‘നിരണം കരയ്ക്കുമൊരു ചുണ്ടൻ വള്ളം വേണ്ടേ?’ എന്ന ചോദ്യം; ഫെയ്സ്ബുക്കിൽനിന്ന് തുഴയെറിഞ്ഞ് വാട്സാപ് ഗ്രൂപ്പിലേക്ക്, ഒടുവിൽ
Mail This Article
നിരണം ∙ പള്ളിയോടപ്പെരുമയ്ക്കൊപ്പം പത്തനംതിട്ടയുടെ പ്രശസ്തിയേറ്റാൻ നിരണം ചുണ്ടനും. ജില്ലയിൽ നിന്നുള്ള ആദ്യ ചുണ്ടന്റെ കന്നിമത്സരം സെപ്റ്റംബർ 4ന് ആലപ്പുഴ പുന്നമടക്കായലിൽ. കരകൾ കരുത്തറിയിക്കുന്ന ഈ ഓളപ്പരപ്പിൽ ഇക്കുറി മുതൽ നിരണം ചുണ്ടനിലേറി പത്തനംതിട്ടയുമുണ്ട്. മെയ്‌ക്കരുത്തിൽ മനസ്സുറപ്പിച്ച്, കൈക്കരുത്തിൽ തുഴയുറപ്പിച്ച് നിരണം, നെഹ്റു ട്രോഫി കിരീടത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
സ്റ്റാർട്ടിങ് പോയിന്റ്
ഒരിക്കലും നടക്കാത്ത സ്വപ്നത്തിനു പുറകേയുള്ള യാത്ര... ‘നിരണം കരയ്ക്കുമൊരു ചുണ്ടൻ വള്ളം വേണ്ടേ?’ എന്ന ചോദ്യത്തിനുള്ള ആദ്യ പ്രതികരണങ്ങളിലൊന്നായിരുന്നു അത്. നിരണം പത്രമെന്ന ഫെയ്സ്ബുക് പേജിൽ 2021 സെപ്റ്റംബർ 13ന് രാത്രി ഒരുമണിയോടെ അഡ്മിൻ റോബി തോമസിന്റെ ചോദ്യത്തിനുള്ള മറുപടി. ഇതു നടക്കുമോയെന്ന ചോദ്യം പലരും ചോദിച്ചു. നടക്കുമെന്ന് ചിലർ ഉറപ്പിച്ചു പറഞ്ഞപ്പോൾ ധൈര്യമായി. എന്നാലൊന്ന് ആഞ്ഞുപിടിക്കാമെന്നായി. ഫെയ്സ്ബുക്കിൽനിന്ന് തുഴയെറിഞ്ഞ് വാട്സാപ് ഗ്രൂപ്പിലേക്ക്. തുടക്കത്തിൽതന്നെ നൂറോളം പേർ അംഗങ്ങളായി. പ്രവാസികളിൽനിന്നും നാട്ടുകാരിൽനിന്നുമായി പത്തംഗ അഡ്മിൻ പാനലുമായി.
ചർച്ചകളുടെ നാളുകളായിരുന്നു പിന്നീട്. ഒക്ടോബർ 10ന് ആദ്യ പൊതുയോഗത്തിന് എഴുപതോളം പേരെത്തി. പുതിയ ചുണ്ടൻ നിർമിക്കണമെന്ന് തീരുമാനമായി. റവ. തോമസ് പുരയ്ക്കൽ രക്ഷാധികാരിയും റെജി അടിവാക്കൽ അധ്യക്ഷനും അജിൽ പുരയ്ക്കൽ സെക്രട്ടറിയും ജോബി ആലപ്പാട്ട് ട്രഷററുമായി വള്ളസമിതിയുമായി. പ്രവാസികളായ ഈപ്പച്ചൻ കണ്ടത്തിൽ, അലക്സ് പനയ്ക്കാമറ്റം, ബ്ലസ് നൈനാൻ, അനിൽ തോമസ് തുടങ്ങിയവർ കട്ടയ്ക്കു കൂടെനിന്നു. നാട്ടുകാരുടെ മനസ്സിന്റെ ഓളപ്പരപ്പിലൂടെ നിരണം ചുണ്ടൻ കുതിച്ചുപായാൻ തുടങ്ങി...
