ADVERTISEMENT

പത്തനംതിട്ട ജില്ലയ്ക്ക് ഇന്നു 41–ാം പിറന്നാൾ. 1982 നവംബർ ഒന്നിനായിരുന്നു ജില്ലയുടെ രൂപീകരണം.സംസ്ഥാനത്തെ 13–ാമത്തെ ജില്ലയായി കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട പിറന്നു. അതുവരെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട. വികസന അധികം എത്താത്ത പ്രദേശം. പത്തനംതിട്ട ടൗൺ എന്നു പറയാൻ കാര്യമായി ഒന്നുമില്ല. ഇന്നത്തെ സെൻട്രൽ ജംക്‌ഷനായിരുന്നു എല്ലാം. കടകൾ കുറവ്. ബസ് സ്റ്റാൻഡ് ഇല്ല. റോഡിലായിരുന്നു  ബസുകൾ നിർത്തിയിരുന്നത്. റോഡുകൾ  ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതും. പരാതി പറഞ്ഞാൽ പോലും അവയുടെ നവീകരണത്തിനു ഫണ്ട് കിട്ടാറില്ലായിരുന്നു. ഇതിനു പരിഹാരമായി. മലയോര ഗ്രാമങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ല വേണമെന്നത് അന്നത്തെ എംഎൽഎ കെ.കെ.നായരുടെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു. 

pathanamthitta-sabarimala
ദീപാലംകൃതമായ ശബരിമല ക്ഷേത്രം. (ഫയൽ ചിത്രം)

പൊതുരംഗത്ത് അന്നു നിറഞ്ഞു നിന്ന  മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, ശാസ്ത്രി ദാമോദരൻ, മീരാസാഹിബ് എന്നിവർ അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്നു അവരുമായി ആശയം പങ്കുവച്ചു. അവർ കെ.കെ.നായർക്ക് പിന്തുണയുമായി  ഒപ്പം നിന്നു. അങ്ങനെ ജില്ലാ  രൂപീകരണത്തിനുള്ള സമര പരിപാടികൾ തുടങ്ങി. അക്കാലത്ത് കെ.കെ.നായർ സ്വതന്ത്ര എംഎൽഎ ആയിരുന്നു. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം പിന്തുണച്ചാൽ  യുഡിഎഫിനു മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടും. കെ.കെ.നായരെ മന്ത്രിയാക്കി  മന്ത്രിസഭ രൂപീകരിക്കാൻ  കെ.കരുണാകരൻ തീരുമാനിച്ചു.

pathanamthitta-nair
കെ.കെ. നായർ

മന്ത്രി സ്ഥാനം വേണ്ടെന്നും പകരം പത്തനംതിട്ട ജില്ല അനുവദിച്ചാൽ പിന്തുണയ്ക്കാം എന്നായി നായർ. കരുണാകരൻ അതിനു സമ്മതിച്ചു. റവന്യു സെക്രട്ടറി  മിനി മാത്യുവിനെ  കമ്മിഷനായി  നിയോഗിച്ചു.  കമ്മിഷൻ ശുപാർശ അനുസരിച്ചു  കൊല്ലം ജില്ലയിലെ പത്തനംതിട്ട, അടൂർ, റാന്നി, കോഴഞ്ചേരി, കോന്നി പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളും ചേർത്ത് 1982 നവംബർ ഒന്നിന് പത്തനംതിട്ട ജില്ല രൂപീകരിച്ചു.  ഒട്ടേറെ പ്രത്യേകതകൾ ജില്ലയ്ക്കുണ്ട്. മതമൈത്രിക്കു പേരു കേട്ട തീർഥാടന ജില്ല . രാജ്യത്തെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല. ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ജില്ല. പുകുതിയിലേറെ വന മേഖലയുള്ള ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ  വികസന വെളിച്ചം എത്തിയത് ജില്ലാ രൂപീകരണത്തിനു ശേഷമാണ്.

pathanamthitta-safari
അടവിയിലെ കുട്ടവഞ്ചി സവാരി. (ഫയൽ ചിത്രം)

ജില്ല ഒറ്റനോട്ടത്തിൽ (2011 സെൻസസ്) 

 ജില്ലയുടെ ആകെ വിസ്തീർണം– 2637 ചതുരശ്ര കിലോമീറ്റർ.
ആകെ ജനസംഖ്യ– 11,95,537
പുരുഷൻമാർ– 5,61,620
സ്ത്രീകൾ– 6,33,917
സ്ത്രീ–പുരുഷ അനുപാതം– 1129 (1000)

