തിരുവാഭരണ ഘോഷയാത്രയ്ക്ക് പന്തളം കൊട്ടാരമൊരുങ്ങി
Mail This Article
പന്തളം ∙ മകരസംക്രമസന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പന്തളം കൊട്ടാരവും ദേവസ്വം ബോർഡും ഉപദേശകസമിതിയും ഇതിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി. കുരുത്തോലയും പൂക്കളും കൊണ്ട് കൊട്ടാരവും വലിയ കോയിക്കൽ ക്ഷേത്രവും അലങ്കരിച്ചു.
ആഭരണങ്ങളും പൂജാപാത്രങ്ങളും കൊടിയും ജീവതകളുമടങ്ങുന്ന 3 പെട്ടികളാണ് ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്. തിരുമുഖമടങ്ങുന്ന ആദ്യത്തെ പെട്ടിയാണ് ഇതിൽ പ്രധാനം. അയ്യപ്പനെ യോദ്ധാവായി കാണണമെന്നാഗ്രഹിച്ച പന്തളം രാജാവ് പണികഴിപ്പിച്ച യോദ്ധാവിന്റെ രൂപത്തിലുള്ള തിരുമുഖമാണ് പ്രധാന പേടകത്തിൽ മുഖ്യം. ഇന്ദ്രനീല കല്ലുപതിച്ച, അയ്യപ്പവിഗ്രഹത്തിൽ ചാർത്താൻ പാകത്തിലുള്ള തിരുമുഖത്തിനു തന്നെയാണ് ആഭരണങ്ങളിലും പ്രധാന സ്ഥാനം.
നവരത്‌നമോതിരം, മണിമാല, ശരപ്പൊളിമാല, എരിക്കിൻപൂമാല, ചുരിക, വാൾ, സ്വർണത്തളിക, പ്രഭാമണ്ഡലം, ആന, പുലി, പൂർണ പുഷ്‌കലമാർ എന്നിവ പ്രധാന പേടകത്തിലുണ്ടാകും. ഇതിലുള്ള ചുരികയുമായാണ് രാജപ്രതിനിധി പതിനെട്ടാംപടി കയറി ദർശനം നടത്തുന്നത്.
രണ്ടാമത്തെ പെട്ടിയിൽ കളഭാഭിഷേകത്തിനുള്ള സ്വർണക്കുടമാണുള്ളത്. വെളളി കെട്ടിയ ശംഖ്, പൂജാപാത്രങ്ങൾ എന്നിവയും ഇതിലുണ്ട്. ശബരിമലയിൽ എഴുന്നള്ളിപ്പിനുള്ള ജീവത, നെറ്റിപ്പട്ടം, തലപ്പാറ, ഉടുമ്പാറ മലകളുടെ കൊടികൾ എന്നിവയാണ് മൂന്നാമത്തെ പെട്ടിയിലുള്ളത്.
പുതിയ പല്ലക്കിൽ രാജപ്രതിനിധി
പന്തളം ∙ തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്ന രാജപ്രതിനിധി ഇക്കുറി പുതിയ പല്ലക്കിലേറിയാണ് യാത്ര. കോന്നിയിൽ നിന്നെത്തിച്ച തേക്കുതടിയിൽ നിർമിച്ചതാണ് പല്ലക്ക്. പുറത്ത് കൊത്തുപണികളോടെയാണ് നിർമാണം. പഴയതിനെക്കാൾ ഉയരവും നീളവും കൂടിയിട്ടുണ്ടെങ്കിലും 17 കിലോയോളം ഭാരം കുറഞ്ഞിട്ടുണ്ട്.ശിൽപി തോട്ടക്കോണം സ്വദേശി സുദർശനൻ സോപാനമാണ് പൗരാണിക ശൈലി പൂർണമായും അവലംബിച്ച് പല്ലക്ക് പുനർനിർമിച്ചത്. തിരുവാഭരണ മാളികയുടെ നവീകരണത്തിനൊപ്പമാണ് പല്ലക്കും മോടിയാക്കിയത്. പമ്പയിലെ രാജമണ്ഡപവും ഇതിനൊപ്പം നവീകരിച്ചിരുന്നു.