ഇലന്തൂർ നരബലി കേസിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമോ?: പല രഹസ്യങ്ങളും കണ്ടെത്താൻ കഴിയുമെന്ന് പൊലീസ്
Mail This Article
ഇലന്തൂർ നരബലിക്കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി കേസന്വേഷണത്തിൽ കൂടുതൽ നിർണായകമെന്നു പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണു പത്മയുടേതെന്നാണ് പുറത്തുവന്ന വിവരം. ഈ കേസിലാണ് പ്രതികളെ റിമാൻഡ് ചെയ്തു കസ്റ്റഡിയിൽ വാങ്ങി 12 ദിവസം ചോദ്യം ചെയ്തത്. റോസ്‌ലിയെ കാണാതായ സംഭവത്തിൽ കാലടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു പ്രതികളുടെ അറസ്റ്റ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയത്.
ഈ കേസിൽ 3 പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ആദ്യ കേസിൽ വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും കണ്ടെത്താൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. റോസ്‌ലി, പത്മ എന്നിവരെ കൂടാതെ മറ്റാരെയെങ്കിലും പ്രതികൾ കൊലപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇലന്തൂരിലെ വീട്ടിലും പരിസരത്തും നടത്തിയ അന്വേഷണത്തിൽ 2 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണു കണ്ടെത്തിയതെന്നാണു പൊലീസ് കരുതുന്നത്. അവിടെ നിന്നു ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം വരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.
ആദ്യഘട്ടം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം തിങ്കളാഴ്ചയാണു പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തത്. കാലടി കേസിൽ ഇന്നു തന്നെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്. ഡിസിപി എസ്.ശശിധരനാണു രണ്ടു കേസുകളുടെയും മേൽനോട്ട ചുമതല. കൊല്ലപ്പെട്ട പത്മയുടെ സ്വർണാഭരണങ്ങൾ ഒന്നാംപ്രതി ഷാഫിയാണു പണയപ്പെടുത്തി പണം വാങ്ങിയതെങ്കിൽ റോസ്‍ലിയുടെ ആഭരണങ്ങൾ രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങും ഭാര്യ ലൈലയുമാണു പത്തനംതിട്ടയിൽ പണയപ്പെടുത്തിയത്. ഇരകളായ സ്ത്രീകളുടെ മുഴുവൻ ശരീരഭാഗങ്ങളും വീണ്ടെടുക്കാൻ കഴിയാത്തതിനും രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ഉത്തരം ലഭിക്കുമെന്നും അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു