സ്റ്റാംപിൽ പതിഞ്ഞ ഗാന്ധി: മഹാത്മാഗാന്ധിയുടെ ചിത്രമുള്ള ആയിരത്തിലധികം സ്റ്റാംപുകളുടെ ശേഖരം
Mail This Article
ഏഴംകുളം ∙ മഹാത്മാഗാന്ധിയുടെ ചിത്രമുള്ള ആയിരത്തിലധികം സ്റ്റാംപുകളുടെ ശേഖരം കൊണ്ട് സമ്പന്നമാണ് റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കെ.കെ മാത്യുവിന്റെ പുതുമല കീപ്പേരിൽ വീട്ടിൽ ഒരുക്കിയിട്ടുള്ള തറവാട് ഹെറിറ്റേജ് മ്യൂസിയം. നൂറ്റിനാൽപ്പതിൽപ്പരം രാജ്യങ്ങൾ ഗാന്ധിജിയുടെ സ്മരണാർഥം ഇറക്കിയിട്ടുള്ള ഒട്ടുമിക്ക സ്റ്റാംപുകളും കവറുകളും നാണയങ്ങളും കറൻസികളും മ്യൂസിയത്തിൽ കാണാം. ഗാന്ധിജിയുടെ 150–ാം ജന്മദിനത്തോടനുബന്ധിച്ച് 2018 മുതൽ വിവിധ ലോക രാഷ്ട്രങ്ങൾ ഇറക്കിയിട്ടുള്ള സ്റ്റാംപുകളും ഇവിടെയുണ്ട്. മലേഷ്യ ഇറക്കിയ സരാവാക് ക്രിസ്റ്റൽ പതിച്ചതും ഗിനി ഇറക്കിയ തടിയിൽ തീർത്തതും മാലദ്വീപ് ഇറക്കിയ സിൽക്കിൽ തീർത്തതുമായ സ്റ്റാംപുകളും മാൾട്ടാ രാജ്യത്തിന്റെ 5000 ലിറയുടെ വെള്ളി പൂശിയ ഒരു കിലോ തൂക്കം വരുന്നതും 5000 ലിറയുടെ ഗ്ലാസിൽ തീർത്തതുമായ ഫാന്റസി നാണയങ്ങളും ഈ മ്യൂസിയത്തിലെ പ്രത്യേകതയാണ്.
ഇന്ത്യ ആദ്യമായി 1948ൽ പുറത്തിറക്കിയതും വിദേശ രാജ്യങ്ങളിൽ ആദ്യമായി യുഎസ് 1961 ജനുവരി 26ന് ഗാന്ധിജിയുടെ സ്മരണാർഥം ഇറക്കിയതുമായ സ്റ്റാംപുകളുമുണ്ട്. ഗാന്ധിജിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾ ഇറക്കിയ സ്റ്റാംപുകൾ, ഇന്ത്യ ഇറക്കിയ നോട്ടുകൾ, നാണയങ്ങൾ, ഇന്ത്യ ആദ്യമായി പുറത്തിറക്കിയ 500 രൂപയുടെ നോട്ടുകൾ, സ്മാരക നാണയങ്ങൾ, മെഡലുകൾ, വിവിധ തരത്തിലുള്ള ടോക്കണുകൾ, വിദേശ നാണയങ്ങൾ, സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ 20, 10, 5, 2 രൂപ നാണയങ്ങളും ഈ മ്യൂസിയത്തിലുണ്ട്. വയസ്സ് 69ൽ എത്തി നിൽക്കുന്ന മാത്യു 1969ൽ തുടങ്ങിയ സ്റ്റാംപുകളുടെയും പുരാവസ്തുക്കളുടെയും ശേഖരണമാണ് വിപുലീകരിച്ച് ഇപ്പോൾ വീട് ഒരു ചെറുമ്യൂസിയമാക്കി വളർത്തിയെടുത്തത്. ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷന്റെ ജില്ലാ രക്ഷാധികാരി കൂടിയാണിദ്ദേഹം.