അരി തീർന്നപ്പോൾ കഴിക്കാൻ പച്ചച്ചക്ക; ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ കിട്ടിയിട്ട് 2 മാസം
Mail This Article
പത്തനംതിട്ട ∙ ളാഹ പൂങ്കാവിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ലഭിച്ചിട്ട് 2 മാസം. ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ നിന്നുള്ള ഭക്ഷണസാധനങ്ങൾ എസ്ടി പ്രമോട്ടർമാർ കൃത്യസമയത്ത് എത്തിക്കുന്നില്ലെന്നാണ് ഇവിടെയുള്ള കുടുംബങ്ങളുടെ പരാതി. ഒരു കുടുംബത്തിന് ഒരു ചാക്ക് അരിയും അതിനാവശ്യമായ സാധനങ്ങളും മുൻപു ലഭിക്കുമായിരുന്നു. പിന്നീടിത് 15 കിലോ അരിയും ഒരു കിലോ പയറും ഒരു കിലോ കടലയും വെളിച്ചെണ്ണയുമായി വെട്ടിക്കുറച്ചു. ഇപ്പോൾ രണ്ടു മാസമായി അതും കിട്ടുന്നില്ലെന്നാണു പരാതി.
പൂങ്കാവിൽ നിന്ന് അര കിലോമീറ്റർ ദൂരെയുള്ള മഞ്ഞത്തോട്ടിലെ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ തികയുന്നില്ല. ഇവിടെ മുപ്പതിൽ അധികം കുടുംബങ്ങളാണുള്ളത്. ചില കുടുംബങ്ങളിൽ 8 അംഗങ്ങൾ വരെയുണ്ട്. മഴയായതിനാൽ കാട്ടിൽ പോകാനും കഴിയുന്നില്ല. ഇപ്പോൾ ലഭിക്കുന്ന സാധനങ്ങൾ കൊണ്ട് കുടുംബങ്ങൾക്ക് ഒരുമാസം ജീവിക്കാൻ കഴിയുന്നില്ലെന്ന് ആദിവാസിയായ ചന്ദ്രൻ പറഞ്ഞു. അതേസമയം ഭക്ഷണ സാധനങ്ങൾ കൃത്യസമയത്ത് എത്തിച്ചു നൽകുന്നുണ്ടെന്നും ഒരു ബുദ്ധിമുട്ടും മഞ്ഞത്തോട്ടിലെ ആദിവാസി ജനങ്ങൾക്കില്ലെന്നും റാന്നി ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ പറഞ്ഞു.
എസ്ടി വിഭാഗത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്ന കുടുംബങ്ങൾക്ക് മാത്രമാണ് ട്രൈബൽ വകുപ്പ് ഭക്ഷണ സാധനങ്ങൾ നൽകുന്നതെന്നും ആക്ഷേപമുണ്ട്. പട്ടികയിൽ ഉൾപ്പെടാത്ത മറ്റ് ആദിവാസി കുടുംബങ്ങളുടെ അവസ്ഥ ആരും അന്വേഷിക്കുന്നില്ലെന്നു നാട്ടുകാരനായ സോമൻ പമ്പ പറഞ്ഞു. 8 മാസമായി സോമനും കുടുംബവും മഞ്ഞത്തോട്ടിലാണ് താമസിക്കുന്നത്. മഴക്കാലമത്രയും പട്ടിണിയാണ്. ആകെ 24 കുടുംബങ്ങളാണു പൂങ്കാവിൽ താമസിക്കുന്നത്. ഓരോ കുടുംബത്തിനും ധനസഹായമായി 1000 രൂപ സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. ഈ തുക 2500 രൂപയായി ഉയർത്തുകയും ചെയ്തു.
