ADVERTISEMENT

കോന്നി ∙ കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ് (സിഎഫ്ആർഡി) ക്യാംപസിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ജീവനക്കാർക്കു പരിശീലനത്തിനായി നിർമിക്കുന്ന ഡോർമിറ്ററി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ക്ഷണിക്കാത്തതിൽ ക്ഷുഭിതനായി കെ.യു.ജനീഷ് കുമാർ എംഎൽഎ. 

ഉദ്ഘാടനം കഴിഞ്ഞു മന്ത്രി ജി.ആർ.അനിൽ പുറത്തിറങ്ങിയപ്പോഴാണ് എംഎൽഎ എത്തിയത്. എംഎൽഎ എറണാകുളത്തായിരുന്നല്ലോ എത്തിയോ എന്നു മന്ത്രി ചോദിച്ചു. രാവിലെ എത്തിയെന്നും വരാൻ ആരെങ്കിലും വിളിക്കണ്ടേയെന്നുമായിരുന്നു എംഎൽഎയുടെ മറുപടി. യോഗം തീർന്നില്ല, 

വേദിയിലേക്ക് ഇരിക്കാമെന്നു മന്ത്രി പറഞ്ഞെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു എംഎൽഎ. മന്ത്രി മടങ്ങിയ ശേഷം സിഎഫ്ആർഡിയിലെ ഉദ്യോഗസ്ഥരോട് എംഎൽഎ ക്ഷുഭിതനായി. ഉദ്യോഗസ്ഥർ മര്യാദയ്ക്കു ജോലി ചെയ്യുന്നില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.ആർ.ഗോപിനാഥനും പറഞ്ഞു. കഴിഞ്ഞ 16നാണ് ശിലാസ്ഥാപനം നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും കോന്നി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നതുമൂലം മാറ്റിവയ്ക്കുകയും ഇന്നലെ തീയതി തീരുമാനിക്കുകയുമായിരുന്നെന്നും മന്ത്രി ഉദ്ഘാടന വേദിയിൽ പറഞ്ഞിരുന്നു. 

എംഎൽഎയുമായി ബന്ധപ്പെട്ടപ്പോൾ അസൗകര്യമുള്ളതായി അറിയിച്ചെന്നും മന്ത്രി പറഞ്ഞു. നോട്ടിസിൽ എംഎൽഎയെ ആണ് അധ്യക്ഷനായി ഉൾപ്പെടുത്തിയിരുന്നത്. എംഎൽഎയുടെ അഭാവത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷയായി. സിപിഐ പ്രാദേശിക നേതൃത്വത്തെയും ചടങ്ങ് അറിയിച്ചില്ലെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com