ADVERTISEMENT

ചെട്ടികുളങ്ങര ∙ ആഹ്ലാദത്തിന്റെ വേലിയേറ്റത്തിനു ഓണാട്ടുകരയിൽ തുടക്കമായി, 13 കരകളും ചെട്ടികുളങ്ങര ദേവീ ക്ഷേത്രാങ്കണവും ആവേശപ്പൂരത്തിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു, കുതിരമൂട്ടിൽ കഞ്ഞിയുടെ രുചിയൂറുന്ന പകലുകളും കുത്തിയോട്ടപ്പാട്ടിന്റെ ഈരടികൾ മുഴങ്ങുന്ന രാവുകളുമാണു നാട്ടിൽ വിസ്മയമൊരുക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ആവേശത്തിലാണ്, കരക്കാരുടെ ഇനിയുള്ള കാത്തിരിപ്പ് കുംഭഭരണി നാളായ 25നു കെട്ടുകാഴ്ചകൾ ഭഗവതിയുടെ തിരുമുറ്റത്ത് എത്തിക്കുന്ന സുവർണ മുഹൂർത്തത്തിനു വേണ്ടിയാണ്. 

ശിവരാത്രി പുണ്യം നിറഞ്ഞ ഇന്നലെ രാവിലെ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.മേനാമ്പള്ളിക്കരയിലെ പറയെടുപ്പു കഴിഞ്ഞു ഭഗവതി ജീവതയിലെത്തുന്നതും കാത്തു ഭക്തരുടെ വലിയ നിരതന്നെയുണ്ടായിരുന്നു. വാദ്യമേളങ്ങൾ മുഴങ്ങിയതോടെ ഭക്തർ കൈകൂപ്പി ദേവീസ്തുതികളോടെ പ്രാർഥനാനിരതരായി. ഭക്തരും കരക്കാരും കുത്തിയോട്ട വഴിപാടു നടത്തുന്ന വീട്ടുകാരും ഒത്തു ചേർന്നപ്പോൾ തിരുനടയിൽ ദേവീസ്തുതികൾ ഉച്ചസ്ഥായിയിലായി. കുത്തിയോട്ട കുട്ടികളുമായെത്തിയവർ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ അർപ്പിച്ചു പ്രാർഥിച്ചു. ദേവീ സന്നിധിയിൽ വച്ചു കുട്ടികൾ ആശാന്മാർക്കു ദക്ഷിണ നൽകി ശിഷ്യത്വം സ്വീകരിച്ചു.

കുത്തിയോട്ടത്തിനു തിരി തെളിഞ്ഞു, ഇനി താനവട്ടങ്ങളുടെ രാവുകൾ

വഴിപാട് വീടുകളിൽ പ്രത്യേക കണക്കുകൾ പ്രകാരം തയാറാക്കിയ മണ്ഡപത്തിൽ ദേവീ വിഗ്രഹത്തിനു മുന്നിൽ സന്ധ്യയോടെ വിളക്കു തെളിച്ചു. ആശാന്മാർ ദക്ഷിണ സ്വീകരിച്ചതോടെ കുത്തിയോട്ട ചടങ്ങുകൾക്കു തുടക്കമായി. ചന്ദനം, ഭസ്മം, കുങ്കുമം, പനിനീർ, സുഗന്ധദ്രവ്യങ്ങൾ എന്നിവ പൂശി തോർത്തുടിപ്പിച്ചു കുട്ടികളെ കുത്തിയോട്ടക്കളത്തിൽ ഉപവിഷ്ഠരാക്കി. മണ്ഡപത്തിൽ ദീപാരാധന നടത്തി ദേവീ മാഹാത്മ്യം ചൊല്ലി കുട്ടികളെ ചുവടുകൾ അഭ്യസിപ്പിച്ചു.

കുത്തിയോട്ടപ്പാട്ടും ചുവടുകളും നാടിനെ താളലയസാന്ദ്രമാക്കി. കുംഭഭരണി നാളിൽ രാവിലെ ക്ഷേത്രത്തിലെത്തി സമർപ്പണം നടത്തുന്നതോടെയാണു കുത്തിയോട്ടത്തിന്റെ ചടങ്ങുകൾ സമാപിക്കുന്നത്. അനുഷ്ഠാനവും ഭക്തിയും ആചാര വിശുദ്ധിയും സമന്വയിക്കുന്ന വഴിപാടാണ് കുത്തിയോട്ടം.

ഒരുമയോടെ കെട്ടുകാഴ്ചഒരുക്കം

കെട്ടുകാഴ്ചകൾ ഒരുക്കുന്നതിനു മുന്നോടിയായി പതിമൂന്നു കരകളിൽ നിന്നുമുള്ള കരനാഥന്മാർ ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തി. ക്ഷേത്രത്തിൽ നിന്നുള്ള തീർഥവുമായി കരയുടെ ആസ്ഥാനത്തെത്തി കെട്ടുകാഴ്ചപ്പുരകളിൽ തളിച്ചു. ശുഭമുഹൂർത്തത്തിൽ കെട്ടുരുപ്പടികൾ പുറത്തെടുത്തു നിർമാണ ജോലികൾ ആചാരപരമായി ആരംഭിച്ചു. കാലപ്പഴക്കം വന്ന തടിയുരുപ്പടികൾ മാറ്റുന്നതിനും പുതിയവ നിർമിക്കുന്നതിനുമായി ചില കരകളിൽ നേരത്തെ നിശ്ചയിച്ച മുഹൂർത്തത്തിൽ നിർമാണം ആരംഭിച്ചിരുന്നു. രാവിലെ തന്നെ ആവേശത്തോടെ കരയിലെ ആബാലവൃദ്ധം ജനങ്ങളും കെട്ടുകാഴ്ചയൊരുക്കുന്ന സ്ഥലങ്ങളിൽ സജീവമായിരുന്നു. 

ആറ് കുതിര, അഞ്ച് തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നീ കെട്ടുകാഴ്ചകളുടെ നിർമാണമാണു 13 കരകളിലായി പുരോഗമിക്കുന്നത്. കുംഭഭരണി നാളിൽ അമ്മയുടെ സന്നിധിയിലെത്തിക്കാൻ കെട്ടുകാഴ്ചകളെ ഒരുക്കുന്നതിനുള്ള കരക്കാരുടെ ഒരുമയുടെ പ്രയത്നമാണു എവിടെയും ദൃശ്യമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com