ADVERTISEMENT

അടൂർ ∙ വിജയവാഡയിൽ സിപിഐ പാർട്ടി കോൺഗ്രസ് സമാപിച്ചപ്പോൾ പാർട്ടി ദേശീയ കൗൺസിൽ അംഗം എന്ന സ്ഥാനം നേടിയാണ് ചിറ്റയത്തിന്റെ  മടക്കം.  ആദ്യമായാണു ചിറ്റയം ഗോപകുമാർ എംഎൽഎ ദേശീയ കൗൺസിലിലേക്ക് എത്തുന്നത്. അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 3–ാം തവണയും എംഎൽഎയായപ്പോഴാണ് എൽഡിഎഫ് സർക്കാരിൽ ഡപ്യൂട്ടി സ്പീക്കറായത്. 2011ലാണ് അടൂർ മണ്ഡലത്തിൽ ആദ്യമായി അങ്കം കുറിക്കാനിറങ്ങിയത്. അന്ന് 601 വോട്ടിന്റെയും രണ്ടാം തവണ 25460 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ 3–ാം തവണ ഭൂരിപക്ഷം 2919 ആയി കുറഞ്ഞിരുന്നു. 

കൊല്ലം ജില്ലയിലെ ചിറ്റയത്ത് ടി. ഗോപാലകൃഷ്ണന്റെയും ടി.കെ.ദേവയാനിയുടെയും മകനായി ജനിച്ച ചിറ്റയം എഐഎസ്എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തുടർന്ന് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം, എഐടിയുസി കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ കൊട്ടാരക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് പ്രസിഡന്റാവുകയും ചെയ്തിരുന്നു.

2009ൽ കർഷക തൊഴിലാളിക്ഷേമനിധി ബോർഡ് ചെയർമാനുമായി.പിന്നീടാണ് അടൂർ നിയമസഭാ മണ്ഡലം സംവരണ മണ്ഡലമായപ്പോൾ സിപിഐയുടെ സ്ഥാനാർഥിയായി മത്സരിക്കാനായി അടൂരിൽ എത്തിയതും 3 തവണ അടൂരിന്റെ എംഎൽഎ ആയതും ഡപ്യൂട്ടി സ്പീക്കർ പദവിയിലും ഒടുവിൽ സിപിഐ ദേശീയ കൗൺസിലിലും എത്തിയതും.

കേരള സർവകലാശാല സെനറ്റംഗം, സിപിഐ സംസ്ഥാന കൗൺസിൽ അംഗം, എഐടിയുസി കശുവണ്ടി തൊഴിലാളി യൂണിയൻ കേന്ദ്ര കൗൺസിൽ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ (എഐടിയുസി) ദേശീയ കമ്മിറ്റി അംഗം, ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, കെടിഡിസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഇപ്റ്റ, യുവകലാസാഹിതി എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ഹൈക്കോടതി റിട്ട. കോർട്ട് ഓഫിസർ ഷേർലി ഭായി. മക്കൾ: എസ്.ജി. അമൃത, എസ്.ജി. അനുജ. 

ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിമാനം തോന്നി. വിദ്യാർഥി–യുവജന രാഷ്ട്രീയത്തിലൂടെ പാർട്ടിയിലും ട്രേഡ് യൂണിയനിലും എത്തി ജനപ്രതിനിധിയുമായി. ഇപ്പോൾ പാർട്ടിയിൽ ദേശീയ കൗൺസിൽ അംഗവുമായി. ഇനിയുള്ള സമയവും പാർട്ടി തീരുമാനത്തിനു വിധേയമായി ജനസേവന പ്രവർത്തനങ്ങൾക്കായി നിലകൊള്ളും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com