മട്ടുപ്പാവിൽ ആയിരം ഇതളുള്ള താമര; ആഹ്ലാദം പങ്കുവച്ച് സഹോദരങ്ങൾ
Mail This Article
പറക്കോട് ∙ രാമായണ മാസത്തിൽ പറക്കോട് തയ്യിൽ വീടിന്റെ മട്ടുപ്പാവിൽ ആയിരം ഇതളുള്ള താമര വിരിഞ്ഞതിന്റെ സന്തോഷത്തിലാണ് സഹോദരങ്ങളായ മനു തയ്യിലും മീനുവും. ഇന്നലെ രാവിലെ മട്ടുപ്പാവിൽ അപൂർവ കാഴ്ച ഒരുക്കി സഹസ്രദളപത്മം വിരിഞ്ഞത്. ആകെയുണ്ടായ 2 മൊട്ടുകളിൽ ഒരെണ്ണമാണ് വിരിഞ്ഞ് സുന്ദരക്കാഴ്ച സമ്മാനിക്കുന്നത്.ലോക്ഡൗൺ സമയത്താണ് മനുവും മീനുവും താമരക്കൃഷിയിലേക്ക് തിരിഞ്ഞത്. നേരത്തെ വീടിന്റെ മുൻപിലുള്ള കുളത്തിൽ താമരക്കൃഷിയുണ്ടായിരുന്നു.ആ താമരകളെല്ലാം പോയതോടെയാണ് വീടിന്റെ മട്ടുപ്പാവിലേക്ക് കൃഷി മാറ്റിയത്.ഇവിടെ വിസ്താരമുള്ള വലിയ പ്ലാസ്റ്റിക് പാത്രത്തിലാണ് സഹസ്രദളപത്മമുള്ളത്.
ഇതു കൂടാതെ അമേരി പിയോണി, പിങ്ക് ക്ലൗഡ്, കോക്കനട്ട് മിൽക്ക്, ബുച്ചാ, ഗ്രീൻ ആപ്പിൾ, തമോ, ന്യൂ സ്റ്റാർ, യെല്ലോ പിയോണി, വെറ്റ് പഫ്, സ്ലിങ് തങ്ങ് സൂയി, റെഡ്‌ലിപ്, പിങ്ക് മെഡോ, നന്നാലിൻ തുടങ്ങിയ 20ൽ പരം താമരകളും ആമ്പലുകളുമുണ്ട് ഇവരുടെ ശേഖരത്തിൽ.ഇതു കൂടാതെ വാട്ടർപ്ലാന്റും മണിപ്ലാന്റുകളുമുണ്ട്. താമരയുടെ കിഴങ്ങ് ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ഓൺലൈനായി അയച്ചു കൊടുക്കകയും ചെയ്യുന്നു.