ADVERTISEMENT

കീഴ്‌വായ്പൂര് ∙ ഉദ്ഘാടനം നടത്തി 2 വർഷം പിന്നിട്ടിട്ടും തുറക്കാതെ ഗവൺമെന്റ് ആയുർവേദ ആശുപത്രി കെട്ടിടം.ഏതാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ ആശുപത്രി പ്രവർത്തനം തുടങ്ങാമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥയിൽ കെട്ടിടം അനാഥമായിക്കിടക്കുന്നത്. കെട്ടിടപരിസരത്തു കാട് നിറഞ്ഞു.

കെട്ടിടത്തിന്റെ മേൽക്കൂരയിലും വള്ളിപ്പടർപ്പുകൾ പടർന്നുതുടങ്ങി. ദിവസങ്ങൾ കഴിഞ്ഞാൽ കെട്ടിടം കാണാൻ കഴിയാത്തവിധം വ്യാപിക്കുകയും ചെയ്യും. കെട്ടിടത്തിന്റെ ഭിത്തിയിലെ പെയിന്റിങ്ങും ഇളകിത്തുടങ്ങി.2020 ഓഗസ്റ്റ് 26ന് ഉദ്ഘാടനം നടത്തിയ കെട്ടിടത്തിൽ വൈദ്യുതി ലഭിച്ചില്ലെന്നതായിരുന്നു പ്രവർത്തനം തുടങ്ങാൻ തടസ്സമായിരുന്നതെന്നാണ് അധികൃതർ ആദ്യം പറഞ്ഞിരുന്നത്.വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ട് 7 മാസം പിന്നിട്ടു.

ഒരുകോടിയിലേറെ രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം നോക്കുകുത്തിയാവുകയാണ്. 20 കിടക്കകൾ, പഞ്ചകർമ തിയറ്റർ, തിരുമ്മ്, ഉഴിച്ചിൽ അനുബന്ധ സൗകര്യങ്ങൾ, പരിശോധന മുറി, നഴ്സസ് ഡ്യൂട്ടി മുറി, സ്റ്റോർ, ഫാർമസി, ഡൈനിങ് ഹാൾ, രോഗികൾ ഇരിക്കുന്നതിനുള്ള സ്ഥലം, 12 ശുചിമുറികൾ എന്നിവ ഉൾപ്പെടെ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടമാണിത്. വിവിധ ഘട്ടങ്ങളിലായി 5 നിലകളുള്ള കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിരുന്നു.


1–ാം നിലയിലെ ബാക്കിയുള്ള ഭാഗങ്ങളും പൂർത്തിയാകുമ്പോൾ 30 കിടക്കകളുള്ള ആശുപത്രിയായി മാറുമെന്നും 3 നിലകളുടെ നിർമാണ പ്രവൃത്തികൾക്കു ആയുഷ്‌വകുപ്പിനു വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയുടെ പ്രവർത്തനം പൂർണതോതിലായാൽ മല്ലപ്പള്ളിയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്കു മറ്റിടങ്ങൾ തേടിയലയേണ്ട സ്ഥിതിക്ക് അറുതിയാകുമെന്ന അധികൃതരുടെ പ്രഖ്യാപനവും ജലരേഖയായി തുടരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com