എന്നാൽ കൂട്ടിയ തുക കുടുംബങ്ങൾക്കു ലഭിക്കുന്നില്ല. വകുപ്പ് നൽകുന്ന പണം മദ്യപിച്ചു തീർക്കുന്നുവെന്ന് ആരോപിച്ചു അധികൃതർ തുക നൽകുന്നില്ലെന്നാണ് ആക്ഷേപം. റേഷൻ കാർഡുള്ള കുടുംബങ്ങളും ചുരുക്കമാണ്. കാർഡില്ലാത്ത കുടുംബങ്ങൾക്ക് വകുപ്പിൽ നിന്നു ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നില്ല. ഒരു ചാക്ക് അരിയും സാധനങ്ങളും നൽകിയപ്പോൾ ചില കുടുംബങ്ങൾ അത്രയും സാധനങ്ങൾ ആവശ്യമില്ലെന്ന് എഴുതിക്കൊടുത്തതിനാലാണ് കുറച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ എഴുത്തും വായനയും അറിയാത്ത ആദിവാസികൾ എങ്ങനെ എഴുതി നൽകിയെന്ന് അറിയില്ലെന്നും സോമൻ പമ്പ പറഞ്ഞു.
സഹായവുമായി നന്മ കൂട്ടായ്മ
പത്തനംതിട്ട∙ ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ പട്ടിണിയിലായ കുടുംബങ്ങൾക്ക് പത്തനംതിട്ടയിലെ സാമൂഹികപ്രവർത്തകർ ഭക്ഷണ സാധനം എത്തിച്ചു. അമേരിക്കൻ മലയാളിയായ കോന്നിയൂർ സണ്ണിയുടെ സഹായത്തോടെ പത്തനംതിട്ടയിലെ നന്മ കൂട്ടായ്മ അംഗങ്ങളായ കെ.എസ്. മോഹനൻ പിള്ള, പി.എസ്. ബാബു, സുരേന്ദ്രൻ പിള്ള, റോബി മാത്യു,ജെഫ് പൗവ്വത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നരമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. ഈ കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ആവശ്യമായ വസ്ത്രങ്ങളും നൽകും. ആവശ്യമെങ്കിൽ കൂടുതൽ സഹായമെത്തിക്കുമെന്നും അറിയിച്ചു. പ്ലാപ്പള്ളിയിലെ 15 ആദിവാസി കുടുംബങ്ങൾക്കും അവർ സഹായമെത്തിച്ചു.
ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
പത്തനംതിട്ട ∙ ശബരിമല പാതയിൽ ളാഹയിലെ വഴിയരികിൽ ആഹാരം തേടിയിറങ്ങിയ കുടുംബം മഴയത്തു പച്ച ചക്ക പങ്കിട്ടു കഴിക്കുന്ന ദുരവസ്ഥയിൽ ഇടപെട്ടു മനുഷ്യാവകാശ കമ്മിഷൻ. ളാഹ മഞ്ഞത്തോട് കോളനിയിലെ തങ്കയ്ക്കും മക്കൾക്കുമാണ് ഈ ദുരവസ്ഥയുണ്ടായത്. വിശന്നു വലഞ്ഞ കുടുംബം പച്ചച്ചക്ക പങ്കുവച്ച് കഴിക്കുന്ന ചിത്രം ‘മനോരമ’യിൽ കണ്ട കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയാണ് വിഷയത്തിൽ ഇടപെട്ടത്. പത്തനംതിട്ട കലക്ടർ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മനോരമ പ്രസിദ്ധീകരിച്ച വാർത്താ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മന്ത്രി ഇടപെട്ടു; ഭക്ഷ്യധാന്യം എത്തിച്ചു
പത്തനംതിട്ട∙ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങൾ ആഹാരത്തിന് ബുദ്ധിമുട്ടുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി ജി.ആർ.അനിലിന്റെ അടിയന്തര ഇടപെടലിൽ ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തിച്ചു. തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫിസറോട് മന്ത്രി ജി.ആർ.അനിൽ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു.
റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്തു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തങ്ക കേശവൻ, തങ്കമണി എന്നിവർ ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നറിഞ്ഞു. ഈ സമയത്ത് ഊരിൽ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യമാണ് കുടുംബത്തിന് ഭക്ഷ്യ ധാന്യത്തിന്റെ അപര്യാപ്തത നേരിടുന്നതിന് ഇടയാക്കിയതെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.