ADVERTISEMENT

പത്തനംതിട്ട ∙ ജില്ലയിൽ നിന്ന് പലപ്പോഴായി കാണാതായ സ്ത്രീകളെപ്പറ്റിയുള്ള അന്വേഷണം ശക്തിപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിലാണ് നടപടി. 2017 മുതൽ ഇതുവരെ ജില്ലയിൽ 11 സ്ത്രീകളെയാണ് കാണാതായത്. ഇതിൽ 2018ലെ പ്രളയകാലത്ത് ആറന്മുള സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീയുടെയും കഴിഞ്ഞ ജനുവരിയിൽ കോന്നിയിൽ വനത്തിനുള്ളിൽ കാണാതായ സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങൾ പിന്നീട് കണ്ടെത്തിയിരുന്നു. 

ഇവ ഡിഎൻഎ പരിശോധനയുടെ ഘട്ടത്തിലാണ്. ശേഷിക്കുന്ന 9 കേസുകളുടെ കാര്യത്തിലാണ് അന്വേഷണം തുടരുന്നതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജില്ലയിൽ എവിടെയെങ്കിലും മന്ത്രവാദമോ അനുബന്ധ പ്രവർത്തനങ്ങളോ നടക്കുന്നുണ്ടെങ്കിൽ ആ വിവരം ശേഖരിച്ച് അനുബന്ധ നടപടികൾ കൈക്കൊള്ളണമെന്ന് എല്ലാ എസ്എച്ച്ഒമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ പൊലീസിനെ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുളയിൽ മാത്രം 3 പരാതികൾ

പരാതി ലഭിച്ചിട്ടും സ്ത്രീകളെ കണ്ടുപിടിക്കാൻ കഴിയാതെ പോയ 3  സംഭവങ്ങളാണ് ആറന്മുള പൊലീസ് സ്റ്റേഷനിൽ 5 വർഷത്തിനിടെയുള്ളത്. 2017 ജൂലൈ 11ന് തെക്കേമലയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി ക്രീസ്റ്റീന ജോൺസൺ ആണ് ഒന്ന്. പൊലീസ് തമിഴ്നാട്ടിൽ പോയി അന്വേഷിച്ചിട്ടും വിവരം ലഭിച്ചില്ല. പിന്നീട് നാഗർകോവിൽ കോടതിയിൽ ഇവർ വിവാഹമോചന കേസിന് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിനുശേഷം അന്വേഷണം ഒന്നും നടന്നിട്ടില്ല. 2018 നവംബർ മൂന്നിനാണ് മേലുകര കിഴക്കേ പറോലിൽ സരസമ്മയെ (68) കാണാനില്ലെന്ന് മരുമകൾ പരാതി നൽകുന്നത്. 

ഒരു മാസത്തിനുശേഷം ഇടനാട് ക്ഷേത്രക്കടവിൽ നിന്ന് ഒരു മൃതദേഹം ലഭിച്ചു. ഇത് സരസമ്മയുടേതാണെന്ന സംശയത്തിൽ ബന്ധുക്കളെ വരുത്തിയെങ്കിലും ഒരു മാസം പഴക്കമുണ്ടായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് മകളുടെയും ഇവരുടെയും ഡിഎൻഎ സാംപിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചില്ല. 2018ലാണ് ആറന്മുള കളരിക്കോട് വട്ടക്കോടിയിൽ രാജമ്മയെ (60)കാണാതായതായി സഹോദരൻ പരാതി നൽകിയത്. ഇവരെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല.

തട്ടിപ്പുകൾ: അനുഭവങ്ങൾ പങ്കുവയ്ക്കാം

ബാധ ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള മന്ത്രവാദ പ്രവർത്തനങ്ങൾക്കും സാമ്പത്തിക തട്ടിപ്പിനും ഏറ്റവും അധികം ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണല്ലോ. കച്ചവടത്തിനെന്ന വ്യാജേന വീടുകളിലെത്തിയവരിൽ നിന്ന് തട്ടിപ്പിനിരയായതും അത്യാകർഷകങ്ങളായ ഓഫറുകളുടെ പിന്നിലെ പോയി ചതിയിൽപെട്ടതും ഉൾപ്പെടെയുള്ള ചതിക്കുഴിയിൽ വീണവർ ഒട്ടേറെയുണ്ടാകും. ഇത്തരത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളും സമാനമായ സംഭവങ്ങളോടുള്ള അഭിപ്രായങ്ങളും നിങ്ങൾക്ക് പങ്കുവയ്ക്കാം. വിവരങ്ങൾ പങ്കുവയ്ക്കുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തില്ല. ഇന്ന് രാവിലെ 11 മുതൽ 12 വരെ വിളിക്കാം. ഫോൺ: 7012668144 മനോരമയുടെ മറ്റൊരു നമ്പറിലും ഈ സേവനം ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com