ADVERTISEMENT

കോഴഞ്ചേരി ∙ ജൻഡർ ന്യൂട്രൽ യൂണിഫോം പല സ്കൂളുകളിലും നടപ്പാക്കാൻ തുടങ്ങിയതോടെ അൽപം നിലയും വിലയുമായ വേഷമാണ് പാന്റ്സും ഷർട്ടും. എന്നാൽ യൂണിഫോം തയ്ച്ച് കിട്ടാൻ ഒരു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ് പലയിടത്തും. പാന്റ്സും ഷർട്ടും തുന്നുന്നതിൽ നൈപുണ്യമുള്ളവരുടെ കുറവാണ് കാത്തിരിപ്പിന് കാരണം. ഇതിൽത്തന്നെ പാന്റ്സ് തയ്ക്കുന്നതാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ വരെ തയ്യൽ മേഖലയിൽ ജോലി നോക്കുന്ന പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ മിക്ക ജില്ലകളിലും ഇതാണ് അവസ്ഥ.

ചില സ്കൂളുകളിൽ പെൺകുട്ടികൾക്ക് ഷർട്ടിന് പുറമേ ഓവർകോട്ട് കൂടിയുണ്ട്. ഷർട്ട് തയ്യൽ അറിയുന്നവർ ഉണ്ടെങ്കിലും പാന്റ്സ് തയ്ക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. പത്തനംതിട്ട ജില്ലയിൽ മുപ്പതിനായിരത്തോളം പേരാണ് തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായി അംശദായം അടയ്ക്കുന്നത്. ഇതിൽ കൂടുതലും സ്ത്രീ തൊഴിലാളികളാണ്.

തയ്യൽ കേന്ദ്രങ്ങളിൽ തൊഴിലാളികളായി ജോലി ചെയ്യുന്നവർ ക്ഷേമ നിധിയുടെ കണക്കിൽ ഉൾപ്പെടുന്നുമില്ല. എന്നിട്ടും പാന്റ്സ് തയ്ക്കുന്നതിന് ആളില്ലാതെ വിഷമിക്കുകയാണ് മിക്കയിടത്തും രക്ഷിതാക്കളും സ്കൂൾ അധികൃതരും. 300 രൂപമുതൽ കുട്ടികളുടെ പാന്റ്സിനും 250 രൂപ മുതൽ ഷർട്ടിനും പലയിടത്തും തയ്യൽക്കൂലി ഈടാക്കുന്നുണ്ട്.

വിദ്യാലയ വർഷം തുടങ്ങുമ്പോൾ പെൺകുട്ടികൾക്ക് പിനോഫർ, ഫ്രോക്ക്, പാവാട, ബ്ലൗസ് എന്നിവയായിരുന്നു യൂണിഫോമായി നൽകിയിരുന്നത്. കാലത്തിന്റെ അനിവാര്യതയായി പാന്റ്സിലേക്കുള്ള മാറ്റം വേഗത്തിലാക്കണമെങ്കിൽ നൈപുണ്യ വികസന പദ്ധതികളുടെ കീഴിൽ തയ്യൽ തൊഴിലാളികൾക്ക് ഇക്കാര്യത്തിൽ പരിശീലനം നൽകേണ്ടി വരും.

നിലവിൽ കുടുംബശ്രീയുടെ കീഴിൽ നൈപുണ്യ വികസനം സംബന്ധിച്ച് വിവിധ ഏജൻസികളുടെ പരിശീലനവും സർവേയും മറ്റും നടക്കുന്നുണ്ട്. തയ്യൽ മേഖലയിലെ മാറ്റത്തിന് അനുസരിച്ച് ആവശ്യമായ പരിശീലനവും ഇത്തരത്തിൽ ലഭ്യമാകും എന്നാണ് ഈ മേഖലയിലെ തൊഴിലാളികൾ പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com