ഡെൽറ്റ പ്ലസ് നാലു വയസ്സുള്ള കുട്ടിക്ക്; പത്തനംതിട്ട ജില്ലയിൽ കൂടുതൽ ജാഗ്രത
Mail This Article
പത്തനംതിട്ട ∙ കോവിഡ് 19ന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കടപ്ര പഞ്ചായത്തിൽ കണ്ടെത്തിയതോടെ ജില്ലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി. നാലു വയസ്സുള്ള കുട്ടിക്കാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. കടപ്ര പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കലക്ടർ നിർദേശിച്ചു.
മേയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. നിലവിൽ നെഗറ്റീവാണ്. ഡൽഹിയിലെ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ കുട്ടിയുടെ സ്രവ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടത്.
കുട്ടി ഉൾപ്പെട്ട വാർഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ഏരിയയാണ്. ടിപിആർ 18.42 ശതമാനം. ഇതുവരെ ഇവിടെ 87 പേർക്ക് കോവിഡ് പോസിറ്റീവ് ആയി. ഒരാൾ മരിച്ചു. നിലവിൽ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്തെ കോവിഡ് ബാധിതരെ ജില്ലാ കോവിഡ് കെയർ സെന്ററിലേക്കു മാറ്റും. പോസിറ്റീവുകാരുടെ സമ്പർക്ക പട്ടിക തയാറാക്കാനും തീരുമാനിച്ചു.
ഇന്നലെ 298 പേർക്ക് കോവിഡ്
പത്തനംതിട്ട ∙ ജില്ലയിൽ 298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 526 പേർ മുക്തരായി.
∙ ഇന്നലെ കോവിഡ് മരണം- 9
∙ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-10.9 %
∙ നിലവിൽ ചികിത്സയിൽ ഉള്ളവർ– 4369
∙ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ–113748
∙ ആകെ കോവിഡ് മുക്തരായവർ– 108743