ADVERTISEMENT

വല്ലന ∙  50 വർഷത്തിൽ അധികമായി പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രം സ്വന്തം കഥപറഞ്ഞുതുടങ്ങിയാൽ അതിൽ ഇല്ലായ്മകളുടെയും അവഗണനയുടെയും വരികൾ മാത്രമായിരിക്കും. വികസന പ്രവർത്തനങ്ങൾ നടത്താൻ വിശാലമായ സ്ഥലസൗകര്യം ഉണ്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണു പ്രത്യേകത. കെട്ടിടങ്ങളുടെ പിന്നിലും സ്റ്റാഫ് ക്വാർട്ടേഴ്സായിരുന്ന ഭാഗത്തും കാടുകയറി കിടക്കുന്നു. പാമ്പുകളെ പേടിച്ച് ആ ഭാഗത്തേക്ക് ആരും പോകാറുമില്ല.പുതിയ കെട്ടിടം പണിയാൻ വേണ്ട ഫണ്ട് അനുവദിക്കാത്തതിനാൽ 50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോഴും ആശുപത്രി പ്രവർത്തനം. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ കെട്ടിട നിർമാണത്തിനു വേണ്ടി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് അനുവദിച്ചിരുന്നു. 

ഈ പണം ഉപയോഗിച്ച് അപര്യാപ്തതകൾ നീക്കുന്ന തരത്തിൽ ഇവിടെ മികച്ച സംവിധാനം ഒരുക്കുമെന്നും അതുവഴി രോഗികൾക്ക് നല്ല സേവനം നൽകാൻ ഈ ആതുരാലയത്തിന് കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളത്‍.നിലവിലുള്ള കെട്ടിടത്തിൽ ഡോക്ടറെ കാണാൻ വേണ്ടി കാത്തിരിക്കാൻ‌ സ്ഥലം വളരെ കുറവാണ്. കസേര ഇട്ട് രോഗികൾക്ക് ഇരിക്കാനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കസേരകൾ ഭിത്തി അരികിലേക്ക് തിരിച്ചു വച്ചിരിക്കുന്നു. പത്തു പേരിൽ കൂടുതൽ ഇവിടെ നിൽക്കാൻ പറ്റാത്തതിനാൽ ശേഷം എത്തുന്നവർ പുറത്ത് നിൽക്കുകയാണു പതിവ്. മരത്തണലിലെ നിൽപ് അവസാനിപ്പിക്കാൻ ഇവർക്കായി വേണ്ട ‍ സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒപി വിഭാഗത്തിലേക്ക് എത്തുന്നവർ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നതും ഇതേ അവസ്ഥയിലാണ്.വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലെ ഒരു കുടുസ്സ് മുറിയിലാണു ലാബ് പ്രവർത്തിക്കുന്നത്. 

മികച്ച തരത്തിലുള്ള പരിശോധനാ സൗകര്യവും അതിനാവശ്യമായ ഉപകരണങ്ങളും ഉണ്ടെങ്കിലും സ്ഥലപരിമിതിയാണു ജീവനക്കാരെ ഏറ്റവും അലട്ടുന്നത്. ഒബ്സർവേഷൻ‌ റൂം ഇല്ലാത്തതാണു മറ്റൊരു വലിയ പോരായ്മ. സ്ത്രീയായാലും പുരുഷനായാലും അപ്പോൾ സൗകര്യപ്പെടുന്ന ഏതെങ്കിലും റൂമിൽ അവരെ നിരീക്ഷണത്തിൽ കിടത്തുന്ന അവസ്ഥയാണ് ഉള്ളത്. രേഖകൾ സൂക്ഷിക്കുന്ന ഓഫിസിന്റെ അവസ്ഥയും പരിതാപകരമാണ്. കതകും കട്ടിളയും ചിതലരിച്ചു. ഓഫിസിന് ഉള്ളിൽ നെടുകെയും കുറുകെയും വയർ വലിച്ചാണു കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. അപകടം ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.ഹെൽത്ത് വിഭാഗത്തിലെ ഒരു ഇൻസ്പെക്ടറും അഞ്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ഒരു ഹെൽത്ത് സൂപ്പർവൈസറും ഉൾപ്പെടെ 7 പേർക്ക് ചെറിയ ഒരു മുറിയാണ് അനുവദിച്ചിരിക്കുന്നത്. 

ഇവരുടെ സേവനങ്ങൾക്ക് വേണ്ടി ആരോഗ്യവകുപ്പ് എത്തിക്കുന്ന സാധനങ്ങൾ സൂക്ഷിക്കാൻ പോലും ഇവിടെ ഇടമില്ല. ബ്ലീച്ചിങ് പൗഡർ, കൊതുകു നശീകരണത്തിനുള്ള ഫോഗിങ് യന്ത്രം, മെലാത്തിയോൺ തുടങ്ങിയവ സൂക്ഷിക്കാൻ പ്രത്യേക ഇടമില്ലാത്തതിനാൽ ഇവർക്കായി ക്രമീകരിച്ച മുറിയിലും മറ്റുമാണു വയ്ക്കുന്നത്. ബ്ലീച്ചിങ് പൗഡറിന്റെ ഗന്ധം ശ്വസിച്ചു വേണം ജീവനക്കാർ ജോലി ചെയ്യാൻ.ഇവിടെ പ്രവർത്തിക്കുന്ന ഫിസിയോ തെറപ്പി കേന്ദ്രത്തിലേക്ക് എത്തുന്നവരാണ് ഏറെ വലയുന്നത്. ശാരീരികമായ പ്രശ്നങ്ങളുമായി എത്തുന്ന ഇവർക്ക് ഒന്നാം നിലയിൽ ക്രമീകരിച്ചിരിക്കുന്ന തെറപ്പി കേന്ദ്രത്തിലേക്ക് എത്തുന്നതാണ് ഏറ്റവും ദുർഘടം.  കുട്ടികൾക്കും അമ്മമാർ‌ക്കും പ്രതിരോധ കുത്തിവയ്പ് ഉൾപ്പെടെ നൽകാനുള്ള ക്രമീകരണം ഈ കെട്ടിടത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

അവിടെ രണ്ട് എയർ‌കണ്ടീഷനറുകൾ ഘടിപ്പിച്ചെങ്കിലും ഇവ പ്രവർത്തിക്കാത്ത അവസ്ഥയിലാണ്.പന്തളം ബ്ലോക്ക് പഞ്ചായത്തിലെ കുളനട, മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് തല പരിശീലനങ്ങൾ നൽകാൻ ഒരു ഹാൾ ഇല്ല എന്നതും വലിയ പോരായ്മയാണ്.ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പകൽ വീടും ഈ കോംപൗണ്ടിലാണു പ്രവർത്തിക്കുന്നത്. ഇതിന് അടുത്താണു ജീവനക്കാരുടെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ. കാലപ്പഴക്കത്താൽ എല്ലാം അൺഫിറ്റാണെന്നു വിലയിരുത്തിയതിനെ തുടർന്ന് ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. കാടുകയറി കിടക്കുന്ന ഈ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി ഇവിടെയും വികസനപ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com