ആയുർവേദ ചികിത്സയെ ‘പാട്ടിലാക്കിയ’ ആലപ്പി രംഗനാഥ്
Mail This Article
പത്തനംതിട്ട ∙ കവിയും ചലച്ചിത്ര സംഗീത സംവിധായകനും നാടക രചയിതാവുമായിരുന്ന ആലപ്പി രംഗനാഥ് വിട വാങ്ങുമ്പോൾ അദ്ദേഹത്തോട് ഒപ്പമുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഓമല്ലൂർ വേദ ആയുർവേദ ആശുപത്രിയിലെ ഡോ. റാം മോഹൻ. രംഗനാഥ് തന്റെ ശാരീരിക അസ്വസ്ഥതകൾക്കു ചികിത്സ തേടി 1994 ലാണ് ഇവിടേക്ക് എത്തുന്നത്. ചികിത്സയ്ക്കൊപ്പം മണിക്കൂറുകളോളം ഒപ്പമിരുന്ന് പല കാര്യങ്ങളും ചർച്ച ചെയ്യാനും സമയം കണ്ടെത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിലെ പ്രതിഭയെ തൊട്ടറിയുന്നത്. ദിനവുമുള്ള ഈ ചർച്ചകൾക്കിടെയാണ് ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയം കാസറ്റിലാക്കാം എന്ന ആലോചന ഉണ്ടാകുന്നത്. അദ്ദേഹം സന്തോഷത്തോടെ അത് ഏറ്റെടുക്കുകയും വലിയ ഗ്രന്ഥമായ ഇതിന്റെ ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ ആദ്യം ചെയ്യാം എന്ന് നിർദേശിക്കുകയും ചെയ്തു.
ഒരു ആയുർവേദ ചികിത്സകന് ഏറ്റവും ആവശ്യമായ വാതരോഗ ചികിത്സ ആദ്യം ചെയ്യാമെന്നും പിന്നീട് ഓരോ അധ്യായം വീതം ചെയ്യാം എന്നുമാണ് തീരുമാനിച്ചത്. സംസ്കൃതം നന്നായി അറിയാമെങ്കിലും ചികിത്സാപരമായി ഓരോ പദത്തിന്റെയും ശ്ലോകത്തിന്റെയും അർഥം ചോദിച്ചു മനസ്സിലാക്കുകയും ആ സ്വഭാവം ഉൾക്കൊള്ളുന്ന രാഗം അതിനായി ആശുപത്രിയിൽ വച്ചു തന്നെ ചിട്ടപ്പെടുത്തുകയും ചെയ്തു. സംഗീതത്തിൽ വളരെ താൽപര്യമുണ്ടായിരുന്ന ഡോ.പി.വൈ.ജോണും നല്ല രീതിയിൽ ഈ രംഗത്ത് സഹായിച്ചു.
അർഥം ഒട്ടും ചോർന്നുപോകാതെ തന്നെ കോട്ടയത്തുള്ള സ്റ്റുഡിയോയിൽ പ്രശസ്ത ഗായകനായ കലാഭവൻ സാബു ഗാനങ്ങൾ ആലപിച്ച് കാസറ്റിൽ ആക്കി. പക്ഷേ, പിന്നീട് അദ്ദേഹത്തിന്റെ തിരക്കുകൾ മൂലം അതു തുടരാനായില്ല എന്നത് ഒരു വലിയ സങ്കടമായി അവശേഷിക്കുന്നുവെന്ന് ഡോ. റാം മോഹൻ പറയുന്നു.