പ്രാർഥനയുടെ കൊടിക്കീഴിൽ പരുമല; പെരുന്നാൾ തുടങ്ങി
Mail This Article
പരുമല ∙ വിശ്വാസ പ്രഭയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 119–ാം ഓർമപ്പെരുന്നാളിന് തുടക്കമായി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് നിർവഹിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, അലക്സിയോസ് മാർ യൗസേബിയോസ് എന്നിവർ സഹകാർമികരായിരുന്നു.
പള്ളിയിൽ പ്രാർഥനയ്ക്കു ശേഷം പടിഞ്ഞാറേ കുരിശടിയിലേക്ക് വൈദികരും വിശ്വാസികളും പ്രദക്ഷിണമായി നീങ്ങി. പ്രധാന കൊടിയേറ്റിനെ തുടർന്ന് പള്ളിമുറ്റത്തെ കൊടിമരത്തിലും കിഴക്കേ കൊടിമരത്തിലും കൊടിയേറ്റി. സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ.ജോൺ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി.കുര്യാക്കോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. തീർഥാടന വാരാഘോഷം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് ജോസഫ് തറയിൽ സന്ദേശം നൽകി. പെരുന്നാൾ നവംബർ 2ന് സമാപിക്കും.