ADVERTISEMENT

ശബരിമല ∙ പരമ്പരാഗത നീലിമല പാത ഇടിച്ചുനിരത്തിയുള്ള നവീകരണം പുരോഗമിക്കുന്നു. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കയറ്റത്തിന്റെ കാഠിന്യം കുറച്ചാണ് പാത നവീകരിക്കുന്നത്.ഇതിനായി നിലവിലുള്ള പടികളും കോൺക്രീറ്റ് വഴിയും പൊളിച്ചുനീക്കി ചരിവ് കൂട്ടുന്ന ജോലികളാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ 11.75 കോടി രൂപ മുടക്കിയാണ് നവീകരണ ജോലികൾ നടക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെ 2.7 കിലോമീറ്റർ ദൂരത്തിലാണ് വികസനം. മല കയറുന്നതിനു തീർഥാടകരുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണ് കരിങ്കല്ല് കൊണ്ടുള്ള പടികൾ കെട്ടിയത്.

ഭക്തരുടെ ചെലവിലാണ് ഓരോ പടികളും നിർമിച്ചത്. കരിങ്കല്ല് നൽകിയ ഭക്തരുടെ പേരുകൾ കൊത്തിയിരുന്നു. ഇതിനു 100 വർഷത്തിലേറെ പഴക്കമുണ്ട്. ശബരിമല വികസനത്തിനു വനഭൂമി വിട്ടുകിട്ടിയ ശേഷം നീലിമല പാത വീതികൂട്ടി കോൺക്രീറ്റ് ചെയ്തു. നിലവിൽ ഉണ്ടായിരുന്ന പടികൾ നിലനിർത്തിയാണ് അന്നു കോൺക്രീറ്റ് ചെയ്തത്. ഇവ പൂർണമായും പൊളിച്ചുമാറ്റി മുഴുവൻ ഭാഗവും കരിങ്കൽ പാളികൾ പാകുന്ന ജോലിയാണ് നടക്കുന്നത്. ഇതിനായി നീലിമല മുതൽ അപ്പാച്ചിമേട് വരെയുള്ള ഭാഗത്തെ പടികൾ മുഴുവൻ ഇളക്കി മാറ്റി. കോൺക്രീറ്റ് ചെയ്ത ഭാഗവും കൊത്തിയിളക്കി.

അപ്പാച്ചിമേട് ഭാഗത്തെ കുത്തനെയുള്ള കയറ്റം കുറയ്ക്കുന്നതിനുള്ള പണികളും നടക്കുന്നു. പൂർണമായും കരിങ്കല്ല് പാതി പാത നവീകരിക്കാനാണു ഉദ്ദേശിക്കുന്നത്. പാതയുടെ ഒരു വശത്തു കൂടി അപ്പാച്ചിമേട് വരെ ആംബുലൻസിനു കടന്നു പോകാവുന്ന ഓഫ് ലൈൻ റോഡും ഒരുക്കുന്നുണ്ട്. ദുരന്ത നിവാരണ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. മരക്കൂട്ടത്തു നിന്നു ശരംകുത്തിവഴി സന്നിധാനത്ത് എത്തുന്ന പാതയിലെ ബാരിക്കേഡ് ഇളക്കി മാറ്റി വശം കല്ലുകെട്ടി മണ്ണിട്ട് നികത്തിയ ശേഷമാണ് കരിങ്കല്ല് പാകി നവീകരിക്കുക.

‘വിശ്രമിക്കാൻ സൗകര്യം ഒരുക്കണം’

കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും കയറി ക്ഷീണിക്കുമ്പോൾ അയ്യപ്പന്മാർക്ക് ഇടയ്ക്ക് വിശ്രമിക്കാൻ സൗകര്യം വേണമെന്ന ആവശ്യം അയ്യപ്പ സേവാസംഘം ഉന്നയിച്ചിട്ടുണ്ട്. പടിയും കോൺക്രീറ്റും കൊത്തിയിളക്കി ഇട്ടതിനാൽ ഉത്സവത്തിന് ഇതുവഴി മലകയറിയ അയ്യപ്പന്മാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കണമെന്നും അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി എൻ. വേലായുധൻ നായർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com