സാക്ഷരത– 96.93%, പുരുഷൻമാർ–97.70%, വനിതകൾ– 96.26%
മുൻസിപ്പാലിറ്റികൾ– 4 (പത്തനംതിട്ട,തിരുവല്ല, അടൂർ, പന്തളം)
പഞ്ചായത്തുകൾ– 53
താലൂക്ക് – 6 (കോഴഞ്ചേരി, അടൂർ, തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോന്നി)

pathanamthitta-dalawa-memorial
മണ്ണടി വേലുത്തമ്പി ദളവ സ്മാരകം

ജില്ലയിലെ പ്രധാന നദികൾ 

മണിമല, പമ്പ, അച്ചൻകോവിൽ എന്നീ നദികളാൽ സമൃദ്ധമാണ് ജില്ല. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഇവയെല്ലാം ജില്ലയിലൂടെ ഒഴുകി വേമ്പനാട്ട് കായലിലാണെത്തിച്ചേരുന്നത്. സഹ്യപർവ്വതത്തിലെ 228ൽ അധികം കൈവഴികൾ ഒന്നിച്ചു ചേർന്നാണ് പമ്പാനദി ഒഴുകുന്നത്. കക്കിയാർ, ഞുണുങ്ങാർ, അഴുത, കക്കാട്ടാർ എന്നീ ആറുകളും ഇതിൽ  ലയിക്കുന്നു. വേമ്പനാട്ട് കായലിലെത്തുന്നതിനു മുൻപ് അച്ചൻകോവിലാറും മണിമലയാറും ചേരും. ശബരിമലയും ആറന്മുളയും പമ്പയുടെ തീരത്താണ്. പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളിൽ നിന്നു തുടങ്ങി ഇടുക്കി, കോട്ടയം ജില്ലകളിലൂടെ പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച് 

ആലപ്പുഴയിലെ ചിത്തിരപ്പള്ളിയിൽ വച്ചു വേമ്പനാട്ടു കായലിൽ ചേരുന്ന നദിയാണ് മണിമലയാറ്. കോട്ടാങ്ങൽ, വായ്പൂര്, മല്ലപ്പള്ളി, വെണ്ണിക്കുളം, കല്ലൂപ്പാറ, കവിയൂർ, തിരുവല്ല, നീരേറ്റുപുറം എന്നിവ ഇതിന്റെ തീരത്താണ്. കോന്നി, പത്തനംതിട്ട, പന്തളം എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്നത് അച്ചൻകോവിലാറിന്റെ തീരത്താണ്. അച്ചൻകോവിൽ മലനിരകളിലെ ഒട്ടേറെ ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറായി മാറുന്നത്.112 കിലോമീറ്റർ ഒഴുകി വീയപുരത്തു പമ്പാനദിയിലെത്തിച്ചേരുന്നു. കല്ലടയാറും ജില്ലയിലൂടെ  ചെറിയ ദൂരം ഒഴുകുന്നു. 

pathanamthitta-gavi
ഗവി ജലാശയം.

ജില്ലയ്ക്കു വളരാൻ വിവിധ മേഖലകളിൽ ഇനി വേണ്ടത്, വിദഗ്ധർ പറയുന്നു

വ്യവസായം

പി.എച്ച്.കുര്യൻ (വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി, ചെയർമാൻ റെറ) 

മലയോര ഹൈവേ വന്നതോടെ ജില്ലയിലെ കിഴക്കൻ മേഖലയിൽ ചെറുകിട മാനുഫാക്ചറിങ് യൂണിറ്റുകൾക്കു സാധ്യതയുണ്ട്. കൊച്ചി തുറമുഖം, വിമാനത്താവളം എന്നിവടങ്ങളിലേക്കു പെട്ടെന്നു ചരക്ക് എത്തിക്കാൻ കഴിയും. മറ്റു ജില്ലകളെ അപേക്ഷിച്ചു ഭൂമി ലഭ്യത കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ട. ജനസംഖ്യ കുറവായതിനാൽ ഭാവിയിലും ഭൂമി ലഭ്യത കൂടുതലായിരിക്കും. വലിയ വ്യവസായങ്ങൾ വരാത്തതിനു പ്രധാന തടസം ജില്ലയിലെ പ്രധാന സ്ഥലങ്ങളിലേക്കു റെയിൽവേ സൗകര്യം ഇല്ലാത്തതാണ്. ജില്ലയിൽ ഡെയറി ഫാമുകൾക്കു നല്ല സാധ്യതയാണുള്ളത്. അത്തരം ഡെയറികൾ  ചേർന്നു വലിയ കമ്പനിയായി മാറുന്നതോടെ ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കും.

