ADVERTISEMENT

റാന്നി ∙ പമ്പാനദിയുടെ ആഴം കൂട്ടുന്നതിനായി മണ്ണുമാന്തി ഉപയോഗിച്ചു നടത്തുന്ന പണികൾ അശാസ്ത്രീയമെന്ന് വ്യാപക പരാതി. ആറിന്റെ വശങ്ങളിലെ മണൽ പുറ്റുകൾ നീക്കാതെ മധ്യ ഭാഗത്തു നിന്ന്  മണൽ വാരി പുറ്റുകൾക്കു മുകളിൽ തള്ളുകയാണ്. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ വൻതോതിൽ ചെളിയും മണലും ആറ്റിലൂടെ ഒഴുകിയെത്തിയിരുന്നു. മൂന്നും നാലും ദിവസം വെള്ളം കെട്ടിക്കിടന്നപ്പോൾ അവ ആറിന്റെ തീരങ്ങളിലും അടിത്തട്ടിലും അടിഞ്ഞിരുന്നു. ഇതോടെ ആറിന്റെ വീതിയും ആഴവും കുറഞ്ഞു. ചെറിയ മഴക്കാലത്തും പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിട്ടിരിക്കുകയാണ്. 

തുടരെയുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനാണ് മണൽ പുറ്റുകൾ നീക്കി ആറിന്റെ ആഴവും വീതിയും കൂട്ടാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ പുറ്റുകൾ നീക്കുന്നില്ല. പമ്പാനദിയുടെ മധ്യത്ത് നിന്ന് മണൽ കുഴിച്ചു വാരുകയാണ്. പേരൂച്ചാൽ പാലത്തിന് താഴേക്ക് ആറിന്റെ തീരത്തു കൂടി നടന്നാൽ ഇതു വ്യക്തമായി കാണാം. ആറിന്റെ നടുക്ക് മണൽ വാരി കൂട്ടിയിരിക്കുന്നു. പേരൂച്ചാൽ മങ്ങാട്ടിൽ കടവ് മുതൽ പുത്തൂർ കടവ് വരെ വൻതോതിൽ പുറ്റുകൾ രൂപപ്പെട്ടിട്ടുണ്ട്. നാലും അഞ്ചും മീറ്റർ ഉയരത്തിലാണ് പുറ്റുകൾ നിൽക്കുന്നത്. അവ ഇതുവരെ നീക്കിയിട്ടില്ല. 

എന്നാൽ ആറിന്റെ തീരത്തു കൂടി വഴി വെട്ടി മണ്ണുമാന്തി ഉപയോഗിച്ച് മണൽ കുഴിച്ചു വാരുന്നുണ്ട്. അവ തള്ളുന്നത് പുറ്റിലേക്കാണ്. പുറമേ നോക്കിയാൽ പുറ്റുകൾ വാരിക്കൂട്ടിയിരിക്കുകയാണെന്ന് തോന്നും. ആറിന്റെ തീരത്തു കൂടി വെട്ടിയ റോഡിലൂടെ രാത്രി മണൽ കടത്തിയാലും ആരും അറിയില്ല. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് മണൽ വാരൽ നടക്കുന്നത്. മണ്ണുമാന്തി ഓപ്പറേറ്റർമാർക്ക് തോന്നിയ പോലെ പണി നടത്തുകയാണെന്നാണ് പരാതി. ചെളിയും മണലും വെവ്വേറെ വാരി നീക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം താലൂക്ക് വികസന സമിതിയിലും പരാതി ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com