ബജറ്റ് പ്രഖ്യാപനം വന്നിട്ട് മൂന്നു വർഷം; സാംസ്കാരിക സമുച്ചയം കടലാസിലൊതുങ്ങി
Mail This Article
അടൂർ ∙ സാംസ്കാരിക നായകൻമാരുടെ ഓർമയ്ക്കായി അടൂരിൽ സാംസ്കാരിക സമുച്ചയം ഉയരുന്നതും കാത്തിരിക്കുകയാണ് അടൂർ നിവാസികൾ. പക്ഷേ സാംസ്കാരിക സമുച്ചയം നിർമിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് 3 വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. 2019ലെ സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്. അതിനായി 5 കോടി രൂപ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. സിനിമാ താരങ്ങളായി തിളങ്ങിയ മൺമറഞ്ഞു പോയ അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം, സാഹിത്യകാരൻമാരായ ഇ.വി. കൃഷ്ണപിള്ള, മുൻഷി പരമുപിള്ള, ചിത്രകാരൻ മേടയിൽ ആർ. രാമനുണ്ണിത്താൻ തുടങ്ങിയവരുടെ സ്മരണയ്ക്കായാണ് സമുച്ചയം പണി കഴിപ്പിക്കാൻ ബജറ്റിൽ പ്രഖ്യാപനമുണ്ടായത്. അടൂരിന്റെ പേര് പുറം ലോകത്തേക്ക് എത്തിച്ച ഈ സാംസ്കാരിക നായകൻമാർക്ക് ഇതുവരെ നഗരത്തിന്റെ ഒരു ഭാഗത്തും സ്മാരകമില്ല.
ഇതു ചർച്ചയായപ്പോഴാണ് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും അടൂരിലെ സിപിഎം നേതാക്കളും ഇടപെട്ട് അടൂരിൽ സാംസ്കാരിക സമുച്ചയം സ്ഥാപിക്കണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്. അങ്ങനെയാണ് 2019ലെ സംസ്ഥാന ബജറ്റിൽ സാംസ്കാരിക സമുച്ചയം ഇടം നേടിയത്. പക്ഷേ ആ ബജറ്റ് രേഖ യാഥാർഥ്യത്തിലെത്തിക്കുന്ന കാര്യത്തിൽ പദ്ധതി കൊണ്ടുവന്നവർ പിന്നീട് മുൻകൈ എടുത്തില്ലെന്നാണ് ആക്ഷേപം. സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാലാണ് നിർമാണ നടപടികൾ തുടങ്ങാത്തതെന്നും സ്ഥലം ലഭിച്ചാൽ ഉടൻ തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.