മരണത്തെ മുഖാമുഖം കണ്ടരാത്രി: മൈലപ്രയുടെ യുദ്ധസ്മരണകളിൽ ‘ഖുക്രി’ അച്ചായനും
Mail This Article
പത്തനംതിട്ട ∙ ഐഎൻഎസ് ഖുക്രിയെന്നത് മൈലപ്രക്കാർക്ക് എന്നോ യുദ്ധത്തിൽ പങ്കെടുത്ത ഒരു യുദ്ധക്കപ്പലായിരുന്നില്ല. അവരുടെ സ്വന്തം അച്ചായന്റെ പേരിനോടു ചേർത്തു വിളിക്കുന്ന സ്നേഹമായിരുന്നു. ഖുക്രി അച്ചായൻ എന്നാണ് മൈലപ്ര ചരിവുപറമ്പിൽ സി.ടി.ജോൺ അറിയപ്പെട്ടത്.1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച സബ്മറൈൻ ഫ്രിഗറ്റ് ഐഎൻഎസ് ഖുക്രിയിലെ ചീഫ് പെറ്റി ഓഫിസറായിരുന്നു അദ്ദേഹം. 2013 ജൂലൈ 14ന് 87ാം വയസ്സിൽ നിര്യാതനായി. 1972 ൽ രാഷ്ട്രപതിയിൽ നിന്നു വിശിഷ്ടസേവാ മെഡൽ സി.ടി.ജോണിനു ലഭിച്ചിരുന്നു.
1971 ഡിസംബർ 9ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ലക്ഷ്യമാക്കി പാക്കിസ്ഥാന്റെ അന്തർവാഹിനി നീങ്ങിയിരിക്കുന്നതായി രഹസ്യ സന്ദേശം ലഭിച്ചു. ഇതിനെ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച മൂന്നു യുദ്ധക്കപ്പലുകളിൽ ഒന്നായിരുന്നു ഐഎൻഎസ് ഖുക്രി. ഓഫിസർമാരും സെയ്‌ലർമാരുമുൾപ്പടെ 200ൽ അധികം പേർ ആ സമയം ഖുക്രിയിലുണ്ടായിരുന്നു. ഗുജറാത്തിനു സമീപം ഡ്യൂ ഹെഡിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഖുക്രിക്ക് പാകിസ്ഥാന്റെ ഫ്രഞ്ച് നിർമ്മിത അന്തർവാഹിനിയിൽ നിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായി. മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽനിന്ന് സി.ടി.ജോൺ ഉൾപ്പടെയുള്ളവർ കടലിലേക്കു ചാടി. ലൈഫ് ജാക്കറ്റുമായി ചാടിയ അദ്ദേഹത്തിനു കൈയിൽ കിട്ടിയ തടിക്കഷണവും തുണയായി.
എന്നാൽ രക്ഷാപ്രവർത്തനത്തിനെത്തിയ വിമാനത്തിൽ പിടിച്ചു കയറാൻ അവർക്കായില്ല. മരണത്തെ മുഖാമുഖം കണ്ട് ഒരു രാത്രി തണുത്തുറഞ്ഞ കടലിൽ കഴിച്ചുകൂട്ടി. പിറ്റേന്ന് ഐഎൻഎസ് കൃപാൺ എത്തി രക്ഷപെടുത്തിയപ്പോൾ ജീവൻ ബാക്കിയായത് 67 നാവികർക്കുമാത്രം. നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം കുറെക്കാലം കസ്റ്റംസിലും സേവനമനുഷ്ഠിച്ചു. തുടർന്നു മൈലപ്രയിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. മേക്കൊഴൂർ കോട്ടേക്കാവനാൽ കുടുംബാംഗമാണ് സി.ടി.ജോൺ. ഭാര്യ സാറാമ്മ. മക്കൾ: മോളമ്മ,ഷേർലി,റോയ്,റെജിഎന്നിവർ യുഎസിലാണ്. സി.ടി.ജോണിന്റെ നിര്യാണത്തിനുശേഷം ഭാര്യ സാറാമ്മയും ഇപ്പോൾ മക്കൾക്കൊപ്പം യുഎസിലാണ്.