ADVERTISEMENT

കൊറ്റനാട് ∙ പ്രണമലക്കാവ് ഭദ്രകാളി ക്ഷേത്രം മധ്യതിരുവിതാംകൂറിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ പ്രമുഖമാണ്. മുൻപ് ഇടപ്പള്ളി സ്വരൂപത്തിന്റെ അധീനതയിലായിരുന്നു ക്ഷേത്ര ഭരണം. ഇപ്പോൾ കൊറ്റനാട് ദേവീക്ഷേത്ര സംരക്ഷണ സമിതിയാണു ഭരണം നിർവഹിക്കുന്നത്. കൊറ്റനാട്ടമ്മ എന്ന് വിശ്വാസികൾ വിളിച്ചുചൊല്ലുന്ന ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയാണു പ്രധാന പ്രതിഷ്ഠ. ഉപദേവതകളായി ധർമശാസ്താവ്, യക്ഷിയമ്മ, രക്ഷസ്സ്, മലദൈവം, പലേമൂർത്തി, നാഗത്താന്മാർ എന്നിവരുണ്ട്.

കണ്ണാടി ബിംബത്തിലുള്ള പ്രധാന പ്രതിഷ്ഠയോടു ചേർന്നു ശ്രീചക്ര പ്രതിഷ്ഠ,നാലമ്പലത്തിനുള്ളിൽ യക്ഷിയമ്മയ്ക്കു പ്രതിഷ്ഠ എന്നിങ്ങനെയാണ് ഇവിടെയുള്ളത്. നൂറ്റാണ്ടുകളുടെ ചൈതന്യം ആവാഹിക്കുന്ന ക്ഷേത്രത്തിലെ വലിയബലിക്കല്ല്, മലദൈവ പ്രതിഷ്ഠ, അപൂർവ രൂപഭാവത്തിലുള്ള ശാസ്താവിഗ്രഹം, കാവ്, ഒരാലയത്തിനുള്ളിൽ രക്ഷസ്സിന് രണ്ടു പ്രതിഷ്ഠ എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.നെയ് വിളക്ക്, കടുംപായസം എന്നിവയാണു പ്രധാന വഴിപാട്. കടുംപായസം നടത്തി ഭാഗവതിയുടെ തിരുമുൻപിൽ സ്വയം നെയ്‌വിളക്കു തെളിയിച്ചാൽ കാര്യസിദ്ധി സാധ്യമെന്നു പൗരാണിക വിശ്വാസം. ക്ഷേത്രത്തിനു സമീപമുള്ള പലേമൂർത്തി അധിവസിക്കുന്ന കാവ് പ്രണമലക്കാവിന്റ മാത്രം പ്രത്യേകതയാണ്.

∙ആട്ടവിശേഷങ്ങൾ

കുംഭമാസത്തിലെ ഉത്തൃട്ടാതി ഉത്സവമായും മീനമാസത്തിലെ കാർത്തിക പൊങ്കാല ഉത്സവമായും കൊണ്ടാടുന്നതാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. ആയില്യം പൂജ, കാവിൽ ഗുരുതിപൂജ, വിനായക ചതുർഥി, രാമായണ മാസാചാരണം, മണ്ഡലച്ചിറപ്പ് ആചാരങ്ങളും ക്ഷേത്രത്തിൽ അനുഷ്ടിക്കുന്നു. ക്ഷേത്രഭാരവാഹികൾ ഇടപ്പള്ളി സ്വരൂപത്തിലെ അവകാശികളെ ദർശിച്ച് കാണിക്ക അർപ്പിച്ച് ആദരിക്കുകയും ഇപ്പോഴും അനുവർത്തിച്ചുവരുന്നു. വരുന്നു. ഇടപ്പള്ളിയിലെ ഗണപതി ക്ഷേത്രത്തിൽ കൊറ്റനാട്ടമ്മയുടെ നാളിൽ വഴിപാടുകൾ നടന്നുവരുന്നു. പറമ്പൂരില്ലത്തിനാണു ക്ഷേത്ര താന്ത്രിക ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com