പണിമുടക്ക്: ഡയസ്നോൺ ബാധകമാക്കി പക്ഷേ ജോലിക്കെത്താതെ ഭൂരിപക്ഷം ജീവനക്കാർ...
Mail This Article
പത്തനംതിട്ട ∙ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ ജോലിക്ക് എത്താത്തവർക്ക് സർക്കാർ ഡയസ്നോൺ ബാധകമാക്കി എങ്കിലും ഭൂരിപക്ഷം പേരും എത്തിയില്ല. ജില്ലയിലെ വിവിധ ഓഫിസുകളിൽ ഹാജർ കുറവായിരുന്നു. ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റിലെ റവന്യു വിഭാഗത്തിൽ 114 ജീവനക്കാർ ഉള്ളതിൽ 9 പേർ മാത്രമാണ് എത്തിയത്.
ഭൂമി ഏറ്റെടുക്കൽ (എൽഎ– ജനറൽ ) ഓഫിസ്, അടൂർ, റാന്നി താലൂക്കുകളിലെ വില്ലേജ് ഓഫിസുകൾ എന്നിവ തുറന്നില്ല. ജില്ലയിലെ മറ്റ് റവന്യു ഓഫിസുകളിലെ ഹാജർ നില: (ആകെ ജീവനക്കാർ ബ്രാക്കറ്റിൽ)അടൂർ ആർഡിഒ ഓഫിസ് ഒന്ന് (23), തിരുവല്ല ആർഡിഒ ഓഫിസ് 2 (23), എൽഎ ജനറൽ 0 (23), എൽഎ പവർഗ്രിഡ് 3 (7), ആർആർ ഓഫിസ് ഒന്ന്(18), കോഴഞ്ചേരി താലൂക്ക് ഓഫിസ് 5 (54), അടൂർ താലൂക്ക് ഓഫിസ് 2 (68), തിരുവല്ല താലൂക്ക് ഓഫിസ് ഒന്ന് (57), മല്ലപ്പള്ളി താലൂക്ക് ഓഫിസ് 2 (49), റാന്നി താലൂക്ക് ഓഫിസ് 5 (49), കോന്നി താലൂക്ക് ഓഫിസ് 2 (63).വില്ലേജ് ഓഫിസുകൾ: കോഴഞ്ചേരി ഒന്ന് (69), അടൂർ 0 (93), തിരുവല്ല 2(68), മല്ലപ്പള്ളി- 0 (34), റാന്നി- 0 (55), കോന്നി 4 (74). പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലുള്ള റജിസ്ട്രാർ ഓഫിസ് തുറന്നില്ല. അടൂർ ടൗണിലെ എസ്ബിഐ ശാഖകൾ സമരക്കാർ അടപ്പിച്ചു. ഏനാത്ത് മേഖലയിൽ എസ്ബിഐ, ഫെഡറൽ ബാങ്ക് ശാഖകളും മറ്റ് പണമിടപാട് സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു.
കെഎസ്ആർടിസി സർവീസുകൾ നാമമാത്രം
ജില്ലയിലെ വിവിധ ഡിപ്പോകളിൽ കെഎസ്ആർടിസി 15 സർവീസ് നടത്തി. യാത്രക്കാർ തീരെ കുറവായിരുന്നു. പത്തനംതിട്ട ഡിപ്പോ 5, കോന്നി 5,തിരുവല്ല 3, റാന്നി, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ഒന്ന് വീതവും സർവീസ് നടത്തി. പന്തളം, അടൂർ ഡിപ്പോകളിൽ നിന്ന് ഒന്നും അയച്ചില്ല. ചടയമംഗലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നു വന്ന കെഎസ്ആർടിസി ബസുകൾ അടൂർ ഡിപ്പോയ്ക്കു മുന്നിൽ അര മണിക്കൂർ തടഞ്ഞിട്ടു.
ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയ്ക്കു പോകാൻ വന്ന ബസും ഒരു മണിക്കൂറോളം തടഞ്ഞിട്ടു. മല്ലപ്പള്ളി–കല്ലൂപ്പാറ വഴി തിരുവല്ലയ്ക്ക് കെഎസ്ആർടിസി ഒരു ബസ് സർവീസ് നടത്തിയെങ്കിലും ഉച്ചയ്ക്കുശേഷം നിർത്തിവച്ചു. പത്തനാപുരം - മാങ്കോട് - പത്തനംതിട്ട ബസ് രാവിലെ 8.30ന് മാങ്കോട്ടുവച്ച് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. കോന്നി മെഡിക്കൽ കോളജിൽ നിന്നും കുളത്തുമണ്ണിൽ നിന്നു വന്ന ബസുകൾ ഒൻപതിന് കോന്നി സെൻട്രൽ ജംക്‌ഷനിൽ തടഞ്ഞു. തിരുവല്ല ഡിപ്പോയിൽ നിന്നും എംസി റോഡ് റൂട്ടിലും പത്തനംതിട്ട ഭാഗത്തേക്കും കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തി.