ഗതാഗതം 

സാംസൺ മാത്യു (നാറ്റ്പാക് ഡയറക്ടർ) 

ഗതാഗത രംഗത്തു ജില്ല നേരിടുന്ന പോരായ്മകൾ പരിഹരിക്കാൻ അടിയന്തരമായി അടൂർ, പത്തനംതിട്ട വഴി കടന്നു പോകുന്ന ഭരണിക്കാവ്–മുണ്ടക്കയം (എൻഎച്ച് 183 എ)  നാലു വരിയായി വികസപ്പിക്കണം. ശബരി റെയിൽവേയ്ക്കു വൈകാതെ അനുമതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. എരുമേലിയിൽ നിന്നു റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ വഴി പുനലൂരിലെത്തുന്ന പാത ജില്ലയുടെ വികസനത്തിൽ നിർണായകമാകും. 4 പുതിയ റെയിൽവേ സ്റ്റേഷനുകൾ ജില്ലയ്ക്കു ലഭിക്കും. ഭാവിയിൽ അഞ്ചൽ, പാലോട് വഴി തിരുവനന്തപുരക്കേക്കു നീട്ടാം. ജില്ലാ ആസ്ഥാനത്തു നിന്നു രാത്രികാല ബസ് സർവീസുകൾ നടത്താൻ കെഎസ്ആർടിസി സി തയാറാകണം. ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു ട്രെയിനുകളുടെ സമയത്തിന് അനുസരിച്ചു വേണം ബസ് സർവീസുകൾ വേണം. 

ടൂറിസം 

ഡോ.വി.വേണു (ആഭ്യന്തര സെക്രട്ടറി, മുൻ ടൂറിസം സെക്രട്ടറി) 

ടൂറിസത്തിലെ പുതിയ പ്രവണത പുതിയ ചെറിയ സ്ഥലങ്ങൾ ഉയർന്നു വരുന്നുവെന്നാണ്. സവിശേഷമായി അവതരിപ്പിക്കുന്ന പ്രോപ്പർട്ടികളിലേക്ക് ആളുകൾ എത്തുന്നതാണു കാണുന്നത്. ഇരുപതോ മുപ്പതോ മുറികളുള്ള ബുട്ടീക് റിസോർട്ടുകൾ വരണം. ലോക പരിചയമുള്ള പത്തനംതിട്ടക്കാർ പണം മുടക്കുന്നതു ഇടുക്കിയിലും മൂന്നാറിലുമാണ്. നല്ല ഡിസൈനിൽ ചില പ്രോപ്പർട്ടികളുണ്ടാക്കാൻ നിക്ഷേപകർക്കു കഴിയണം. രണ്ടാമതായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങൾ  മെച്ചപ്പെടണം. 

വിദ്യാഭ്യാസം

മോഹൻ വർഗീസ് ( പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി, തിരുവല്ല മാർത്തോമ്മാ കോളജ് )

രാജ്യത്തുതന്നെ ഏറ്റവുമധികം വിദേശ പണം എത്തുന്ന ജില്ലയാണ് പത്തനംതിട്ട. എന്നാൽ ഈ പണത്തിൽ നിന്ന് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി ചെലവഴിക്കപ്പെടുന്ന തുക വളരെക്കുറവാണ്. ഇതിന് മാറ്റമുണ്ടാകണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽക്കൂടി കൂടുതൽ തലയെടുപ്പുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്ക് കഴിയാത്തതിനാൽതന്നെ കൂടുതൽ കുട്ടികളും മറ്റ് ജില്ലകളിലേക്ക് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് പോകുകയാണ്. 

കാർഷിക മേഖല

ഡോ.സി.പി. റോബര്‍ട്ട് (സീനിയര്‍ സയന്റിസ്റ്റ് ആൻഡ് ഹെഡ്, ഐസിഎആർ, കൃഷി വിജ്ഞാന കേന്ദ്രം, തെള്ളിയൂർ ) 

കാർഷിക വിളകൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. സംസ്കരണ-സംഭരണ സംവിധാനങ്ങൾ ഒരുക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടലുകളുണ്ടാകണം. തദ്ദേശീയമായി  ഉൽ‌പാദിപ്പിക്കുന്ന വിളകളെ ഭൗമസൂചിക അടിസ്ഥാനത്തിൽ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കാൻ കഴിയണം.  ആരോഗ്യകരമായ ഭക്ഷ്യ സംസ്കാരം പ്രചരിപ്പിക്കുന്നതിനായി പോഷക സമ്പുഷ്ടമായ കാർഷിക വിളകളായ എള്ള് ചെറുധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ എന്നിവയുടെ കൃഷിയും മൂല്യ വർദ്ധനവും കുടുംബശ്രീ പോലുള്ള സംഘങ്ങളെ ഉൾപ്പെടുത്തി പ്രോത്സാഹിപ്പിക്കണം. അത്യുല്പാദനശേഷിയുള്ള  കന്നുകളുടെ ലിംഗനിർണ്ണയം നടത്തിയ ബീജം വ്യാപകമായി കർഷകർക്ക് ലഭ്യമാക്കുന്നതിലൂടെ പശു കിടാക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി പാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നത് സാധ്യമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com