ADVERTISEMENT

ഇലന്തൂർ ∙ ദ് മോർ യു സ്വെറ്റ് ഇൻ പീസ്, ദ് ലെസ് യു ബ്ലീഡ് ഇൻ വാർ...... 81–ാം വയസ്സിൽ വിശ്രമ ജീവിതത്തിന്റെ സ്വച്ഛതയിലും ഇതു പറയുമ്പോൾ മാത്യു തോമസ് മുപ്പതുകാരനായ ആ സർജന്റ് മാത്യു തോമസായി മാറും. വ്യോമസേനയുടെ ഫൈറ്റർ ബോംബർ വിമാനങ്ങളുടെ ടെക്നിഷ്യനായിരുന്ന, യുദ്ധമെന്നു കേട്ടാലും പതറാതെ കൃത്യനിർവഹണം നടത്തുന്ന യുവാവ്. 71 ഡിസംബർ 5നു പാക്കിസ്ഥാൻ ആദ്യം ബോംബിട്ട ജോധ്പൂർ എയർബേസിൽ ഉദ്യോഗസ്ഥനായിരുന്നു പത്തനംതിട്ട ഇലന്തൂർ മേമുറിയിൽ സർജന്റ് മാത്യു തോമസ്. 

വ്യോമസേനയുടെ 220 സ്ക്വാഡ്രൻ അംഗമായിരുന്നു അദ്ദേഹം. സാങ്കേതിക മേഖലയിലായിരുന്നാലും 1965ലും 71ലും നടന്ന യുദ്ധങ്ങളിൽ പങ്കെടുത്ത അനുഭവസമ്പത്താണു ജീവിത്തിലെ മുതൽക്കൂട്ടെന്നു വിശ്വസിക്കുന്നയാൾ. കൂടെയുള്ളത് എത്ര ആത്മസുഹൃത്തായാലും എപ്പോൾ േവണമെങ്കിലും   കാണാതാകാം, അതിൽ തളരാതെ മുന്നോട്ടുപോകണം. അതാണു സൈന്യത്തിന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു. .

യുദ്ധകാലത്ത് എല്ലാ പരിശോധനകളും പൂർത്തിയാക്കി പറന്നുയരുന്ന വിമാനത്തിനു പിന്നിൽ മാത്യു തോമസ് അടക്കമുള്ളവരുടെ കൃത്യതയും കണിശതയുമൊക്കെയായിരുന്നു. പലപ്പോഴും ഈ വിമാനങ്ങൾ തിരിച്ചെത്തില്ല. അരമണിക്കൂറിനകം പുതിയ വിമാനം സ്ക്വാഡ്രന്റെ ഭാഗമാകും. അപ്പോൾ മുതൽ അതിന്റെ ചുമതലയാകും. വിഷമത്തിനോ സങ്കടങ്ങൾക്കോ സ്ഥാനമില്ലാത്തത്ര തിരക്കാണ് സമാധാനകാലത്തു പോലും.  1962ലെ ഇന്ത്യ–പാക്ക് യുദ്ധ സമയത്ത് കോയമ്പത്തൂരിലായിരുന്നു. പിന്നെയാണ് ജോധ്പൂരിലേക്ക് മാറ്റം.

1965ലെ ഇന്ത്യ–പാക്ക് യുദ്ധത്തിന്റെ ഭാഗമാകുമ്പോൾ വെറും 23 വയസ്സ്. 17 ദിവസത്തെ യുദ്ധത്തിൽ നഷ്ടമായത് മൂവായിരത്തോളം സൈനികരെ. തലേന്നു കണ്ട പൈലറ്റിന്റെ മൃതദേഹം പിറ്റേദിവസം പോയി സ്വീകരിച്ച് അടക്കം ചെയ്യേണ്ടിവന്നിട്ടുണ്ട്. അവർതന്നെയാണെന്ന് അടയാളങ്ങൾവച്ച് ഉറപ്പാക്കേണ്ടി വന്നിട്ടുണ്ട്, അൽപം പോലും പതറാതെ തിരികെ ചുമതലയേറ്റിട്ടുമുണ്ട്.  65ലും 71ലും യുദ്ധകാലത്ത് ടാർഗറ്റിൽ നിന്നു തിരിച്ചെത്തുന്ന വിമാനങ്ങൾ പരിശോധിക്കുമ്പോൾ  വിജയിച്ചു തിരിച്ചുവന്നെന്ന സന്തോഷം ഒരുനിമിഷത്തേക്കെങ്കിലും മനസ്സിലുയരുമായിരുന്നെന്ന്  മാത്യു തോമസ് പറയുന്നു. 

മറുവശത്തും നഷ്ടമാകുന്നത് മനുഷ്യജീവനാണെന്നത് സത്യമാണെങ്കിലും അത്തരം ചിന്തകൾക്കു ൈസന്യത്തിൽ സ്ഥാനമില്ലെന്നും കർത്തവ്യമെന്നത് ഇളവില്ലാത്ത ജീവിതം തന്നെയാണെന്നും അദ്ദേഹം പറയുന്നു. 1960ൽ ആണു വ്യോമസേനയിൽ ചേരുന്നത്. കാൺപൂരിലായിരുന്നു പരിശീലനം. തുടർന്ന് കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റമായി. 15 വർഷത്തെ സേവനത്തിനുശേഷം 1975ൽ സൈനിക ജീവിതം മതിയാക്കി. തുടർന്ന് അബുദാബി സിവിൽ ഏവിയേഷൻ വിഭാഗത്തിൽ ജോലിചെയ്തു. ഭാര്യ വത്സമ്മ മാത്യു ഇലന്തൂർ ഗവ.സ്കൂളിൽ അധ്യാപികയായിരുന്നു. മൂത്തമകൻ റെജി തോമസ് മാത്യു ബ്രിട്ടിഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ ബെംഗളൂരുവിൽ ബിസിനസ്. മകൻ രഞ്ജി മാത്യു മസ്കറ്റിൽ ബിസിനസ് എക്സിക്യൂട്ടീവാണ്. ഇളയമകൻ റോണി അലക്സ് മാത്യു ദോഹയിൽ ബിസിനസ് എക്സിക്യൂട്ടീവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com