നെട്ടായത്തിലേക്ക്
പുത്തൻ ചുണ്ടൻ നിർമാണത്തിനുള്ള നടപടികൾക്ക് കൂടുതൽ വേഗമായി. ചുണ്ടൻവള്ളം ശിൽപികളിൽ പ്രമുഖനായ കോഴിമുക്ക് ഉമാമഹേശ്വരൻ ആചാരിക്ക് നിർമാണ ചുമതല കൈമാറി. ചുണ്ടനു പറ്റിയ ആഞ്ഞിലിത്തടി കണ്ടെത്തലായി അടുത്ത കടമ്പ. വിവിധയിടങ്ങളിലായി കണ്ടത് 37 മരങ്ങൾ. ഒടുവിൽ കോട്ടയം പൊൻകുന്നത്ത് ലക്ഷണമൊത്തയൊരെണ്ണം കണ്ടെത്തി. 130 വർഷത്തോളം പഴക്കമുള്ള ആഞ്ഞിലി നിരണം ചുണ്ടന്റെ പാകത്തിൽ ഒരുങ്ങിനിന്നു. മരം വെട്ടിയിറക്കിയ ശേഷം സാധാരണയായി വാൾ ഉപയോഗിച്ച് ആളുകൾ തന്നെയാണ് മരം ഉരുപ്പടിയാക്കിയിരുന്നത്.
ആ പതിവും ഇവിടെ മാറി. വാളുകാർ അറുത്തുവരുമ്പോൾ സമയമേറെയെടുക്കുമെന്നതും ചെലവേറുമെന്നതും ഒഴിവാക്കാനായി മരം കാലടിയിലെ മില്ലിലെത്തിച്ച് ഉരുപ്പടികളാക്കി. നിരണം ഇരതോട്ടിൽ പുത്തൻപറമ്പ് അച്ചൻകുഞ്ഞിന്റെ വീടിനു സമീപം മാലിപ്പുരയുമൊരുങ്ങി. ഫെബ്രുവരി 9ന് ഉരുപ്പടികൾ ആഘോഷമായി മാലിപ്പുരയിലെത്തിച്ചു. 10ന് ഉളികൊത്തി നിരണം ചുണ്ടന്റെ നിർമാണത്തിന് തുടക്കമായി.
ചുണ്ടനിറങ്ങുമെന്ന് ഉറപ്പായതോടെ സാമ്പത്തിക സഹായവുമായി കൂടുതൽ പേരെത്തി. 5,000 മുതൽ 5 ലക്ഷം വരെയുള്ള ഓഹരികളെടുത്ത് അഞ്ഞൂറോളംപേർ സ്വപ്നത്തിന് നെടുംതൂണായി. സാമുദായിക സാംസ്കാരിക സംഘടനകളും കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പു തൊഴിലാളികളുമെല്ലാം കൈകോർത്തു. തൃക്കപാലീശ്വരം ക്ഷേത്രം, മാലിക് ദിനാർ പള്ളി, ജറുസലം മാർത്തോമ്മാ പള്ളി, സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, കാട്ടുനിലം സെന്റ് തോമസ് മാർത്തോമ്മാ പള്ളി, മുന്നൂറ്റിമംഗലം മഹാവിഷ്ണു ക്ഷേത്രം, എസ്എൻഡിപി ശാഖ എന്നിവയടക്കമുള്ള ആരാധനാലയങ്ങളെല്ലാം സഹായമേകി കൂടെനിന്നു. 168 ദിനരാത്രങ്ങൾക്കൊടുവിൽ 128 അടി നീളത്തിൽ വള്ളം പൂർത്തിയായി. ചിങ്ങം ഒന്നിന് പുത്തൻപറമ്പ് കടവിൽ ചുണ്ടൻ നീരണഞ്ഞപ്പോൾ നിരണത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ആനന്ദക്കണ്ണീർ. സ്വപ്നത്തിൽനിന്നിറങ്ങി പമ്പയാറ്റിൽ, നിരണത്തിന്റെ നെട്ടായത്തിലൂടെ ചുണ്ടൻ മെല്ലെയൊഴുകി ...
