ADVERTISEMENT

കോന്നി ∙ ഗവ. മെഡിക്കൽ കോളജ് പൂർണ തോതിൽ ആകണമെങ്കിൽ ഉണ്ടാകേണ്ടത് 500 കിടക്കകളുള്ള ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും. തുടക്കത്തിൽ 100 പേർക്കു പഠിക്കാനുള്ള സൗകര്യമാണ് ക്രമീകരിച്ചിട്ടുള്ളതെങ്കിലും ഭാവിയിൽ സീറ്റ് വർധിപ്പിക്കണമെങ്കിൽ അക്കാദമിക് ബ്ലോക്കിന്റെ വികസനവും അനിവാര്യമാണ്. 300 കിടക്കകളുള്ള ആശുപത്രിയും അക്കാദമിക് ബ്ലോക്കുമാണ് പൂർത്തിയാക്കിയിട്ടുള്ളത്. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള കെട്ടിടങ്ങളുടെ പണികളും ആരംഭിച്ചിട്ടുണ്ട്. ഇനി 200 കിടക്കകളുള്ള ആശുപത്രിയാണ് പ്രധാനമായും ഉണ്ടാകേണ്ടത്. അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്റ്റൻഷനായി 3 നില കെട്ടിടം വേണം. 

200 പേർക്ക് താമസിക്കാൻ കഴിയുന്ന 5 നിലയിലുള്ള കെട്ടിടം ആൺകുട്ടികളുടെ ഹോസ്റ്റലും 235 പേർക്ക് താമസ സൗകര്യമൊരുക്കുന്ന 6 നിലയിലുള്ള കെട്ടിടം പെൺകുട്ടികളുടെ ഹോസ്റ്റലുമാണ്. മറ്റൊന്ന് 11 നില കെട്ടിടമാണ്. ഇത് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സാണ്. ക്വാർട്ടേഴ്‌സിൽ എ, ബി, സി, ഡി എന്നീ 4 വിഭാഗങ്ങൾ ഉണ്ടാകണം. ഓരോ വിഭാഗത്തിലും 40 അപ്പാർട്മെന്റുകൾ വീതവും വേണം. 1000 സീറ്റുകൾ ക്രമീകരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം, മോർച്ചറിയും പോസ്റ്റ്‌മോർട്ടം സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ള ഒട്ടോപ്‌സി ബ്ലോക്ക്, ലോൺ‍ഡ്രി ബ്ലോക്ക് എന്നിവയും നിർമിക്കണം. 

2 ലക്ഷം ലീറ്റർ ശേഷിയുള്ള സുവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 7000 ലീറ്റർ ശേഷിയുള്ള ഇഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ളം ശേഖരിക്കാനുള്ള സംഭരണി തുടങ്ങിയവയും വേണം. പ്രിൻസിപ്പലിനു താമസിക്കാനുള്ള ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കന്റീൻ തുടങ്ങിയവയും ക്രമീകരിക്കണം.മെഡിക്കൽ കോളജിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തണം. വട്ടമണ്ണിൽ നിന്ന് ആശുപത്രിയിലേക്ക് ആധുനിക നിലവാരത്തിൽ നിർമിച്ച നാലുവരിപ്പാത മാത്രമേ ഇപ്പോൾ ഉള്ളൂ. അനുബന്ധ റോഡുകളുടെ വികസനം യാഥാർഥ്യമാക്കണം. ഇതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നുണ്ട്. 

ക്യാംപസിനുള്ളിലെ റോ‍ഡുകളുടെ വികസനം, ബസ് സ്റ്റാൻ‍ഡ് നിർമാണം, പൊലീസ് സ്റ്റേഷൻ തുടങ്ങിയവയും നടപ്പാക്കണം. റവന്യു വകുപ്പിൽ നിന്ന് വിട്ടു കിട്ടിയ 50 ഏക്കർ മാത്രമാണ് നിലവിൽ മെഡിക്കൽ കോളജിനുള്ളത്. തുടർവികസനം നടപ്പാക്കണമെങ്കിൽ കൂടുതൽ ഭൂമി ലഭ്യമാക്കേണ്ടതുണ്ട്.രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി 241 കോടി രൂപയുടെ പദ്ധതിയിൽ‌ 218 കോടി രൂപയുടെ നിർമാണ പ്രവർത്തനത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ബാക്കി തുക ഗ്രീൻ ബിൽഡിങ് നിർമാണത്തിനായി ഉപയോഗിക്കും. 10 നിലകളുള്ള ക്വാർട്ടേഴ്‌സിന്റെ പണികളും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലിന്റെ പണികളുമാണ് തുടങ്ങിയത്. 

ഇനിയും തുടങ്ങാതെ നഴ്സിങ് കോളജ്

കോന്നി ∙ മെഡ‍ിക്കൽ കോളജിനോട് അനുബന്ധമായി അനുവദിച്ച ഗവ. നഴ്സിങ് കോളജ് തുടങ്ങാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളജിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപുതന്നെ നഴ്സിങ് കോളജും ആരംഭിക്കാനായിരുന്നു തീരുമാനം. 2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. മെഡിക്കൽ കോളജിനോടു ചേർന്ന് 3 ഏക്കർ ഇതിനായി മാറ്റി വയ്ക്കുകയും ചെയ്തു. തുടർന്ന് നഴ്സിങ് കോളജിന് അനുമതി നൽകുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻ‍ഡ് ടെക്നോളജി (സിമിറ്റ്) അനുമതിക്കായി ശുപാർശ നൽകുകയും ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി സിമിറ്റ് ഡയറക്ടർ, ഡപ്യൂട്ടി ഡയറക്ടർ, റജിസ്ട്രാർ തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി. 4 വർഷ കോഴ്സിൽ ആദ്യ രണ്ടു വർഷത്തേക്ക് 60 കുട്ടികൾക്ക് പ്രവേശനം നൽകാനായിരുന്നു ശ്രമം. താൽക്കാലികമായി ക്ലാസ് തുടങ്ങി കെട്ടിടം പണി പൂർത്തിയാകുമ്പോൾ അവിടേക്കു മാറ്റാനായിരുന്നു ആലോചന. ഇതിനായി വകയാറിൽ വാടക കെട്ടിടം കണ്ടെത്തുകയും ബെഞ്ചും ഡെസ്കും അടക്കം ഫർണിച്ചറും എത്തിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്ത്യൻ നഴ്സിങ് കൗൺസിൽ, കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ്, കേരള സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ എന്നിവയുടെ അംഗീകാരം നേടി 2015ൽ പ്രവർത്തനമാരംഭിക്കാനായിരുന്നു തീരുമാനം.

എന്നാൽ, പിന്നീട് സർക്കാർ മാറിയതോടെ തുടർനടപടികൾ നടക്കാതാകുകയും കോളജിനായി തിരുവനന്തപുരത്തു നിന്നെത്തിച്ച ഫർണിച്ചർ തിരികെ കൊണ്ടുപോകുകയുമായിരുന്നു. അന്ന് കെട്ടിടം പണികൾ നടത്തിയിരുന്നെങ്കിൽ ഇപ്പോൾ നഴ്സിങ് കോളജും പ്രവർത്തനം ആരംഭിക്കാൻ കഴിയുമായിരുന്നു. അതേസമയം, യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രവർത്തനമാരംഭിച്ച കൊല്ലം, മഞ്ചേരി മെഡിക്കൽ കോളജിൽ എൽഡിഎഫ് സർക്കാർ ഇപ്പോൾ നഴ്സിങ് കോളജുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com