ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന്ധ്ര ബസ് മറിഞ്ഞ് 44 പേർക്കു പരുക്ക്
Mail This Article
സീതത്തോട് ∙ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 4 കുട്ടികൾ ഉൾപ്പെടെ 44 പേർക്കു പരുക്ക്. 8 വയസ്സുകാരന്റെ നില ഗുരുതരം. ആന്ധ്ര ഏല്ലൂർ വെസ്റ്റ് ഗോദാവരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ചാലക്കയം – വടശേരിക്കര പാതയിൽ ളാഹ വിളക്ക് വഞ്ചിക്കു സമീപം വളവ് തിരിഞ്ഞുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ഇന്നലെ 8നാണ് അപകടത്തിൽപെട്ടതെതെന്ന് പരുക്കേറ്റവർ പറഞ്ഞു.
പരുക്കേറ്റ 43 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മണികണ്ഠൻ (8), ബന്ദിതാ രാജശേഖരൻ (33), ഗോപു പ്രസാദ് (42), രാജേഷ് തരംഗലു (33), മാറൈഢി തരുൺ സായി (23) മണികണ്ഠൻ (8), രാജശേഖരൻ (32), രാജേഷ് (35), ഗോപി പ്രസാദ് (42), തരുൺ (23) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മണികണ്ഠന്റെ ശ്വാസകോശത്തിനും കരളിനും, വലതുകാൽ മുട്ടിനുമാണു പരുക്കേറ്റിരിക്കുന്നത്. കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ബസ് ഉയർത്താനുള്ള യന്ത്രോപകരണങ്ങൾ എത്താൻ വൈകിയതിനാൽ രക്ഷാപ്രവർത്തനം ഒരു മണിക്കൂറോളം വൈകി.
പൊലീസ്, അഗ്നി രക്ഷാസേനാ എന്നിവയുടെ ക്രെയിനുകൾക്കു പുറമേ പെരുനാട്ടിൽ നിന്ന് മണ്ണുമാന്തിയന്ത്രം കൂടി എത്തിച്ച് ബസ് ഉയർത്തിയ ശേഷമാണ് തീർഥാടകരെ ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചത്. ബസ് ഡ്രൈവർ ആഷിഫ് അലിയെ (30) കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കു നേരെ ജനരോഷം ഭയന്ന് ഇയാളെ ആദ്യം രാജാംപാറ ഫോറസ്റ്റ് സ്റ്റേഷനിലേക്കും തുടർന്ന് വടശേരിക്കര പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. അപകടം നടക്കുന്ന സമയം ഇതു വഴി പമ്പയിലേക്കു പോകുകയായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവാണ് വിവരം ആദ്യം പുറംലോകത്തെ അറിയിക്കുന്നത്.
രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ കെ.മുകേഷ്കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ പരുക്കേറ്റവരെ ഈ സമയം വന്ന ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി കയറ്റി വിട്ടു.ഇതിനോടകം തന്നെ ഇലവുങ്കലിൽ നിന്ന് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പ്ലാപ്പള്ളി, നിലയ്ക്കൽ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന പ്രവർത്തകരും, നിലയ്ക്കൽ പൊലീസ് സ്പെഷൽ ഓഫിസർ എം.ഹേമലതയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും അപകടസ്ഥലത്തെത്തി.
ഒന്നര മണിക്കൂറിനുള്ളിൽ മന്ത്രി വീണാ ജോർജും കലക്ടർ ഡോ.ദിവ്യ എസ്.അയ്യരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മന്ത്രി വി.എൻ.വാസവൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി ജയപ്രകാശ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ആർഎംഒ ലിജോ മാത്യു എന്നിവരുടെ മേൽനോട്ടത്തിൽ പരിശോധന പുരോഗമിക്കുന്നു.