ആഞ്ഞു തുഴയെറിഞ്ഞ്
വള്ളം മാത്രമല്ല, തുഴയാൻ നാടിന്റെ പേരിലൊരു ക്ലബ്ബും വേണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമായിരുന്നു നിരണം ബോട്ട് ക്ലബ്. കെജിഎ ഗ്രൂപ്പ് ഉടമ കെ.ജി.ഏബ്രഹാമാണ് ക്യാപ്റ്റൻ. സെക്രട്ടറിയായി ജോബി ഡാനിയലും മാനേജരായി രതീഷ്കുമാറും പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകൾക്കായി 5 തവണ നെഹ്റു ട്രോഫി നേടിക്കൊടുത്ത ജോഷി കാവാലമാണ് ലീഡിങ് ക്യാപ്റ്റൻ. അഭിലാഷ് അമ്പലപ്പുഴയാണ് കായിക പരിശീലകൻ.റെന്നി തേവേരിലും അമൽ തിരുവല്ലയും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. ജോഷിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12ന് വേങ്ങൽ പള്ളിയുടെ പാരിഷ്ഹാളിൽ ക്യാംപ് തുടങ്ങി.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലക്കാർക്കൊപ്പം മണിപ്പൂരിൽനിന്നുള്ള 22 യുവാക്കളും ക്ലബ്ബിനായി തുഴയെറിയുന്നു. നീരേറ്റുപുറം പാലത്തിനു സമീപം പമ്പയാറ്റിലാണ് രാവിലെയും വൈകിട്ടും പരിശീലനം. പരിശീലനം കാണാൻ ഇരുകരകളിലും പാലത്തിലുമായി ദിവസവും നൂറുകണക്കിനു നാട്ടുകാരുണ്ട്. കയ്യടിച്ചും വിസിലടിച്ചും കരക്കാർ നിരണം ചുണ്ടനൊപ്പം ചേരുമ്പോൾ തുഴക്കാരുടെ ആവേശവും ഇരട്ടിയാകുന്നു. 2025ൽ നിരണംകാർ മാത്രം തുഴയുന്ന ടീമിനെയിറക്കുകയെന്നതാണ് ലക്ഷ്യമെന്ന് വള്ളസമിതി വൈസ് പ്രസിഡന്റ് കൂടിയായ റോബി തോമസ് പറയുന്നു. മെയ്യുകണ്ണാക്കി ഒരേ മനസ്സും താളവുമായി തുഴ കുത്തിയെറിഞ്ഞ് വെള്ളച്ചാലുകൾ നെടുകെപ്പിളർന്ന് പരിശീലനക്കുതിപ്പിലാണ് നിരണം ചുണ്ടൻ...
ഫിനിഷിങ് പോയിന്റ്
എണ്ണംപറഞ്ഞ തുഴച്ചിൽക്കാരുടെ നാടായിരുന്നു നിരണം. നെഹ്റു ട്രോഫിയിലടക്കം പല ചുണ്ടൻവള്ളങ്ങൾക്കുമായി തുഴയേന്തിയവർ. സ്വന്തമായൊരു ചുണ്ടനില്ലാത്തതിനാൽ ഏതെങ്കിലുമൊരു കരക്കാർക്കായി തുഴഞ്ഞ് കിരീടം നേടിയ ശേഷം നാടണഞ്ഞിരുന്നവർ. തുഴച്ചിൽകഴിഞ്ഞാലുള്ള ചെറുസന്തോഷത്തിനപ്പുറം, നമുക്കെന്നൊരു ചുണ്ടനുണ്ടാകുമെന്ന സങ്കടപ്പറച്ചിലുമായി പോരേണ്ടിവന്നവർ. കാലങ്ങൾക്കിപ്പുറം അവരുടെ സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്, നിരണത്തിന്റെ സ്വന്തം ചുണ്ടൻ. അവർ വീണ്ടുമൊരു സ്വപ്നം കാണുകയാണ്. കന്നിത്തുഴച്ചിലിൽതന്നെ നെഹ്റു ട്രോഫി കിരീടമുയർത്തുകയെന്ന സ്വപ്നം. നെഹ്റുട്രോഫി കിരീടം നേടിയാൽ തുഴക്കാർക്കായി നിരണം കാത്തുവച്ചിച്ചിട്ടുണ്ട്, സമ്മാനപ്പെരുമഴ.ആലപ്പുഴ പുന്നമടക്കായലിൽ നിരണം ചുണ്ടൻ കുതിച്ചുപായുകയാണ്, നെഹ്റു ട്രോഫി കിരീടത്തിലേക്ക്...