ADVERTISEMENT

ആറന്മുള ∙ പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. കരയ്ക്കടുക്കാനാകാതെ പള്ളിയോടങ്ങൾ. ഒരു മാസം മുൻപ് കരകവിഞ്ഞ വെള്ളമാണ് ഇപ്പോൾ അടിത്തട്ടു തെളിയുന്ന നിലയിലേക്കായത്. അതോടൊപ്പം നദികളിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജലസേചന വകുപ്പിന്റെ പ്രവർത്തിയിൽ നദിയിൽ നിന്നു കോരി ആറ്റുതീരത്ത് ഇട്ടിരുന്ന മണ്ണും ചെളിയും കൂടിയായപ്പോൾ ആറ്റിലേക്ക് ഇറങ്ങാനും കഴിയാതെയായി. പമ്പാതീരത്ത് ആറന്മുള, ചെറുകോൽ അയിരൂർ പഞ്ചായത്തുകളിൽ പലയിടത്തും സ്വന്തം ചെലവിൽ കടവുകൾ വൃത്തിയാക്കിയാണ് പള്ളിയോടങ്ങൾ ഇറക്കിയത്. വള്ളസദ്യ വഴിപാട് ഉള്ള ദിവസങ്ങളിൽ കരകളിൽ നിന്നു പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ തുഴഞ്ഞെത്തണം. 

കടവിലെത്തി പള്ളിയോടം തിരിക്കുന്നതും ഇപ്പോൾ അതീവദുഷ്കരമാണ്. തിരിക്കുന്നതിനിടെ പലപ്പോഴും മൺപുറ്റിൽ വന്നു കയറും. പിന്നീട് ആളുകൾ‌ ഇറങ്ങി തള്ളിയോ കെട്ടിവലിച്ചോ ഇറക്കേണ്ടിവരും. 50–60 മീറ്ററോളം വീതിയിൽ വെള്ളം ഒഴുകിയിരുന്ന പമ്പയാറ്റിൽ ഇപ്പോൾ പത്തടിയെങ്കിലും ആഴത്തിൽ വെള്ളമൊഴുകുന്നത് കഷ്ടിച്ച് 10 മീറ്റർ വീതിയിൽ മാത്രമാണ്. ഈ ഭാഗത്തു കൂടിയാണ് പള്ളിയോടങ്ങൾ‌ തുഴഞ്ഞ് ക്ഷേത്രകടവിലെത്തുന്നത്. കരയിൽ നിന്ന് പള്ളിയോടങ്ങളിൽ കയറാനും ഇറങ്ങാനും ഇതോടെ ഏറെ ബുദ്ധിമുട്ടുകയാണ്. അടുത്ത മാസം 9 വരെയാണ് വള്ളസദ്യകൾ. 

ഇപ്പോഴത്തെ നിലയിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യത. അതോടെ പള്ളിയോടങ്ങൾക്ക് ക്ഷേത്രക്കടവിൽ തുഴഞ്ഞെത്തുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നു കരക്കാർ പറഞ്ഞു. ആറ്റിലെ ചെളിയും മണലും കോരി ജലസേചന വകുപ്പ് കരയ്ക്കിട്ടിരിക്കുന്നത് നീക്കം ചെയ്യാത്തതും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇടശ്ശേരിമല കിഴക്ക് പള്ളിയോട കരക്കാർ ഇന്നലെ തെങ്ങിൻകുറ്റിയും പനങ്കീറും ഇട്ടാണ് ആറ്റുതീരത്തെത്തിച്ചത്. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന സ്വന്തം ചെലവിൽ കടവിലെ ചെളി നീക്കം ചെയ്തെങ്കിൽ മാത്രമേ പള്ളിയോടം മാലിപ്പുരയിൽ കയറ്റിവയ്ക്കാൻ കഴിയുകയുള്ളു.

അയിരൂർ പുതിയകാവ് ദേവീക്ഷേത്രകടവ്, ചെറുകോൽപുഴ കൺ‌വൻഷൻ നഗർ, ആറന്മുള ക്ഷേത്രക്കടവ്, ആഞ്ഞിലിമൂട്ടിൽ കടവ് തുടങ്ങിയ കടവുകളിലെല്ലാം മൺപുറ്റും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ഇവ ജലോത്സവത്തിനു മുൻപ് നീക്കം ചെയ്യുമായിരുന്നു. ഇത്തവണ ചെയ്തില്ലെന്നു മാത്രമല്ല നദിയിൽ നിന്നു കോരിയ മണ്ണും ചെളിയും കടവുകളിൽ നിറഞ്ഞു കിടക്കുകയാണ്.വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ നദികളിലും അഴിമുഖത്തും തണ്ണീർമുക്കം ബണ്ടിലും നടപ്പാക്കിയ പ്രവർത്തനങ്ങളാണ് മഴ മാറിയപ്പോൾ ജലക്ഷാമത്തിലേക്കു നയിക്കുന്നത്. ചെളിയും മണലും നീക്കിയതോടെ വെള്ളം നല്ല ശക്തിയിൽ വേനൽക്കാലത്തും ഒഴുകിപോകുകയാണ്. ഇത് നദീശോഷണത്തിനും തീരങ്ങളിലെ ജലക്ഷാമത്തിനും കാരണമാകാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com