ഇന്ന് കോട്ടാങ്ങൽ കരയുടെ വലിയ പടയണി
Mail This Article
കോട്ടാങ്ങൽ ∙ ഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവത്തിൽ ഇന്ന് കോട്ടാങ്ങൽ കരയുടെ വലിയ പടയണി. ഇന്നലെ കുളത്തൂർ കരക്കാരുടെ വലിയപടയണി നടന്നു. തിരുമുൻപിൽ വേലയും പടയണി ചടങ്ങുകളും എന്നിവ കരക്കാരുടെ നിറസാന്നിധ്യത്തിൽ കൊണ്ടാടി. തുടർന്ന് ആചാരപരമായി പടയണി കോട്ടാങ്ങൽ കരക്കാർ ഏറ്റെടുത്തു.
ഇന്ന് വൈകിട്ട് മഠത്തിൽ വേല നടക്കും, ദേവി, മഠത്തിൽ എഴുന്നള്ളി വേലകളി കാണുന്നു എന്നതിനാൽ സവിശേഷ പ്രാധാന്യമാണ് ഇതിനുള്ളത്.ശേഷം കിഴക്കേ നടയിൽ തിരുമുൻപിൽ വേല, തിരുമുൻപിൽ പറ എന്നിവ നടക്കും. വലിയ പടയണി നാളുകളിൽ ദേവി തിരുമുഖം അണിഞ്ഞു സർവാഭരണ വിഭൂഷിതയായി ഭക്തർക്കു അനുഗ്രഹമേകുന്നു.
12 മണിയോടെ വലിയ പടയണി ആരംഭിക്കും. പ്രകൃതിദത്തമായ വർണങ്ങൾ ഉപയോഗിച്ച് പച്ചപ്പാളകളിൽ ദേവീ രൂപം എഴുതി തുള്ളുന്ന 101 പാള ഭൈരവിക്കോലം വലിയ പടയണി നാളിൽ എത്തുമ്പോൾ കരക്കാർ ആത്മനിർവൃതിയിൽ ആറാടുന്നു. തുടർന്ന് 64,32,16 പാള ഭൈരവികൾ, യക്ഷി, അരക്കി യക്ഷി, മറുത, കൂട്ട മറുത, പക്ഷി, കാലൻ എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തുന്നു.
പുലയൻ പുറപ്പാട്, അന്തോണി, പരദേശി തുടങ്ങിയ വിനോദങ്ങൾ നിലവിൽ ഉണ്ടായിരുന്ന സാമൂഹികക്രമത്തെയും ആരോഗ്യപരമായി അവതരിപ്പിക്കുന്നു. ബാല പീഡകളിൽ നിന്നുള്ള മോചനത്തിനു പക്ഷി കോലം ഉത്തമം എന്ന് വിശ്വാസം. മാർകണ്ഡേയചരിതമാണ് കാലൻ കോലത്തിന്റെ ഇതിവൃത്തം. മൃത്യു ഭീതിയിൽനിന്നു മോചനം നേടാനാണ് കാലൻ കോലം വഴിപാട്. തുടർന്ന് മംഗള ഭൈരവി കളത്തിൽ എത്തും.
സകല തെറ്റുകളും പൊറുത്ത് അനുഗ്രഹമേകണം എന്ന പ്രാർഥനയോടെ വലിയ പടയണി പര്യവസാനിക്കും.കാലം തോറും പടയണിയെന്നൊരുലീല ദേവി പ്രസാദത്തിനുണ്ടാക്കിഎന്ന പടയണിപ്പാട്ടിലെ വരികൾ പോലെ ദേവിയുടെ പ്രീതി തേടി, സമർപ്പണ ഭാവത്തോടെയാണ് കരക്കാർ പടയണി അവതരിപ്പിച്ചു മടങ്ങുന്നത്. നാളെ ഭരണി നാളിൽ ഇരുകരക്കാരും പുലവൃത്തം തുള്ളി മത്സരപ്പടയണിക്കു ശുഭാന്ത്യം കുറിക്കും.