ADVERTISEMENT

അങ്ങാടി ∙ ഗവ. ആയുർവേദ ഡിസ്പെൻസറി താലൂക്ക് ആയുർവേദ ആശുപത്രിയായി ഉയർത്തുമോ? കിടത്തി ചികിത്സ തുടങ്ങുമോ? പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ അങ്ങാടി പഞ്ചായത്തിലെ ഡിസ്പെൻസറിയുടെ വികസനത്തിൽ ഉറപ്പുകളൊന്നും പറയാനാകുന്നില്ല.1948ൽ ആണ് ഡിസ്പെൻസറി തുറന്നത്. 1997 മേയ് 10 വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. എ.സി.ജോസ് എംപിയായിരിക്കെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ച് ചെട്ടിമുക്ക് ജംക്‌ഷന് സമീപം കെട്ടിടം നിർമിച്ചതോടെയാണ് വാടക കെട്ടിടത്തിൽ നിന്ന് മോചനം ലഭിച്ചത്. പിന്നീട് കൂട്ടിച്ചേർക്കലുകൾ നടത്തിയതൊഴിച്ചാൽ കാര്യമായ വികസനം നടന്നിട്ടില്ല. അടുത്തിടെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ അലുമിനിയം ഷീറ്റുകൾ പാകി. ഇവിടെ യോഗ സെന്റർ തുറന്നിട്ടുണ്ട്.ഡിസ്പെൻസറിക്ക് കെട്ടിടം നിർമിക്കാൻ പലതവണ എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കിയിരുന്നു. 

എന്നാൽ ഫണ്ട് അനുവദിക്കാത്തതിനാൽ നിർമാണം നടന്നില്ല. ഒരു വർഷം മുൻപ് 34 ലക്ഷം രൂപ അനുവദിച്ചിരുന്നു. യഥാസമയം തുടർ നടപടി സ്വീകരിക്കാത്തതു മൂലം ഫണ്ട് ലാപ്സായി. വാർഡോടു കൂടിയ ബഹുനില കെട്ടിടം നിർമിക്കുന്നതിന് 7 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു. സംസ്ഥാന ബജറ്റിൽ പണം അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്. ടോക്കൺ തുക മാത്രമാണ് ബജറ്റിലുള്ളത്.കെട്ടിട നിർമാണത്തിന് ആവശ്യത്തിനു സ്ഥലമുണ്ട്. താലൂക്ക് ആയുർവേദ ആശുപത്രിയായി ഉയർത്തിയാൽ കിടത്തി ചികിത്സ തുടങ്ങാനാകും. കൂടാതെ എല്ലാ ആയുർവേദ ചികിത്സകളും ഇവിടെ ലഭ്യമാകും. അയിരൂർ ജില്ലാ ആയുർ‌വേദ ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും ഇതിലൂടെ കഴിയും. ആയുഷ് വകുപ്പിന്റെ അടിയന്തര ഇടപെടലാണ് ഇതിനു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com