾ പാട്ടത്തിനെടുത്താണ് കൈത കൃഷി ചെയ്യുന്നത്. വാഴക്കുളം, തൊടുപുഴ, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തിയ കർഷകരാണ് തോട്ടങ്ങൾ ഒരുക്കി കൈത കൃഷി ചെയ്യുന്നത്.
റബർ തൈകൾ നട്ട് 3 വർഷം പരിപാലിച്ച് നൽകാമെന്നാണ് ഭൂഉടമകളുമായുള്ള കരാർ. റബർ തൈകൾ നടുന്നതിലെ ഭാരിച്ച ചെലവ് കണക്കിലെടുത്ത് ഭൂഉടമകളധികവും പാട്ടത്തിന് ഭൂമി നൽകുന്നു. വിളവാകുന്ന കൈതച്ചക്ക കൂടുതലും കയറ്റുമതി ചെയ്യുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കാണ് അവയിലധികവും എത്തിയിരുന്നത്. ലോക്ഡൗൺ ആരംഭിച്ച ശേഷം കയറ്റുമതിയിൽ ഇടിവുണ്ടായി.
ഇതോടെ കൈതച്ചക്കയുടെ വിലയും കുറഞ്ഞു. മുൻപ് കിലോയ്ക്ക് 50 രൂപ വരെ കൈതച്ചക്കയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മൊത്ത വില കിലോയ്ക്ക് 12–15 രൂപ വരെയാണ്. വലിയ ചക്ക 4 കിലോയും ചെറുത് 5 കിലോയും 100 രൂപയ്ക്ക് കിട്ടും. അതു തന്നെ വാങ്ങാൻ ആവശ്യക്കാരില്ലെന്ന് പഴം കച്ചവടക്കാർ പറയുന്നു. ലോക്ഡൗണിൽ ജനം പുറത്തിറങ്ങാത്തതാണ് ഇതിന് കാരണം. കൈതച്ചക്ക വിളവെടുക്കാൻ പോലും കർഷകർ ഇപ്പോൾ എത്തുന്നില്ല.
കാവലിന് തൊഴിലാളികളെ നിയോഗിച്ചിരുന്നു. മിക്ക തോട്ടങ്ങളിലും കാവലിനും ആളില്ല. കൂലി കൊടുക്കാനുള്ള വരുമാനം കൃഷിയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. റബർ മരങ്ങൾ വെട്ടി നീക്കിയ തോട്ടങ്ങൾ പാട്ടത്തിനെടുക്കാനും കർഷകർ തയാറാകുന്നില്ല. ഇതുമൂലം അടുത്ത കാലത്ത് മരങ്ങൾ വെട്ടി നീക്കിയ തോട്ടങ്ങൾ കാടു മൂടി കിടക്കുകയാണ്.